നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ മകനാണ് മാധവ് സുരേഷ്. ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മാധവ് ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത്. ഒരൊറ്റ സീനില്‍ മാത്രമാണ് താരം വന്നുപോയത്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറാനും മാധവിന് സാധിച്ചു.
സോഷ്യല്‍ മീഡിയയില്‍ താരത്തിന് നേരെ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കാണ് നടക്കുന്നത്. സുരേഷ് ഗോപിയെ സൂപ്പര്‍സ്റ്റാറാക്കി മാറ്റിയ അതേ ജനങ്ങള്‍ തന്നെയും സൂപ്പര്‍സ്റ്റാറാക്കി മാറ്റുമെന്ന് അടുത്തിടെ മാധവ് ഒരു പൊതുവേദിയില്‍ പറഞ്ഞിരുന്നു. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.
അഭിമുഖങ്ങളില്‍ മാധവ് പറയുന്ന കാര്യങ്ങള്‍ക്ക് പലരും സമൂഹമാധ്യമത്തിലെ പോസ്റ്റുകളിലൂടെ മറുപടി നല്‍കുന്നുണ്ട്. മാധവ് നായകനായെത്തുന്ന പുതിയ ചിത്രമായ അങ്കം അട്ടഹാസം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാള്‍ മാധവിനെ അധിക്ഷേപിച്ച് പങ്കുവെച്ച കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
ഫ്രാങ്ക്‌ലിന്‍ ഡേവി എന്ന ഐഡിയിലൂടെ ഒരാള്‍ പങ്കുവെച്ച കമന്റാണ് ശ്രദ്ധേയം. ‘ഇവന്റെ അഹങ്കാരത്തിന് എവിടെയും എത്തില്ല. നീ ഈ പറഞ്ഞ ജനങ്ങള്‍ നിന്നെ നിലം തൊടീക്കില്ല, നിന്നെക്കാള്‍ എത്രയോ ഭേദമാണ് നിന്റെ ചേട്ടന്‍’ എന്നായിരുന്നു ഫ്രാങ്ക്‌ലിന്റെ കമന്റ്.
‘തന്റെ ജ്യേഷ്ഠന്‍ തന്നെക്കാള്‍ നല്ലതാണെന്നത് സത്യമാണെന്നും അത് താന്‍ അംഗീകരിക്കുന്നുവെന്ന് മാധവ് മറുപടി നല്‍കി. ‘അച്ഛന്റെ തണലില്‍ സിനിമയിലേക്ക് വന്ന ആദ്യത്തെ നടനല്ല താങ്കള്‍. സുരേഷ് ഗോപിയോടുള്ള വെറുപ്പല്ല തന്നോട് തോന്നുന്നത്, തന്റെ സ്വഭാവമാണ് അതിന് കാരണം. താങ്കളുടെ സഹോദരനോടും ദുല്‍ഖറിനോടും പ്രണവിനോടും ഈ വെറുപ്പ് തോന്നുന്നില്ല’ എന്നും ഫ്രാങ്ക്‌ലിന്‍ കൂട്ടിച്ചേര്‍ത്തു.
‘സോഷ്യല്‍ മീഡിയയില്‍ എന്നെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ എഡിറ്റഡ് വീഡിയോ ചെയ്യുന്ന കുറച്ചാളുകളല്ല എനിക്ക് ഭക്ഷണം തരുന്നത്. അവരെയെല്ലാം ഞാന് മൈന്‍ഡ് ചെയ്യുന്നില്ല. പണ്ട് രാജുവേട്ടനെയും നിങ്ങള്‍ അവഗണിച്ചിരുന്നു. ഇന്ന് അദ്ദേഹം എവിടെയെത്തിയെന്ന് നോക്കൂ. ഇത്തരം കാര്യങ്ങളോട് അദ്ദേഹം എടുത്ത നിലപാടാണ് ഞാനും ഫോളോ ചെയ്യുന്നത്’ എന്നും മാധവ് മറുപടി നല്‍കി.
മാധവിന്റെ പ്രസ്താവനകളെ അനുകൂലിച്ചും എതിര്‍ത്തും ഒരുപാട് ആളുകള്‍ രംഗത്തെത്തുന്നുണ്ട്. ഇത്തരം ആറ്റിറ്റ്യൂഡാണ് ഏതൊരു നടനും വേണ്ടതെന്ന് പറഞ്ഞ് ചിലര്‍ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇതെല്ലാം പി.ആര്‍. വര്‍ക്കുകളാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തുന്ന ജെ.എസ്.കെയിലും മാധവ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.