സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മധു. മലയാളത്തിലെ ഏറ്റവും സീനിയറായ നടന്‍ കൂടിയാണ് അദ്ദേഹം. സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തിനൊപ്പം സഞ്ചരിച്ച് മലയാളത്തിന്റെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് മധു.
പ്രേം നസീര്‍, സത്യന്‍, ജയന്‍ തുടങ്ങിയ നടന്‍മാര്‍ക്കൊപ്പം എഴുപതുകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും മികച്ച വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ മലയാള സിനിമയിലെ വയലന്‍സിനെ കുറിച്ച് പറയുകയാണ് മധു. വയലന്‍സ് അധികമാണെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ രാമായണത്തിലും മഹാഭാരതത്തിലുമുള്ള വയലന്‍സിന്റെ അത്രയുമില്ലെന്നും മധു പറയുന്നു. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.
‘മലയാള സിനിമയില്‍ ഇപ്പോള്‍ വയലന്‍സ് അധികമാണെന്ന് തോന്നിയിട്ടുണ്ടോയെന്ന് ചോദിച്ചാല്‍, വയലന്‍സ് അധികമാണ്. എന്തുകൊണ്ടാണ് വയലന്‍സിന് ഇത്രയും അട്രാക്ഷന്‍ എന്ന് വേണമെങ്കില്‍ ചോദിക്കാം.
രാമായണത്തില്‍ വരെ വയലന്‍സുണ്ട്. അത്രയും വയലന്‍സ് ഏതെങ്കിലും പടത്തിലുണ്ടോ? മഹാഭാരതത്തിലും ഇതേ വയലന്‍സുണ്ട്. 2000 അസുരന്മാരെയൊക്കെയാണ് അമ്പ് കൊണ്ട് കൊന്നുകളഞ്ഞത്.
അതിലെ വയലന്‍സ് വെച്ച് നോക്കിയാല്‍ മലയാള സിനിമയിലെ വയലന്‍സ് ഒന്നുമല്ലല്ലോ. അത് കാണിക്കുന്ന രീതിയിലാണ് നമുക്ക് പ്രശ്‌നമാകുന്നത്. പിള്ളേര് കയ്യടിക്കുമായിരിക്കും. പക്ഷെ ബോധമുള്ളവര്‍ക്ക് സഹിക്കാന്‍ ആവില്ല,’ മധു പറയുന്നു.
ഇപ്പോഴത്തെ മലയാള സിനിമകള്‍ കാണാറുണ്ടോ എന്ന ചോദ്യത്തിനും നടന്‍ അഭിമുഖത്തില്‍ മറുപടി നല്‍കി. ഒ.ടി.ടിയില്‍ വരുന്ന സിനിമകളൊക്കെ താന്‍ ഓടിച്ച് നോക്കാറുണ്ടെന്നും എന്നാല്‍ സഹിക്കാവുന്നത് ആണെങ്കില്‍ മാത്രമേ താന്‍ കാണാറുള്ളൂവെന്നും മധു പറഞ്ഞു.
‘ഇപ്പോഴത്തെ സിനിമകള്‍ ഞാന്‍ കാണാറുണ്ട്. ഒ.ടി.ടിയില്‍ വരുന്ന സിനിമകളൊക്കെ ഞാന്‍ ഓടിച്ച് നോക്കാറുണ്ട്. ഒരു പത്തോ പതിനഞ്ചോ മിനിട്ട് കണ്ടിട്ടും സഹിക്കാന്‍ വയ്യാതെ ആണെങ്കില്‍ അത് കാണുന്നത് നിര്‍ത്തും. ഒരുമാതിരി സഹിക്കാവുന്നത് ആണെങ്കില്‍ മാത്രമേ ഞാന്‍ കാണാറുള്ളൂ,’ മധു പറയുന്നു.
Content Highlight: Madhu Talks About Violence In Malayalam Cinema