ഇന്ത്യയിൽ ഒരു ട്രെയിൻ സർവീസ് തുടങ്ങുമ്പോൾ ആർ.എസ്.എസ് ഗീതം പാടുന്നിടത്തേക്ക് രാജ്യം അധഃപതിച്ചിരിക്കുന്നു: എം.എ ബേബി
Kerala
ഇന്ത്യയിൽ ഒരു ട്രെയിൻ സർവീസ് തുടങ്ങുമ്പോൾ ആർ.എസ്.എസ് ഗീതം പാടുന്നിടത്തേക്ക് രാജ്യം അധഃപതിച്ചിരിക്കുന്നു: എം.എ ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th November 2025, 1:12 pm

തിരുവനന്തപുരം: വന്ദേഭാരതിന്റെ ഉദ്ഘാടനത്തിൽ ആർ.എസ്.എസ് ഗീതം ആലപിച്ചതിനെതിരെ വിമർശനവുമായി എം.എ ബേബി. ഇന്ത്യയുടെ അവസ്ഥ അധഃപതിച്ചെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു.

കുട്ടികളെക്കൊണ്ട് ആർ.എസ്.എസ് ഗീതം പാടിപ്പിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ ഗവൺമെന്റിന്റെ ഒരു ട്രെയിൻ സർവീസ് തുടങ്ങുമ്പോൾ അവിടെ ആർ.എസ്.എസിന്റെ ഗീതം പാടുന്നിടത്തേക്ക് ഇന്ത്യ അത്രമേൽ അധഃപതിച്ചിരിക്കുന്നു. ഇത് അതീവ ഗൗരവമാർന്ന വെല്ലുവിളിയാണ്,’ എം.എ ബേബി പറഞ്ഞു.

അതേസമയം കുട്ടികൾ നിഷ്ക്കളങ്കമായി പാടിയതല്ലെന്നും കുട്ടികളെക്കൊണ്ട് ഗീതം ചൊല്ലിച്ചതാണെന്നും ആർ.എസ്.എസ് ഗീതത്തെ ഈ രാജ്യത്തിന്റെ ദേശീയ ഗാനത്തിന് പകരം വെക്കാൻ ഒരു ആർ.എസ്.എസിനെയും അനുവദിക്കില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി. സനോജ് പറഞ്ഞു. ഇത് രാജ്യവിരുദ്ധ നടപടിയാണെന്നും ശക്തമായ പ്രതിഷേധം നടത്തുമെന്നും വി. സനോജ് പറഞ്ഞു.

അധികാരം ഉപയോഗപ്പെടുത്തി കുട്ടികളെ തെറ്റായ വഴിയിലേക്ക് കൊണ്ടുപോകുന്നത് വമ്പത്തരമായി പറയുന്നത് അൽപത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കേന്ദ്ര മന്ത്രിമാർ ഇതിനെ ന്യായീകരിച്ച് രംഗത്തെത്തി. കുട്ടികള്‍ക്ക് അപ്പോള്‍ തോന്നിയതാണ് ചെയ്തതെന്നും സംഗീതം ആസ്വദിക്കാനുള്ളതാണെന്നും കുട്ടികള്‍ നിഷ്‌കളങ്കമായി ചൊല്ലിയത് തീവ്രവാദ ഗാനമൊന്നുമല്ലല്ലോയെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.

വിദ്യാർത്ഥികൾ ആർ.എസ്.എസ് ഗീതം പാടിയാൽ എന്താണ് കുഴപ്പമെന്നും അത് ഇന്ത്യയുടെ പൈതൃകത്തെ കുറിച്ചുള്ള പാട്ടാണെന്നും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞിരുന്നു. ഇതൊരു സംഘഗാനമാണെന്നും ഹിന്ദു എന്ന വാക്കുപോലും പാട്ടിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ രാവിലെ നടന്ന വീഡിയോ കോൺഫെറൻസിലൂടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി- ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനത്തിന് ശേഷം യാത്ര തുടങ്ങിയ ട്രെയിനിനുള്ളിൽ വെച്ചായിരുന്നു വിദ്യാർത്ഥികൾ ആർ.എസ്.എസ് ഗീതം ആലപിച്ചത്.

Content Highlight: MA Baby criticized the singing of the RSS anthem at the inauguration of Vande Bharat.