തനിക്ക് മലയാളത്തില്‍ ഒരുവിധം എല്ലാ നല്ല എഴുത്തുകാരുടെയും സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് നടന്‍ മധു. അന്ന് നിരാശ കാമുകന്‍ റോളുകള്‍ മാത്രം ചെയ്തു കൊണ്ടിരുന്നപ്പോള്‍ അതില്‍ വിഷമം തോന്നിയിരുന്നുവെന്നും അതുകൊണ്ടാണ് താന്‍ ആദ്യമായി സംവിധാനം ചെയ്ത പ്രിയ എന്ന സിനിമയില്‍ ഏറ്റവും ക്രൂരനായ കഥാപാത്രമായതെന്നും അദ്ദേഹം പറഞ്ഞു.
അതോടെ തന്റെ ഇമേജ് ബ്രേക്കായെന്നും എല്ലാവരും ഇമേജ് ബ്രേക്ക് ചെയ്യുന്നത് മോശമാണെന്ന് കരുതുന്ന സമയമായിരുന്നു അതെന്നും മധു പറയുന്നു. ആ സമയത്താണ് പലരും നോവലുകള്‍ സിനിമയാക്കാന്‍ തുടങ്ങിയതെന്നും അതില്‍ മിക്കവരും തന്നെ നായകന്‍ ആക്കുകയായിരുന്നുവെന്നും മധു കൂട്ടിച്ചേര്‍ത്തു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരുവിധം നല്ല എഴുത്തുകാരുടെ സിനിമകളിലൊക്കെ വര്‍ക്ക് ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നു. ആ ഭാഗ്യം ഉണ്ടാക്കിയെടുക്കാന്‍ വേണ്ടി അല്ലെങ്കിലും അത് വന്നു ചാടാന്‍ കാരണം ഞാന്‍ തന്നെയാണ്.
ഒരുമാതിരി നിരാശ കാമുകന്‍ റോളുകള്‍ അഭിനയിച്ചു കൊണ്ടിരുന്ന കാലത്ത് നടന്‍ എന്ന നിലയില്‍ എനിക്ക് വിഷമം തോന്നിയിരുന്നു. അതുകൊണ്ടാണ് ഞാന്‍ തന്നെ ആദ്യമായി സംവിധാനം ചെയ്ത സിനിമയില്‍ ഏറ്റവും ക്രൂരനായ കഥാപാത്രമായത്.
അയാളെ ഒരിക്കലും വില്ലനെന്ന് പറയാന്‍ ആവില്ലായിരുന്നു. ഒരു മോശമായ വ്യക്തിയായിരുന്നു അയാള്‍. എന്റെ പ്രിയ എന്ന സിനിമയിലായിരുന്നു അത് ചെയ്തത്. ആ സിനിമ വന്നതോടെ എന്റെ ഇമേജ് തന്നെ ബ്രേക്കായി.
അന്നൊക്കെ എല്ലാവരും കരുതിയത് ഇമേജ് ബ്രേക്ക് ചെയ്യുന്നത് മോശമാണ് എന്നായിരുന്നു. പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. അതൊക്കെ കഴിഞ്ഞിട്ടാണ് നോവലുകള്‍ എടുത്ത് സിനിമയാക്കാന്‍ തുടങ്ങുന്നത്.
നോവലുകളിലെ ഒരു ഹീറോയും ശ്രീരാമനല്ല. ആരും സിനിമാ ഹീറോസ് ആയിരുന്നില്ല. എല്ലാത്തരം വീക്ക്‌നെസുമുള്ള മനുഷ്യനാണ് നോവലുകളില്‍ നായകന്മാര്‍. അതോടെ ആ കഥാപാത്രങ്ങളൊക്കെ എന്റെ അടുത്തേക്ക് വരികയായിരുന്നു,’ മധു പറയുന്നു.
Content Highlight: Madhu Talks About How He Was Breaks His Image In Cinema