വല്ലവരുടെയും തന്ത റോള്‍ വേണ്ടെന്നാണ് അവരോട് ഞാന്‍ ഇപ്പോള്‍ പറയാറുള്ളത്: മധു
Entertainment
വല്ലവരുടെയും തന്ത റോള്‍ വേണ്ടെന്നാണ് അവരോട് ഞാന്‍ ഇപ്പോള്‍ പറയാറുള്ളത്: മധു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd June 2025, 7:11 pm

മലയാള സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തിനൊപ്പം സഞ്ചരിച്ച് മലയാളത്തിന്റെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് മധു. മലയാളത്തിലെ ഏറ്റവും സീനിയറായ നടന്‍ കൂടെയാണ് അദ്ദേഹം.

പ്രേം നസീര്‍, സത്യന്‍, ജയന്‍ തുടങ്ങിയ നടന്‍മാര്‍ക്കൊപ്പം എഴുപതുകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും മികച്ച വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ ഈയിടെയായി മധു സിനിമാ അഭിനയം നിര്‍ത്തിയിരുന്നു. ഇനി താന്‍ അഭിനയിക്കില്ലെന്ന് നടന്‍ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. എങ്കിലും ആളുകള്‍ ഇപ്പോഴും കഥയുമായി വരാറുണ്ടെന്ന് പറയുകയാണ് മധു.

തന്നോട് കഥ പറയാന്‍ വരുന്നവരോട് താന്‍ എന്താണ് ഇപ്പോള്‍ മറുപടി പറയാറുള്ളതെന്ന് പറയുകയാണ് നടന്‍. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഇപ്പോഴും കഥകള്‍ കേള്‍ക്കാറുണ്ട്. ആളുകള്‍ കഥകളുമായി എന്നെ കാണാന്‍ വരാറുണ്ട്. ആ സമയത്ത് ഞാന്‍ ഒരൊറ്റ കാര്യമേ അവരോടൊക്കെ പറയാറുള്ളൂ.

‘എന്റെ ഈ രൂപവും ശാരീരിക ബുദ്ധിമുട്ടുകളും പ്രായവും വെച്ചുകൊണ്ടുള്ള ഒരുത്തന്റെ കഥ സിനിമ ആക്കുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കാം. അല്ലാതെ വല്ലവന്റെയും തന്തയായിട്ടുള്ള റോളല്ല വേണ്ടത്’ എന്നാണ് പറയാറുള്ളത് (ചിരി). കുറേ സ്‌ക്രിപ്റ്റുകള്‍ എന്റെ മുന്നില്‍ വരാറുണ്ട്. അതൊക്കെ ഞാന്‍ റിജക്ട് ചെയ്യാറാണ്,’ മധു പറയുന്നു.

താന്‍ ഇനി സിനിമ ചെയ്യുന്നില്ലെന്ന് പറയാന്‍ കാരണങ്ങളുണ്ടെന്നാണ് നടന്‍ അഭിമുഖത്തില്‍ പറയുന്നത്. താന്‍ അവസാനം ചെയ്ത കഥാപാത്രങ്ങളൊക്കെ ഏറെകുറേ സാമ്യമുള്ളതായിരുന്നുവെന്നും അഭിനയമെന്നത് വെറുതെ കാശ് കിട്ടുന്ന ഒന്നായി കണ്ടിട്ട് ചെയ്യുന്ന ആളല്ല താനെന്നും മധു പറഞ്ഞു.

ഒരുപോലെയുള്ള കഥാപാത്രങ്ങള്‍ അടുത്തടുത്തായി ചെയ്യേണ്ടി വന്നപ്പോള്‍ തനിക്ക് അത് വിഷമമായെന്നും അങ്ങനെയാണ് ഇനി സിനിമ ചെയ്യേണ്ട, അഭിനയം നിര്‍ത്തുകയാണ് എന്ന തീരുമാനത്തില്‍ എത്തിയതെന്നും നടന്‍ പറയുന്നു.


Content Highlight: Madhu Talks About Why He Don’t Want Act Anymore