അന്ന് ദുല്‍ഖറിനെ കൂവിയോടിച്ചവര്‍ ഇന്ന് അദ്ദേഹത്തെ കാണാന്‍ തിരക്ക് കൂട്ടുന്നു, കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയാത്തവരാണ് മലയാളികള്‍: മാധവ് സുരേഷ്
Entertainment
അന്ന് ദുല്‍ഖറിനെ കൂവിയോടിച്ചവര്‍ ഇന്ന് അദ്ദേഹത്തെ കാണാന്‍ തിരക്ക് കൂട്ടുന്നു, കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയാത്തവരാണ് മലയാളികള്‍: മാധവ് സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th June 2025, 10:42 pm

നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ മകനാണ് മാധവ് സുരേഷ്. ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മാധവ് ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത്. ഒരൊറ്റ സീനില്‍ മാത്രമാണ് താരം വന്നുപോയത്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറാനും മാധവിന് സാധിച്ചു.

റിലീസിന് മുമ്പ് വിവാദമായി മാറിയ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലും മാധവ് ഭാഗമാകുന്നുണ്ട്. സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ജെ.എസ്.കെ. ചിത്രത്തിലെ നായിക അനുപമയെക്കുറിച്ച് സംസാരിക്കുകയാണ് മാധവ് സുരേഷ്. ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലേക്കെത്തിയ നടിയാണ് അനുപമയെന്ന് മാധവ് പറഞ്ഞു.

ആദ്യചിത്രത്തിലൂടെ ഒരുപാട് ആരാധകരെ സൃഷ്ടിക്കാന്‍ അനുപമക്ക് സാധിച്ചെന്നും ആ സിനിമ ഇന്‍ഡസ്ട്രിയിലെ സെന്‍സേഷണല്‍ ഹിറ്റായെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് അവര്‍ക്ക് നേരെ വലിയ സൈബര്‍ അറ്റാക്ക് നടന്നെന്നും അക്കാരണം കൊണ്ട് തെലുങ്കിലേക്ക് അവര്‍ക്ക് പോകേണ്ടി വന്നെന്നും മാധവ് പറയുന്നു. തെലുങ്കിലെ തിരക്കേറിയ നടിയായി അനുപമ മാറിയെന്നും അവരെപ്പോലെ മറ്റൊരു ഉദാഹരണമാണ് ദുല്‍ഖര്‍ സല്‍മാനെന്നും താരം പറഞ്ഞു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു മാധവ് സുരേഷ്.

 

‘ചെറിയ പ്രായത്തില്‍ സിനിമയിലെത്തിയ നടിയാണ് അനുപമ. ആദ്യത്തെ സിനിമയിലൂടെ തന്നെ വലിയ തരംഗമായി മാറി. എല്ലാവരുടെ ഇടയിലും അനുപമ ക്രഷായി മാറി. ആദ്യത്തെ സിനിമ ഇന്‍ഡസ്ട്രിയിലെ സെന്‍സേഷണല്‍ ഹിറ്റായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ക്ക് നേരെ നടന്നത് എന്താണ്. വലിയ രീതിയില്‍ സൈബര്‍ ബുള്ളിയിങ് നേരിടേണ്ടി വന്നു.

അതിന് ശേഷം അനുപമ മറ്റ് ഭാഷയിലേക്ക് പോയി. തെലുങ്കില്‍ അവര്‍ക്ക് കൈനിറയെ അവസരങ്ങള്‍ കിട്ടി. അവിടത്തെ സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് അനുപമ മാറി. പിന്നീട് ഇപ്പോഴാണ് അവര്‍ മറ്റൊരു മലയാളസിനിമ ചെയ്യുന്നത്. മലയാളികള്‍ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്. ഇതിലെ മറ്റൊരു ഉദാഹരണമായി പറയാന്‍ കഴിയുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍.

എനിക്ക് ആ പേര് പറയാന്‍ റൈറ്റ്‌സ് ഉള്ളതുകൊണ്ട് മാത്രമാണ് ആ പേര് മെന്‍ഷന്‍ ചെയ്തത്. സെക്കന്‍ഡ് ഷോ എന്ന സിനിമയുടെ റിലീസിന് ശേഷം ദുല്‍ഖറിനെ കൂവിയോടിച്ചവരുണ്ട്. അതേ സ്ഥലത്ത് പിന്നീട് ദുല്‍ഖറിനെ കാണാന്‍ ആയിരങ്ങള്‍ തടിച്ചുകൂടി. ഇതാണ് മലയാളികളുടെ സ്വഭാവം. കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല. പോകുമ്പോഴാകും അവരുടെ മൂല്യം മനസിലാവുക,’ മാധവ് സുരേഷ് പറഞ്ഞു.

Content Highlight: Madhav Suresh about Dulquer Salmaan and Anupama Parameswaran