'ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ'; പഞ്ചാംഗം നോക്കി റോക്കറ്റ് വിക്ഷേപിച്ചു എന്ന പരാമര്‍ശം പിന്‍വലിച്ച് മാധവന്‍
Entertainment news
'ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ'; പഞ്ചാംഗം നോക്കി റോക്കറ്റ് വിക്ഷേപിച്ചു എന്ന പരാമര്‍ശം പിന്‍വലിച്ച് മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th June 2022, 12:38 pm

ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം സിനിമയാവുന്ന റോക്കെട്രി ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിനായി ഏറെ കൗതുകത്തോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. നടന്‍ മാധവന്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നമ്പി നാരായണനെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നതും.

ഇന്ത്യയുടെ ചൊവ്വാ ദൗത്യവുമായി ബന്ധപ്പെട്ടുള്ള മാധവന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ പഞ്ചാംഗം നോക്കിയാണ് റോക്കറ്റ് വിക്ഷേപിച്ചതെന്നായിരുന്നു അദ്ദേഹം ഒരു വീഡിയോയില്‍ പറഞ്ഞത്. മാധവന്‍ പറഞ്ഞതിനെതിരെ ശക്തമായ വിമര്‍ശനം വന്നതോടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍.

‘സോളിഡ്, ലിക്വിഡ്, ക്രയോജെനിക് എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഉപയോഗിച്ചാണ് വിദേശ രാജ്യങ്ങള്‍ ചൊവ്വയുടെ ഭ്രമണ പഥത്തിലേക്ക് റോക്കറ്റ് വിക്ഷേപിച്ചിരുന്നത്. ഇതുപയോഗിച്ച് റോക്കറ്റ് നേരെ ചൊവ്വയില്‍ പോയി ഒരു വര്‍ഷം ഭ്രമണപഥത്തില്‍ ചുറ്റും.


എന്നാല്‍ മൂന്ന് എഞ്ചിനുകള്‍ ഉപയോഗിക്കാനുള്ള സാമ്പത്തിക ശേഷി ഇന്ത്യക്കില്ലായിരുന്നു എന്നാല്‍ വിവിധ ഗ്രഹങ്ങള്‍, അവയുടെ ഗുരുത്വാകര്‍ഷണം, സൂര്യന്റെ ജ്വാലകളുടെ വ്യതിചലനം എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അടങ്ങിയ ആകാശ ഭൂപടം പഞ്ചാംഗത്തിലുണ്ട്.

1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ ഇതെല്ലാം കണക്ക് കൂട്ടി വെച്ചിട്ടുണ്ട്. 2014ല്‍ പഞ്ചാംഗത്തിലെ വിവരങ്ങള്‍ വെച്ച് കൃത്യമായ മൈക്രോസെക്കന്‍ഡില്‍ വിക്ഷേപണം നടത്താന്‍ നമുക്കായി.

നമ്മുടെ റോക്കറ്റ് ഭൂമിയെ ചുറ്റി, ചന്ദ്രനെ ചുറ്റി, വ്യാഴത്തിന്റെ ഉപഗ്രഹത്തെ ചുറ്റി അങ്ങനെ പലയിടത്ത് നിന്നുമുള്ള ഗുരുത്വാകര്‍ഷണത്തെ ഉപയോഗിച്ച് ചൊവ്വയിലെത്തുകയായിരുന്നു,’ എന്നായിരുന്നു മാധവന്‍ പഞ്ഞിരുന്നത്.

എന്നാല്‍ അല്‍മനാകിനെ തമിഴില്‍ ‘പഞ്ചാംഗ്’ എന്ന് വിളിച്ചതിനുള്ള വിമര്‍ശനങ്ങള്‍ ഞാന്‍ അര്‍ഹിക്കുന്നു. അതെന്റെ അറിവില്ലായ്മയാണ്. എന്നിരുന്നാലും ചൊവ്വാ ദൗത്യം വെറും രണ്ട് എഞ്ചിനുകള്‍ കൊണ്ട് നേടിയത് ഒരു റെക്കോഡ് തന്നെയാണ് എന്നാണ് ട്വീറ്റില്‍ മാധവന്‍ കുറിച്ചത്.

Content Highlight : Madhavan withdraws mention of launching rocket looking at Panchangam