താരമെന്ന വിശേഷണത്തിന് യോജിക്കുന്ന കലാകാരന്‍; ആ നടന്‍ സിനിമാ ലോകത്തെ തലമുറകളുടെ താരം: മധു
Entertainment
താരമെന്ന വിശേഷണത്തിന് യോജിക്കുന്ന കലാകാരന്‍; ആ നടന്‍ സിനിമാ ലോകത്തെ തലമുറകളുടെ താരം: മധു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st June 2025, 8:03 am

മലയാളത്തിലെ ഏറ്റവും സീനിയറായ നടനാണ് മധു. സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തിനൊപ്പം സഞ്ചരിച്ച് മലയാളത്തിന്റെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം.

പ്രേം നസീര്‍, സത്യന്‍, ജയന്‍ തുടങ്ങിയ അതുല്യ നടന്‍മാര്‍ക്കൊപ്പം എഴുപതുകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം ഇപ്പോഴുള്ള മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ നടന്‍ പ്രേം നസീറിനെ കുറിച്ച് പറയുകയാണ് മധു. താരം എന്ന വിശേഷണത്തിന് എല്ലാ അര്‍ഥത്തിലും യോജിക്കുന്ന കലാകാരനായിരുന്നു നസീറെന്നും സിനിമാ ലോകത്ത് തലമുറകളുടെ താരമായിരുന്നു അദ്ദേഹമെന്നും മധു പറയുന്നു.

നടന് വേണ്ടതെല്ലാം ഉണ്ടായിട്ടും ആരാധകര്‍ തന്നില്‍ നിന്ന് എന്താണോ പ്രതീക്ഷിച്ചിരുന്നത് അത് നൂറ് ശതമാനവും നല്‍കാനാണ് നസീര്‍ ശ്രമിച്ചതെന്നും സിനിമാ ഇന്‍ഡസ്ട്രിയെ ഇത്രമേല്‍ സ്‌നേഹിച്ച മറ്റൊരു ആര്‍ട്ടിസ്റ്റിനെ കണ്ടെത്തുക പ്രയാസകരമാണെന്നും മധു കൂട്ടിച്ചേര്‍ത്തു.

‘സിനിമയെ സംബന്ധിച്ചിടത്തോളം താരം എന്ന വിശേഷണത്തിന് എല്ലാ അര്‍ഥത്തിലും യോജിക്കുന്ന കലാകാരനായിരുന്നു നസീര്‍. താരങ്ങള്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സിനിമാ ലോകത്ത് തലമുറകളുടെ താരമായിരുന്നു പ്രേം നസീര്‍.

മരണം വരെ താരമായി നിലകൊള്ളാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഒരുപക്ഷേ നടനുവേണ്ടതെല്ലാം നസീറിലുണ്ടായിരുന്നെങ്കിലും, ആരാധകര്‍ തന്നില്‍ നിന്ന് എന്താണോ പ്രതീക്ഷിച്ചിരുന്നത് അത് നൂറ് ശതമാനവും നല്‍കാനാണ് നസീര്‍ ശ്രമിച്ചത്.

സിനിമാ ഇന്‍ഡസ്ട്രിയെ ഇത്രമേല്‍ സ്‌നേഹിച്ച മറ്റൊരു ആര്‍ട്ടിസ്റ്റിനെ കണ്ടെത്തുകയും പ്രയാസകരമാണ്. ഭാവസാന്ദ്രമായ ഒരു ഗാനം പോലെയാണ് പലപ്പോഴും പ്രേം നസീര്‍ എന്നിലേക്ക് ഒഴുകി വരാറുള്ളത്.

നസീറിനെ ഓര്‍ക്കാതെ ഒരു ദിവസം പോലും എന്റെ ജീവിതത്തില്‍ കടന്നുപോകാറില്ല. അദ്ദേഹം പാടി അഭിനയിച്ച ദൃശ്യങ്ങള്‍ കാണാതെ ടി.വി ചാനലുകളിലൂടെ കടന്നുപോകാന്‍ മലയാളികള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല,’ മധു പറയുന്നു.

Content Highlight: Madhu Talks About Prem Nazir