മലയാള സിനിമയിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന നടനാണ് മധു. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ സിനിമയിലുണ്ടായ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ് മികച്ച സിനിമകളുടെ ഭാഗമായി മാറാൻ അദ്ദേഹത്തിന് എന്നും സാധിച്ചിട്ടുണ്ട്. വിവിധ ഭാഷകളിൽ മിച്ച അഭിനേതാക്കളോടൊപ്പം അഭിനയിച്ച അദ്ദേഹം നടൻ രജനികാന്തിനെ കുറിച്ച് സംസാരിക്കുകയാണ്.
സിനിമയിലെ ഗ്ലാമർ പരിവേഷം ഒരിക്കലും വ്യക്തിജീവിതത്തിലേക്ക് കൊണ്ടുവരാത്ത നടനാണ് രജിനികാന്തെന്ന് മധു പറയുന്നു. യഥാർത്ഥ ജീവിതത്തിൽ എന്താണോ അതുപോലെ തന്നെ റിയൽ ലൈഫിൽ ജീവിക്കുന്ന രജിനികാന്തിന്റെ ജീവിതം എന്നും വിസ്മയമാണെന്നും ശരീരഭാഷയ്ക്കും ഡയലോഗ് ഡെലിവറിക്കുമപ്പുറം എന്തോ ഒരാകർഷണ ശക്തി രജിനിയിൽ ഉണ്ടെന്നും മധു കൂട്ടിച്ചേർത്തു. ധർമദുരൈ എന്ന സിനിമയിൽ രജിനികാന്തിനൊപ്പം മധു അഭിനയിച്ചിട്ടുണ്ട്.
‘അൻപതുവർഷത്തോടടുക്കുന്ന രജിനികാന്തിന്റെ സിനിമാജീവിതം വിസ്മയിപ്പിക്കുന്നതാണ്. നടൻ എന്ന രജിനികാന്തും മനുഷ്യൻ എന്ന നിലയിലുള്ള രജിനികാന്തും രണ്ടാണ്. സിനിമയിലെ ഗ്ലാമർ പരിവേഷം ഒരിക്കലും വ്യക്തിജീവിതത്തിലേക്ക് കൊണ്ടുവരാത്ത ഒരാളാണ് അദ്ദേഹം. വളരെ ഡൗൺ ടു എർത്ത് ആയിട്ടുള്ള ഒരു മനുഷ്യൻ എന്നാണ് അദ്ദേഹത്തെക്കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത്.
യഥാർത്ഥ ജീവിതത്തിൽ എന്താണോ താൻ അങ്ങനെത്തന്നെ ഈ ഭൂമിയിൽ ജീവിക്കുക. വെള്ളിത്തിരയിലെ താരപ്പൊലിമ ജീവിതത്തിലേക്ക് വലിച്ചിഴയ്ക്കാതിരിക്കുക. ഗ്ലാമറിനെക്കുറിച്ച് ആശങ്കപ്പെടാത്ത വളരെ ചുരുക്കം അഭിനേതാക്കൾക്ക് മാത്രം കഴിയുന്ന കാര്യമാണിത്. നടനാവുമ്പോൾ അടിമുടി നടനായും മനുഷ്യനാവുമ്പോൾ സ്നേഹവും ദയയും കാരുണ്യവുമുള്ള ഒരാളായി മണ്ണിൽ ജീവിക്കുക. ഈയൊരു സ്വഭാവ സവിശേഷത രജിനികാന്ത് തന്റെ ജീവിതാനുഭവങ്ങളിലൂടെ കൈവരിച്ചതാണ്.
പ്രായം എഴുപത് കഴിഞ്ഞെങ്കിലും രജിനി ചിത്രങ്ങൾ തിയേറ്ററുകളിലുണ്ടാക്കുന്ന ആരവങ്ങൾ ചെറുതല്ല. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അദ്ദേഹത്തിന്റെ അഭിനയശൈലി ഇഷ്ടപ്പെടുന്നു. ‘ജയിലർ’ എന്ന രജിനി ചിത്രത്തിന്റെ ആഘോഷങ്ങൾ ഇപ്പോഴും പ്രേക്ഷകൻ്റെ മനസിൽ നിന്നും വിട്ടുപോയിട്ടില്ല.
എഴുപതുകളുടെ മധ്യത്തോടെ തിയേറ്ററുകളിൽ രജിനികാന്ത് ഉയർത്തിയ പ്രകമ്പനങ്ങൾ 2023 ൽ ലോകം മുഴുവൻ വ്യാപിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടെങ്കിൽ ശരീരഭാഷയ്ക്കും ഡയലോഗ് ഡെലിവറിക്കുമപ്പുറം എന്തോ ഒരാകർഷണ ശക്തി രജിനിയിൽ മാത്രമായിട്ടുണ്ട്.