തിരുവനന്തപുരം: പ്രതിഷേധം നടക്കുന്ന കേരള സര്‍വകലാശാല ആസ്ഥാനം സന്ദര്‍ശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സമരത്തിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും സര്‍വകലാശാലയിലെ ആര്‍.എസ്.എസിന്റ തീട്ടൂരം വെച്ച് പൊറുപ്പിക്കില്ലെന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ആ സമരത്തിന്റെ ഭാഗമായിട്ടാണ് സര്‍വകലാശാല ആസ്ഥാനത്തേക്ക് പോയതെന്നും അവര്‍ ചേംബറില്‍ കയറുമെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എസ്.എഫ്.ഐ സെക്രട്ടറി പി.എസ് സഞ്ജീവിനെയടക്കം അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പുറത്തുണ്ട്. സമരം ഇനിയും ശക്തമായി തുടരും. ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ വൈസ് ചാന്‍സിലര്‍ക്കും പ്രൊ വൈസ് ചാന്‍സിലര്‍ക്കും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തോന്നിയത് പോലെ എന്തെങ്കിലും കാണിച്ചിട്ട് അത് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ആര്‍.എസ്.എസിന്റെ തിട്ടൂരം അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ പുറപ്പെട്ടാല്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹവും പൊതുജനാധിപത്യ പ്രസ്ഥാനങ്ങളും വെറുതെ ഇരിക്കില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ സമരത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കും കേരള സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസിനെതിരായുമാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം. കേരള സര്‍വകലാശാല ആസ്ഥാനം കീഴടക്കി പ്രവര്‍ത്തകര്‍ പൊലീസ് പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക് ഇരച്ച് കയറുകയായിരുന്നു.
എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റിനേയും സെക്രട്ടറിയുടേയും നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ഇതില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവിനെയടക്കം നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
Content Highlight: M.V. Govindan visits Kerala university