അന്ന് സൂപ്പര്‍സ്റ്റാറും മെഗാസ്റ്റാറും ഫാന്‍സ് അസോസിയേഷനും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല: മധു
Entertainment
അന്ന് സൂപ്പര്‍സ്റ്റാറും മെഗാസ്റ്റാറും ഫാന്‍സ് അസോസിയേഷനും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല: മധു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd June 2025, 2:53 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സീനിയര്‍ നടന്മാരില്‍ ഒരാളാണ് മധു. പ്രേം നസീര്‍, സത്യന്‍, ജയന്‍ തുടങ്ങിയ അതുല്യ നടന്‍മാര്‍ക്കൊപ്പം എഴുപതുകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം ഇപ്പോഴുള്ള മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.

പ്രേം നസീറും താനും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളെ കുറിച്ച് പറയുകയാണ് മധു. നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന സിനിമക്ക് ശേഷം തങ്ങള്‍ ഒരുമിച്ച് ഇരുന്നൂറില്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചുവെന്നാണ് നടന്‍ പറയുന്നത്.

കുറച്ച് സീനുകളില്‍ വന്നുപോകുന്ന കഥാപാത്രങ്ങളായാലും ആര്‍ക്കും പരാതിയില്ലായിരുന്നെന്നും സൂപ്പര്‍സ്റ്റാറും മെഗാസ്റ്റാറും ഫാന്‍സ് അസോസിയേഷനും തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ലെന്നും മധു പറയുന്നു.

നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന സിനിമക്ക് ശേഷം ഞാനും പ്രേം നസീറും ഇരുന്നൂറില്‍പരം ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചു. ഏറെ പടങ്ങളിലും നായകന്‍ നസീറായിരുന്നു. ചില സിനിമകളില്‍ തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ കിട്ടി. മറ്റു ചിലപ്പോള്‍ സഹതാരങ്ങളായി.

ഒന്നോ രണ്ടോ സീനുകളില്‍ വന്നു പോകുന്ന കഥാപാത്രങ്ങളായാലും ആര്‍ക്കും പരാതിയില്ലായിരുന്നു. സൂപ്പര്‍സ്റ്റാറും മെഗാസ്റ്റാറും ഫാന്‍സ് അസോസിയേഷനും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.

നീയോ ഞാനോ വലിയവന്‍ എന്ന തരത്തിലുള്ള മത്സരബുദ്ധി ഒട്ടുമില്ലായിരുന്നു. ഞങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഒരു മുറിയില്‍ ഉറങ്ങി. സിനിമയുടെ നിര്‍മാതാവിന്റെ, സംവിധാ യകന്റെ, സഹപ്രവര്‍ത്തകരുടെ എല്ലാ പരിമിതികളും ഞങ്ങള്‍ മനസിലാക്കി.

ഒരു നിര്‍മാതാവിന്റെ പടം പൊട്ടിയാല്‍ ഉടനെ നസീര്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അടുത്ത പടത്തിന് ഡേറ്റ് നല്‍കും. കഴിയാവുന്ന സാമ്പത്തിക സഹായവും ചെയ്യും. ഇങ്ങനെ എത്രപേരെ നമുക്ക് സിനിമാരംഗത്ത് കാണാനാവും,’ മധു പറഞ്ഞു.

Content Highlight: Madhu Talks About His Films With Prem Nazir