ആ രണ്ട് നടന്മാരോട് എനിക്ക് വലിയ ആരാധനയാണ്: മധു
Entertainment
ആ രണ്ട് നടന്മാരോട് എനിക്ക് വലിയ ആരാധനയാണ്: മധു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th February 2025, 1:37 pm

ഹിന്ദി സിനിമയോടുള്ള തന്റെ താത്പര്യത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ മധു. ഹിന്ദി സിനിമകളോട് കുട്ടിക്കാലത്തെ താത്‌പര്യമുണ്ടായിരുന്നുവെന്നും നടന്മാരായ രാജ്‌കുമാറിനോടും ദീലിപ് കുമാറിനോടും വലിയ ആരാധനയായിരുന്നുവെന്നും മധു പറയുന്നു.

തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന രാമു കാര്യാട്ട് തന്നെയാണ് തനിടെ ആദ്യ ഹിന്ദി സിനിമയ്ക്കും അവസരമൊരുക്കിയതെന്ന് മധു പറഞ്ഞു. സാത്ത് ഹിന്ദുസ്ഥാനിയായിരുന്നു ആ ചിത്രമെന്നും ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങൾ പ്രതിനിധീകരിക്കുന്ന ഏഴ് ചെറുപ്പക്കാരായ കമാൻഡോകളുടെ കഥയാണ് സാത്ത് ഹിന്ദുസ്ഥാനി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എന്റെ അഭിനയ ജീവിതത്തിൽ ഒരുപാട് സൗഭാഗ്യങ്ങളുണ്ടായിട്ടുണ്ട്. അതിൽ അപൂർവഭാഗ്യങ്ങളായി ചിലത് എന്നും ഓർമിക്കാറുണ്ട്. അതിലൊന്നായിരുന്നു ബോളിവുഡിലേക്കുള്ള പ്രവേശനം. ഹിന്ദി സിനിമകളോട് കുട്ടിക്കാലത്തേ താത്‌പര്യമുണ്ടായിരുന്നു. രാജ്‌കുമാറിനോടും ദീലിപ് കുമാറിനോടും വലിയ ആരാധനയായിരുന്നു.

എന്നെ സിനിമയിലേക്ക് കൊണ്ടുവന്ന രാമു കാര്യാട്ടായിരുന്നു ഹിന്ദിയിലേക്കുള്ള പ്രവേശനത്തിനും അവസരമൊരുക്കിയത്. നോവലിസ്റ്റും പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായിരുന്ന കെ.എ. അബ്ബാസിനെ പരിചയപ്പെടുത്തിത്തന്നത് രാമുകാര്യാട്ടാണ്. അതിലൂടെ ‘സാത്ത് ഹിന്ദുസ്ഥാനി’ യിൽ അഭിനയിക്കുന്നതിന് വേണ്ടിയുള്ള ഒരു വാതിൽ കാര്യാട്ട് തുറന്ന് വെക്കുകയായിരുന്നു.

ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങൾ പ്രതിനിധീകരിക്കുന്ന ഏഴ് ചെറുപ്പക്കാരായ കമാൻഡോകളുടെ കഥയാണ് സാത്ത് ഹിന്ദുസ്ഥാനി. ഗോവൻ വിമോചനവുമായി ബന്ധപ്പെട്ട് അബ്ബാസ് ഒരുക്കിയ ഈ കലാസൃഷ്ടിയിൽ ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിനേതാക്കളെയാണ് തെരഞ്ഞെടുത്തത്.

മലയാളത്തിൽ നിന്ന് ആരെ അഭിനയിപ്പിക്കണം എന്ന കാര്യം അബ്ബാസ് ആദ്യം ചോദിച്ചത് കാര്യാട്ടിനോടായിരുന്നു.
‘മധുവിനെ വിളിച്ചാൽ മതി, ഹിന്ദിയും നന്നായി അറിയാം’ എന്ന കാര്യാട്ടിൻ്റെ മറുപടി അബ്ബാസിൽ വലിയ താത്പര്യമുണ്ടാക്കി.

ചെമ്മീൻ അതിന് മുമ്പേ അബ്ബാസ് കണ്ടിരുന്നു. അതിലെ എന്റെ അഭിനയത്തെക്കുറിച്ച് അദ്ദേഹത്തിന് വലിയ മതിപ്പായിരുന്നു.

സുബോധ് സന്യാൽ എന്ന ബംഗാളിയുടെ വേഷമായിരുന്നു എനിക്ക്. പിന്നെ നാടകത്തിലും സിനിമയിലും നിരവധി കരുത്തുറ്റ കഥാപാത്രങ്ങളെ പകർന്നാടിയ ഉത്പൽ ദത്ത്, എ.കെ. ഹംഗൽ, ജലാൽ ആഗ, അൻവർ അലി, മധു ഗർ എന്നിവർക്ക് പുറമെ അമിതാഭ് ബച്ചനും ഷഹനാസും സാത്ത് ഹിന്ദുസ്ഥാനിയിൽ പ്രധാനവേഷങ്ങളിൽ അണിനിരന്നു. ആ സിനിമ വലിയൊരനുഭവമാണ് സമ്മാനിച്ചത്,’ മധു പറയുന്നു.

Content Highlight: Madhu talks about his first hindi film Saat Hindustani