പല അംഗങ്ങള്‍ക്കും പൈസ ഓഫര്‍ ചെയ്തത് കൊണ്ടാണ് അമ്മ വിജയ് ബാബുവിനെ പുറത്താക്കാത്തത്: അതിജീവിത
Film News
പല അംഗങ്ങള്‍ക്കും പൈസ ഓഫര്‍ ചെയ്തത് കൊണ്ടാണ് അമ്മ വിജയ് ബാബുവിനെ പുറത്താക്കാത്തത്: അതിജീവിത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th June 2022, 5:03 pm

വിജയ് ബാബു തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് അതിജീവിത. ദുബായില്‍ പോയ സമയത്ത് കേസ് ഒതുക്കി തീര്‍ക്കാന്‍ സുഹൃത്തുക്കള്‍ വഴി പൈസ ഓഫര്‍ ചെയ്തിരുന്നുവെന്നും ഈ വിവരം താന്‍ പൊലീസില്‍ അറിയിച്ചിരുന്നു എന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അതിജീവിത പറഞ്ഞു.

‘നീതി കിട്ടും വരെ പോരാടും. ദുബായില്‍ പോയ സമയത്ത് അയാളുടെ സുഹൃത്തു വഴി കേസ് ഒതുക്കാന്‍ ഒരു കോടി രൂപ എനിക്ക് വാഗ്ദാനം ചെയ്തിരുന്നു. ഞാന്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. പൈസ ഓഫര്‍ ചെയ്ത് ഒരുപാട് സാക്ഷികളെ അയാള്‍ സ്വന്തം ഭാഗത്താക്കുന്നുണ്ട്. അമ്മ അയാളെ പുറത്താക്കാത്തത് അമ്മയിലെ പല അംഗങ്ങളെയും ബ്ലാക്ക്‌മെയില്‍ ചെയ്തും പൈസ ഓഫര്‍ ചെയ്തതു കൊണ്ടാണെന്നും ഞാനുറച്ച് വിശ്വസിക്കുന്നുണ്ട്.

ഒരു അതിജീവിതയുടെ പേര് വെളിപ്പെടുത്തിയിട്ട് പോലും അയാളുടെ കൂടെ നിന്ന് എനിക്കെതിരെ സംസാരിക്കണമെങ്കില്‍ എത്ര വലിയ ഓഫറായിരിക്കും എനിക്ക് തന്ന പോലെ കൊടുത്തിട്ടുണ്ടാവുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പരാതിക്കു ശേഷം വിജയ് ബാബു നിലവില്‍ എനിക്ക് കിട്ടിയ ഒരു സിനിമയിലെ സംവിധായകനെ വിളിച്ച് എന്റെ അവസരം കളയാനും ശ്രമിച്ചിട്ടുണ്ട്. അങ്ങനെ പലതും അണിയറയില്‍ നടക്കുന്നുണ്ട്.’ അതിജീവിത പറഞ്ഞു.

വിജയ് ബാബുവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അമ്മ സംഘടനയുടെ ഐ.സിയില്‍ നിന്നും രാജി വെച്ച കുക്കു പരമേശ്വരന്‍, മാലാ പാര്‍വതി, ശ്വേത മേനോന്‍ എന്നിവര്‍ അന്തസുള്ള സ്ത്രീകളാണെന്നും അവര്‍ പറഞ്ഞു.

‘അവര്‍ അന്തസ്സുള്ള സ്ത്രീകളാണ്. ഇരയുടെ പേര് വെളിപ്പെടുത്തിയ ഒരാളെ പുറത്താക്കാതെ പകരം, വിജയ് ബാബു മാറി നില്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മണിയന്‍പിള്ള രാജുവിനെപ്പോലുള്ള ഒരാള്‍ പറയുന്നത് എന്തര്‍ഥത്തിലാണ്. പേര് വെളിപ്പെടുത്തി എന്ന് മാത്രമല്ല, വ്യാജമായ ആരോപണങ്ങളുന്നയിച്ചു, മീടൂ പോലുള്ള ചരിത്രപരമായ മുന്നേറ്റങ്ങളെ ഇകഴ്ത്തിക്കാണിച്ചു തുടങ്ങിയ ഒട്ടേറെ ക്രൈമുകളും അയാള്‍ ചെയ്തു,’ അതിജീവിത കൂട്ടിച്ചേര്‍ത്തു.

Content Highlight: Survivor says amma did not expel Vijay Babu because he offered money to several members