ആ നടന്റെ നോട്ടം പോലും ഒരു കാമുകന്റേത്; അത്രയും സുന്ദരനായ ഒരു ആര്‍ട്ടിസ്റ്റിനെ ഞാന്‍ വേറെ കണ്ടിട്ടില്ല: മധു
Entertainment
ആ നടന്റെ നോട്ടം പോലും ഒരു കാമുകന്റേത്; അത്രയും സുന്ദരനായ ഒരു ആര്‍ട്ടിസ്റ്റിനെ ഞാന്‍ വേറെ കണ്ടിട്ടില്ല: മധു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd June 2025, 7:03 am

സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തിനൊപ്പം സഞ്ചരിച്ച് മലയാളത്തിന്റെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് മധു. മലയാളത്തിലെ ഏറ്റവും സീനിയറായ നടനാണ് അദ്ദേഹം.

മലയാള സിനിമയുടെ അതുല്യ നടന്‍മാരായ പ്രേം നസീര്‍, സത്യന്‍, ജയന്‍ തുടങ്ങിയവരുടെ കൂടെ എഴുപതുകളില്‍ നിറഞ്ഞു നിന്ന മധു ഇപ്പോഴുള്ള മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പ്രേം നസീറിനെ കുറിച്ച് പറയുകയാണ് മധു. നസീറിനെ പോലെ പ്രണയരംഗങ്ങള്‍ മനോഹരമായി ചെയ്യാന്‍ മറ്റൊരാള്‍ക്കും കഴിഞ്ഞിട്ടില്ലെന്നാണ് നടന്‍ പറയുന്നത്. അദ്ദേഹത്തിന്റെ ചിരി അത്രമാത്രം റൊമാന്റിക്കാണെന്നും ആ നോട്ടം പോലും ഒരു കാമുകന്റേതായിരുന്നുവെന്നും മധു പറയുന്നു.

‘പ്രണയരംഗങ്ങള്‍ അദ്ദേഹത്തെ പോലെ മനോഹരമായി പകര്‍ന്നാടാന്‍ മറ്റൊരാള്‍ക്കും കഴിഞ്ഞിട്ടില്ല. ആ ചിരി അത്രമാത്രം റൊമാന്റിക്കാണ്. ആ നോട്ടം പോലും ഒരു കാമുകന്റേതായിരുന്നു. അത്രയും സുന്ദരനായ ഒരു ആര്‍ട്ടിസ്റ്റിനെ ഞാന്‍ വേറെ കണ്ടിട്ടുമില്ല. ശരിക്കും രസരാജനായിരുന്നു നസീര്‍,’ മധു പറഞ്ഞു.

പ്രേം നസീര്‍ ചിന്തിച്ചതും സഞ്ചരിച്ചതും സാധാരണ പ്രേക്ഷകര്‍ക്കൊപ്പമായിരുന്നെന്നും തന്നെ ആശ്രയിച്ച് സിനിമയില്‍ ഒരുപാട് ആളുകള്‍ ജോലി ചെയ്യുന്നുണ്ടെന്നും അവരിലൂടെ ഒട്ടേറെ കുടുംബങ്ങള്‍ ജീവിച്ചു പോകുന്നുണ്ടെന്നും മറ്റാരേക്കാളും അദ്ദേഹം മനസിലാക്കിയിരുന്നെന്നും മധു അഭിമുഖത്തില്‍ പറയുന്നു.

‘പ്രേം നസീറിലെ നടന്‍ ചിന്തിച്ചതും സഞ്ചരിച്ചതും സാധാരണ പ്രേക്ഷകര്‍ക്കൊപ്പമായിരുന്നു. ആവര്‍ത്തനവിരസമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വന്നപ്പോഴും നസീറിന് അതൊരു പ്രശ്‌നമായിരുന്നില്ല.

കാരണം തന്നെ ആശ്രയിച്ച് ഫിലിം ഇന്‍ഡസ്ട്രിയിലെ ഒരുപാടുപേര്‍ ജോലി ചെയ്യുന്നുണ്ടെന്നും അവരിലൂടെ ഒട്ടേറെ കുടുംബങ്ങള്‍ ജീവിച്ചു പോകുന്നുണ്ടെന്നും മറ്റാരേക്കാളും മനസിലാക്കിയ കലാകാരനായിരുന്നു നസീര്‍,’ മധു പറയുന്നു.

Content Highlight: Madhu Says He Never Seen Such A Handsome Artist Like Prem Nazir