മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സീനിയര്‍ നടന്മാരില്‍ ഒരാളാണ് മധു. പ്രേം നസീര്‍, സത്യന്‍, ജയന്‍ തുടങ്ങിയ അതുല്യ നടന്‍മാര്‍ക്കൊപ്പം എഴുപതുകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം ഇപ്പോഴുള്ള മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ പ്രേം നസീറിനെ കുറിച്ച് പറയുകയാണ് മധു. അഭിനേതാവെന്ന നിലയില്‍ തന്റെ കഴിവുകള്‍ വേണ്ടവിധം പ്രകടിപ്പിക്കാന്‍ കഴിയാതെ പോയ നടനാണ് പ്രേം നസീറെന്നാണ് അദ്ദേഹം പറയുന്നത്.
തന്റെ ഇമേജിനെ ബ്രേക്ക് ചെയ്യാന്‍ നസീര്‍ ശ്രമിച്ചില്ലെന്നും അങ്ങനെയൊരു ശ്രമം അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിരുന്നുവെങ്കില്‍ നസീറിന്റെ മികച്ച ഒട്ടനവധി കഥാപാത്രങ്ങള്‍ മലയാളത്തിന് ലഭിക്കുമായിരുന്നെന്നും മധു കൂട്ടിച്ചേര്‍ത്തു.
‘അഭിനേതാവ് എന്ന നിലയില്‍ തന്റെ കഴിവുകള്‍ വേണ്ടവിധം പ്രകടിപ്പിക്കാന്‍ കഴിയാതെ പോയ നടനാണ് പ്രേം നസീര്‍. അത് പൂര്‍ണമായും പ്രേം നസീറിന്റെ കുറ്റമല്ല. ഒരിക്കലും തന്റെ ഇമേജിനെ ബ്രേക്ക് ചെയ്യാന്‍ നസീര്‍ ശ്രമിച്ചില്ല.
അങ്ങനെയൊരു ശ്രമം അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിരുന്നുവെങ്കില്‍ നസീറിന്റെ മികച്ച ഒട്ടനവധി കഥാപാത്രങ്ങള്‍ മലയാളത്തിന് ലഭിക്കുമായിരുന്നു. എന്തുകൊണ്ട് നസീര്‍ ഇമേജ് ബ്രേക്ക് ചെയ്തില്ലെന്ന് ചോദിച്ചാല്‍ സ്റ്റണ്ടും പാട്ടുമൊക്കെയായി തിരശീല നിറയാനാണ് നസീര്‍ ഇഷ്ടപ്പെട്ടത്.
പ്രേക്ഷകര്‍ അദ്ദേഹത്തില്‍ നിന്ന് ആഗ്രഹിച്ചത് എന്തായിരുന്നോ അത് നിറവേറ്റുകയായിരുന്നു നസീര്‍. ഇടയ്‌ക്കെപ്പോഴോ നെഗറ്റിവ് ടച്ചുള്ള കഥാപാത്രങ്ങളെ നസീര്‍ അവതരിപ്പിച്ചപ്പോള്‍ അതുള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്കുമായില്ല.
ഉദയം പടിഞ്ഞാറ് എന്ന സിനിമയിലൂടെ നസീറിനെ സംവിധാനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. അപാരസിദ്ധികളുള്ള ഒരു നടന്‍ പ്രേം നസീറിലുണ്ടായിരുന്നു. അത് കണ്ടെത്താന്‍ ചുരുക്കംപേര്‍ മാത്രമേ ശ്രമിച്ചുള്ളൂ.
അപൂര്‍വമായി ലഭിച്ച അഭിനയ സാധ്യതയുള്ള വ്യത്യസ്ത കഥാപാത്രങ്ങളില്‍ പ്രേം നസീറിന്റെ മാനറിസങ്ങളൊന്നുമില്ലാതെ തന്നെ അദ്ദേഹം അഭിനയിച്ചു. ഇരുട്ടിന്റെ ആത്മാവും പടയോട്ടവും കണ്ടവര്‍ക്ക് പ്രേം നസീറിനെ കാണാനാവില്ല. വേലായുധനും ആറേക്കാട്ട് തമ്പാനും മാത്രമേ അവിടെയുള്ളൂ,’ മധു പറയുന്നു.
Content Highlight: Madhu Talks About Prem Nazeer’s Image In Malayalam Cinema