എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ ഇ.പി. ജയരാജനെതിരെയുള്ള കള്ളപ്രചാരവേല ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടപ്പെട്ടു: എം.വി. ഗോവിന്ദന്‍
Kerala News
എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ ഇ.പി. ജയരാജനെതിരെയുള്ള കള്ളപ്രചാരവേല ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടപ്പെട്ടു: എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd September 2022, 4:18 pm

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സംഭവത്തിന്റെ ഗൂഢാലോചനയില്‍ ഭാഗമായ എല്ലാവരെയും ജനങ്ങള്‍ക്ക് മുന്‍പിലും നിയമത്തിന്റെ മുന്‍പിലും കൊണ്ടുവരണമെന്നും അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു.

‘സി.പി.ഐ.എം നേതൃത്വം തന്നെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് എ.കെ.ജി സെന്റര്‍ ആക്രമണം എന്നാണ് കോണ്‍ഗ്രസും ബി.ജെ.പിയും പ്രചരിപ്പിച്ചത്. ഇ.പി. ജയരാജനെതിരെയും ഇത്തരത്തില്‍ കള്ളപ്രചാരവേല നടന്നു. ഈ കള്ള പ്രചാരണം ഇപ്പോള്‍ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടുകൂടി തന്നെയാണ് എ.കെ.ജി സെന്റര്‍ ആക്രമിക്കപ്പെട്ടത് എന്നാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം വ്യക്തമാക്കുന്നത്.

ഈ ഗൂഢാലോചനയില്‍ ഭാഗമായ എല്ലാവരെയും ജനങ്ങള്‍ക്ക് മുന്‍പിലും നിയമത്തിന്റെ മുന്‍പിലും കൊണ്ടുവരണം. സി.പി.ഐ.എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനു ശേഷം കൊന്നത് സി.പി.ഐ.എം ആണെന്ന പ്രചാരണം പോലും നടക്കുന്ന കാലമാണ്. മാധ്യമങ്ങളുടെ പിന്തുണയോടുകൂടി സി.പി.ഐ. എമ്മിനെ ആക്രമിക്കാന്‍ കെട്ടിച്ചമച്ച കഥകളെല്ലാം ഓരോന്നായി തകരുകയാണ്,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ അറസ്റ്റ് സി.പി.ഐ.എം തിരക്കഥയുടെ ഭാഗമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ പറയുന്നത്.

കസ്റ്റഡിയിലുള്ള ജിതിന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും മാധ്യമങ്ങള്‍ പറഞ്ഞതല്ലാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതിനെക്കുറിച്ച് വിവരമില്ലെന്നും ഷാഫി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട അപ്ഡേഷനിലൊക്കെ പൊലീസ് പുറത്തുവിടുന്ന സമയം പരിശോധിച്ചാല്‍ സര്‍ക്കാരിന്റെ അസ്വസ്ഥത മനസിലാക്കാം. പടക്കമേറുണ്ടാക്കിയ അസ്വസ്ഥതയല്ലെന്നും രാഹുലിന്റെ യാത്രയോടുള്ള അസ്വസ്ഥതയാണ് അറസ്റ്റിന് കാരണമെന്നും ഷാഫി പറമ്പില്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനാണ് സംഭവത്തില്‍ കസ്റ്റഡിയിലായത്. ജിതിനാണ് സ്‌ഫോടകവസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. നിലവില്‍ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ജിതിനെ ചോദ്യം ചെയ്ത് വരികയാണ്.