ചോക്ലേറ്റ് ഹീറോയായി സിനിമയിലേക്കെത്തി തമിഴിലെ മികച്ച നടന്മാരിൽ ഒരാളായ ആളാണ് മാധവൻ. അലൈപായുതേ, മിന്നലേ എന്നീ ചിത്രങ്ങളിലൂടെ റൊമാന്റിക് ഹീറോയായി തിളങ്ങിയ മാധവൻ ലിംഗുസാമി സംവിധാനം ചെയ്ത റൺ എന്ന ചിത്രത്തിലൂടെ ആക്ഷൻ റോളുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. തമിഴിന് പുറമെ കന്നഡ, തെലുങ്ക്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചു.
റോക്കട്രി എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും അദ്ദേഹം തന്റെ കയ്യൊപ്പ് പതിപ്പിച്ചു. ആ ചിത്രത്തിലൂടെ മികച്ച സിനിമക്കുള്ള നാഷണൽ അവാർഡ് നേടാനും മാധവന് കഴിഞ്ഞു. ഇപ്പോൾ നടി മനോരമക്ക് നാഷണൽ അവാർഡ് ലഭിച്ചപ്പോൾ തനിക്കും അവാർഡ് വേണമെന്ന് തോന്നിയെന്ന് മാധവൻ പറയുന്നു.
താൻ അലൈപായുതേ എന്ന സിനിമയുമായി ആദ്യമായി ഇൻഡസ്ട്രിയിലേക്ക് വരുന്ന സമയത്തായിരുന്നു മനോരമക്ക് അവാർഡ് കിട്ടിയതെന്നും എന്നാൽ താൻ തമിഴിലും ഹിന്ദിയിലും മാറിമാറി സിനിമ ചെയ്യുന്നതുകൊണ്ട് ആരും തന്നെ ശ്രദ്ധിക്കാത്തതുപോലെ തോന്നിയെന്നും മാധവൻ പറഞ്ഞു. സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.
‘ഞാൻ ആദ്യമായി അഭിനയ രംഗത്തേക്ക് വന്നപ്പോൾ മനോരമ ആച്ചിക്ക് നാഷണൽ അവാർഡ് കിട്ടി. അപ്പോൾ ഇൻഡസ്ട്രിയിലെ എല്ലാവരെയും വിളിച്ച് വലിയൊരു അനുമോദന യോഗമെല്ലാം വെച്ചിരുന്നു. എല്ലാവരും മനോരമ ആച്ചിയെ പുകഴ്ത്തി.
ഏറെ ആദ്യ ചിത്രം അലൈപായുതേ സിനിമ ഇറങ്ങി ഞാൻ ഇൻഡസ്ട്രിയിൽ വന്നപ്പോൾ നമുക്കും അതുപോലെ ഒരു അവാർഡ് വേണമെന്ന് തോന്നി. എന്നാല് ഹിന്ദി സിനിമയും തമിഴ് സിനിമയും മാറി മാറി ചെയ്യുന്നതുകൊണ്ട് ആരും എന്നെ ശ്രദ്ധിക്കുന്നില്ലേ എന്നെനിക്ക് തോന്നി. ഞാനും അതിന് വേണ്ടി ശ്രമിക്കാത്ത പോലെ.
തമിഴ് സിനിമയിൽ നിന്ന് അങ്ങനെ ഒരു അംഗീകാരം ലഭിക്കാത്തത്തുകൊണ്ട് എനിക്ക് വിഷമമുണ്ടോയെന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. എന്നാൽ എനിക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. കാരണം അവാർഡിന് വേണ്ടിയല്ലായിരുന്നു ഞാൻ സിനിമകൾ ചെയ്തത്,’ മാധവൻ പറയുന്നു.