കുറ്റസമ്മതം; പി.ശ്രീ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തത് വീഴ്ച: എം.വി. ഗോവിന്ദന്‍
Kerala
കുറ്റസമ്മതം; പി.ശ്രീ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തത് വീഴ്ച: എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd November 2025, 4:48 pm

തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതിഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തത് വീഴ്ചയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

മന്ത്രിസഭയിലും ഇടതുമുന്നണിയിലും പി.എം ശ്രീ ചര്‍ച്ച ചെയ്യാത്തത് വീഴ്ച തന്നെയാണെന്ന് എം.വി. ഗോവിന്ദന്‍ സമ്മതിക്കുകയായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എം ശ്രീയിലെ തീരുമാനം പൂര്‍ണമായും പുനപരിശോധിക്കാന്‍ കമ്മിറ്റിയെ വരെ നിയോഗിച്ചിട്ടുണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ധാരണാപത്രത്തില്‍ ഒപ്പിടുന്നത് സി.പി.ഐ മന്ത്രിമാര്‍ അറിഞ്ഞില്ല എന്ന പ്രതികരണങ്ങളോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

‘മന്ത്രിസഭ പൂര്‍ണമായ അര്‍ത്ഥത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പി.എം ശ്രീയിൽ ആ രീതിയിലുള്ള ഒരു ചര്‍ച്ച നടത്തിയിട്ടില്ല എന്നത് സത്യമാണ്. അതാണ് സത്യം,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇക്കാര്യം മാത്രമാണ് തങ്ങള്‍ സമ്മതിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടിനെ വിമര്‍ശിച്ചും എം.വി. ഗോവിന്ദന്‍ സംസാരിച്ചു. പ്രഖ്യാപനത്തില്‍ എന്ത് തട്ടിപ്പാണ് സര്‍ക്കാര്‍ നടത്തിയതെന്ന് വി.ഡി. സതീശന്‍ പറയണമെന്നും എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

ആരോപണങ്ങള്‍ ഉന്നയിക്കുന്ന വി.ഡി. സതീശനും ചിന്തകരും ഒന്ന് കേരളത്തിലേക്കിറങ്ങി നോക്കണം. ശേഷം അതിദരിദ്രരായിട്ടുള്ള ആരെയെങ്കിലും കണ്ടെത്തിയാല്‍ അവരെ അതില്‍ നിന്ന് മുക്തമാക്കാന്‍ നോക്കാമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

വയറും വിശപ്പുമാണ് വലിയ കാര്യം. അതിനെ കുറിച്ചറിയുന്നവര്‍ക്ക് മാത്രമേ അതിദാരിദ്ര്യത്തെ കുറിച്ച് സംസാരിക്കാന്‍ കഴിയുകയുള്ളൂവെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞാമന്റെ ‘എതിര്’ എന്ന പുസ്തകത്തെ ഉദ്ധരിച്ചായിരുന്നു എം.വി. ഗോവിന്ദന്റെ പരാമര്‍ശം.

ലോകത്തിന് മുന്നില്‍ ചരിത്രപരമായ ഒരു നിമിഷത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നില്‍ക്കുന്നത്. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഘട്ടംഘട്ടമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടത്തിലെത്തിയതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Content Highlight: M.V. Govindan says that the PMShri was not discussed in the cabinet and the LDF as a failure