മലയാള സിനിമയില്‍ കാലങ്ങളായി നിറഞ്ഞു നില്‍ക്കുന്ന നടനാണ് മധു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍ സിനിമയിലുണ്ടായ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ് മികച്ച സിനിമകളുടെ ഭാഗമായി മാറാന്‍ അദ്ദേഹത്തിന് എന്നും സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷയിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. തന്റെ കൂടെ അഭിനയിച്ച നടിമാരെക്കുറിച്ച് സംസാരിക്കുകയാണ് മധു.
കൂടെ അഭിനയിച്ച നടിമാരില്‍ മികച്ചത് ആരാണെന്ന് ചോദിക്കാറുണ്ടെന്നും എന്നാല്‍ അതിന് ഒരു ഉത്തരം കണ്ടുപിടിക്കാന്‍ പ്രയാസമാണെന്നും മധു പറഞ്ഞു. ഷീല, ശാരദ, ജയഭാരതി, ശ്രീവിദ്യ തുടങ്ങിയ നടിമാരോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും ഓരോരുത്തരും വെവ്വേറെ തരത്തിലുള്ള അഭിനയശൈലി പിന്തുടരുന്നവരാണെന്നും മധു കൂട്ടിച്ചേര്‍ത്തു.
അതില്‍ പ്രത്യേകം എടുത്തുപറയേണ്ട നടിയാണ് ശ്രീവിദ്യയെന്ന് മധു പറഞ്ഞു. ശ്രീവിദ്യയുടെ നായകനായി താന്‍ അഭിനയിച്ചത് തന്റെ മധ്യവയസുമുതലാണെന്ന് മധു കൂട്ടിച്ചേര്‍ത്തു. വളരെ മികച്ച അഭിനേത്രിയാണ് ശ്രീവിദ്യയെന്ന് മധു പറഞ്ഞു. അഭിനയത്തിന് പുറമെ പാടാനും നല്ല കഴിവ് ശ്രീവിദ്യക്കുണ്ടെന്നും ഒരുപാട് ഭാഷകളില്‍ നല്ല അറിവുണ്ടെന്നും മധു കൂട്ടിച്ചേര്‍ത്തു.
ശ്രീവിദ്യയുടെ സമകാലീനരായ പല നടിമാര്‍ക്കും മറ്റുള്ളവരാണ് ഡബ്ബ് ചെയ്തതെന്നും അവര്‍ക്കൊന്നും മലയാളം കൃത്യമായി സംസാരിക്കാന്‍ അറിയില്ലെന്നും മധു പറഞ്ഞു. എന്നാല്‍ മലയാളമായാലും തമിഴായാലും വേറെ ഏത് ഭാഷയായാലും സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്ത നടിയാണ് ശ്രീവിദ്യയെന്ന് മധു കൂട്ടിച്ചേര്‍ത്തു. ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്നയാളാണ് ശ്രീവിദ്യയെന്നും നല്ല അറിവുള്ള ആളായിരുന്നെന്നും മധു പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു മധു.
‘എന്നോട് പലരും ചോദിക്കാറുള്ള ചോദ്യമാണ് കൂടെ അഭിനയിച്ച നടിമാരില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ളത്. അന്നത്തെ പല നടിമാരുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. അതില്‍ നിന്ന് ഒരാളെ മാത്രം എടുത്തുപറയുക എന്നത് കുറച്ച് പ്രയാസമാണ്. ഷീല, ശാരദ, ജയഭാരതി, ശ്രീവിദ്യ ഇവരില്‍ ആരാണ് മികച്ചതെന്നാണ് ചോദ്യം ചോദിച്ചവര്‍ക്ക് അറിയേണ്ടത്.
ഓരോരുത്തരുടെയും ആക്ടിങ് രീതി വ്യത്യസ്തമാണ്. ഷീലയുടേത് പോലെയല്ല ശാരദയുടേത്. ശാരദയുടെ അഭിനയശൈലിയല്ല ജയഭാരതിക്ക്. ശ്രീവിദ്യയാണെങ്കില്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചത് എന്റെ മധ്യവയസ്സിലാണ്. അത്തരം വേഷങ്ങളാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത്. വളരെ നല്ല നടിയാണ് അവര്‍. അഭിനയത്തിന് പുറമെ പാടാനും നല്ല കഴിവുള്ള ആളാണ് അവര്‍. മലയാളത്തില്‍ മാത്രമല്ല വേറെയും ഭാഷകളില്‍ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.
ആ ഭാഷകളിലെല്ലാം ശ്രീവിദ്യ തന്നെയാണ് ഡബ്ബ് ചെയ്തിട്ടുള്ളത്. അവരുടെ സമകാലീനരായിട്ടുള്ള പല നടിമാര്‍ക്കും നേരെ ചൊവ്വേ മലയാളം പോലും അറിയില്ലായിരുന്നു. അങ്ങനെയുള്ളപ്പോഴാണ് ശ്രീവിദ്യ മലയാളമായാലും തമിഴായാലും സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തത്. ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്ന ആളായിരുന്നു അവര്‍. പല കാര്യത്തിലും നല്ല അറിവുണ്ട്.’ മധു പറയുന്നു.
Content Highlight: Madhu shares the memories about Sreevidya