സുരേഷ് ഗോപിയുടെ മകനെന്ന നിലയില്‍ സിനിമയിലേക്കെത്തിയ താരമാണ് മാധവ് സുരേഷ്. ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മാധവ് ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത്. ഒരൊറ്റ സീനില്‍ മാത്രമാണ് താരം വന്നുപോയത്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറാനും മാധവിന് സാധിച്ചു.
തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട പടക്കളം എന്ന സിനിമയെക്കുറിച്ചും അതില്‍ സന്ദീപ് പ്രദീപിന്റെ പ്രകടനത്തെക്കുറിച്ചും സംസാരിക്കുകയാണ് മാധവ് സുരേഷ്. ആ സിനിമ താന്‍ കണ്ടെന്നും തനിക്ക് ഒരുപാട് ഇഷ്ടമായെന്നും മാധവ് പറഞ്ഞു. എന്നാല്‍ സന്ദീപിന് പകരം താനായിരുന്നെങ്കില്‍ നന്നായേനെ എന്ന തരത്തില്‍ ഒരുപാട് പോസ്റ്റുകള്‍ കണ്ടെന്നും അവരോട് തനിക്ക് ഒരു കാര്യം പറയാനുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
സന്ദീപ് പ്രദീപിന്റെ കഠിനാധ്വാനത്തെ കഴിവിനെയും അനാദരിക്കുന്നത് പോലെയാണ് അത്തരം പോസ്റ്റുകള്‍ വായിച്ചപ്പോള്‍ തനിക്ക് തോന്നിയതെന്നും മാധവ് പറയുന്നു. അഭിനന്ദിക്കാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും താരം പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു മാധവ് സുരേഷ്.
‘പടക്കളം എന്ന സിനിമ ഞാന്‍ വളരെ ആസ്വദിച്ച് കണ്ട സിനിമയാണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതില്‍ സന്ദീപ് പ്രദീപിന്റെ പ്രകടനവും എനിക്ക് ഇഷ്ടമായി. എന്നാല്‍ ആ സിനിമയില്‍ സന്ദീപിന് പകരം ഞാന്‍ അഭിനയിച്ചിരുന്നെങ്കില്‍ നന്നായേനെ എന്ന തരത്തില്‍ ഒന്നുരണ്ട് പോസ്റ്റുകള്‍ എന്റെ ശ്രദ്ധയില്‍ പെട്ടു. അത്തരം പോസ്റ്റുകള്‍ക്ക് മറുപടി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സന്ദീപിന്റെ കഴിവിനോടും കഠിനാധ്വാനത്തോടുമുള്ള അനാദരവാണ് അത്തരം പോസ്റ്റുകള്‍. സന്ദീപിന്റെ അഭിനയത്തെ വിലകുറച്ച് കാണുന്നത് പോലെയായി ആ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ തോന്നി. നിങ്ങള്‍ക്ക് ഒരു നടനെ അഭിനന്ദിക്കാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ഒരിക്കലും താരതമ്യം ചെയ്യരുത്. അത് ശരിയായ കാര്യമായി തോന്നുന്നില്ല.
അത്തരം പോസ്റ്റുകളിലുള്ള പ്രശ്‌നം എടുത്തുകാണിക്കാന്‍ ഞാന്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. പക്ഷേ, അതെല്ലാം ഞാന്‍ പി.ആറിനായി ചെയ്യുന്നതാണെന്നാണ് ചിലര്‍ പറഞ്ഞത്. സന്ദീപിന്റെ അഭിനയം എനിക്ക് ഇഷ്ടമായെന്ന് കാണിക്കാന്‍ വേണ്ടി ഞാന്‍ പങ്കുവെച്ച പോസ്റ്റ് മറ്റൊരു തരത്തില്‍ വായിക്കപ്പെട്ടത് എനിക്ക് വിഷമമുണ്ടാക്കി,’ മാധവ് സുരേഷ് പറഞ്ഞു.
Content Highlight: Madhav Suresh reacts to the comparison post between him and Sandeep Pradeep after Padakkalam movie