ഷൂട്ട് തുടങ്ങാന്‍ ഒരു മാസമുള്ളപ്പോള്‍ സിനിമക്ക് സംവിധായകനില്ലാതായി, രണ്ട് ഓപ്ഷനുകളാണ് മുമ്പില്‍ ഉണ്ടായിരുന്നത്: മാധവന്‍
Film News
ഷൂട്ട് തുടങ്ങാന്‍ ഒരു മാസമുള്ളപ്പോള്‍ സിനിമക്ക് സംവിധായകനില്ലാതായി, രണ്ട് ഓപ്ഷനുകളാണ് മുമ്പില്‍ ഉണ്ടായിരുന്നത്: മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th June 2022, 5:27 pm

ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം പറയുന്ന ‘റോക്കെട്രി ദി നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ജൂലൈ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നടന്‍ മാധവനാണ് ചിത്രത്തിന്റെ കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിനിമ സംവിധാനം ചെയ്യാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അതിന്റെ ആവശ്യം വന്നപ്പോള്‍ ചെയ്യേണ്ടി വന്നതാണെന്നും മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയില്‍ മാധവന്‍ പറയുന്നു.

‘ഈ സിനിമ സംവിധാനം ചെയ്തത് ഒരു ധീരതയുടെ പുറത്തല്ല, അതിന്റെ ആവശ്യം വന്നതുകൊണ്ടാണ്. ലൈഫ് ടൈം റോള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. ആ ഒരുതാല്‍പര്യം മൂലം ഈ സിനിമയില്‍ എനിക്ക് അഭിനയിക്കണമായിരുന്നു.

ഫൈറ്റും പാട്ടും ഹീറോയിനുമൊന്നുമില്ലാത്തത് കൊണ്ട് പ്രൊഡ്യൂസറും ഉണ്ടായില്ല. എനിക്ക് സംവിധാനം ചെയ്യാനുള്ള ഉദ്ദേശ്യമില്ലായിരുന്നു. ഷൂട്ട് തുടങ്ങാന്‍ ഒരു മാസമുള്ളപ്പോള്‍ സംവിധായകന് സിനിമ സംവിധാനം ചെയ്യാന്‍ പറ്റാതായി.

എന്റെ മുമ്പില്‍ രണ്ട് ഓപ്ഷനായിരുന്നു ഉണ്ടായിരുന്നത്. ഒന്നുകില്‍ ഉപേക്ഷിക്കുക അല്ലെങ്കില്‍ ഞാന്‍ തന്നെ സംവിധാനം ചെയ്യുക. നിങ്ങള്‍ക്ക് ഈ സബ്ജക്ട് നന്നായി അറിയാം, മികച്ച സംവിധായകര്‍ക്ക് ഒപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്, താങ്കള്‍ക്ക് സംവിധാനം ചെയ്യാന്‍ മേലേ എന്ന് സിനിമയിലേക്ക് ഫണ്ട് ചെയ്തവരും നമ്പി നാരായണനും എന്നോട് ചോദിച്ചു. അപ്പോള്‍ അത് ഒക്കെയായി തോന്നി.

എന്നാല്‍ ഷൂട്ട് തുടങ്ങുന്ന ദിവസം ഞാനാകെ പേടിച്ചു. മൂന്ന് ഭാഷകളിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴും ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്നവരാണ് എന്റെ കൂടെയുള്ള ആര്‍ട്ടിസ്റ്റുകള്‍. എട്ട് രാജ്യങ്ങളിലാണ് ഷൂട്ട്. ഞാന്‍ എങ്ങനെ സംവിധാനം ചെയ്യും. കൂടുതല്‍ പേടിക്കേണ്ട നീ ഒരോ ഷോട്ട് വീതം കോണ്‍സെന്‍ട്രേറ്റ് ചെയ്യ്. മുഴുവന്‍ സിനിമയെ പറ്റി ചിന്തിക്കേണ്ട എന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞു. അങ്ങനെ ഓരോ സീനിലും കോണ്‍സെട്രേറ്റ് ചെയ്തെടുത്തതാണ് റോക്കട്രി ദി നമ്പി ഇഫക്ടായി മാറിയത്,’ മാധവന്‍ പറഞ്ഞു.

Content Highlight: madhavan about the challenges he dfaces while shooting rockletry the nambi effect