സി.പി.ഐ.എമ്മും സര്‍ക്കാരും അതിജീവിതക്കൊപ്പം, പോരാട്ടം തുടരും: എം.വി. ഗോവിന്ദന്‍
Kerala
സി.പി.ഐ.എമ്മും സര്‍ക്കാരും അതിജീവിതക്കൊപ്പം, പോരാട്ടം തുടരും: എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th December 2025, 12:57 pm

തിരുവനന്തപുരം: സി.പി.ഐ.എം അതിജീവിതക്കൊപ്പമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേസിലെ ഗൂഢാലോചന തെളിയിക്കുന്നത് വരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും അതിജീവിതയ്ക്കൊപ്പം നില്‍ക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അതിജീവിതക്കൊപ്പം നിലയുറയ്ക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാനും വ്യക്തമാക്കി. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിടാനുണ്ടായ കോടതിയുടെ നിരീക്ഷണം മനസിലാക്കിയതിന് ശേഷം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആധികാരികമായ മറുപടി ഉണ്ടാകും. തുടര്‍ന്ന് ഉചിതമായ തീരുമാനം എടുക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

കുറ്റം ചെയ്തത് ആരാണെങ്കിലും എത്ര ഉന്നതരാണെങ്കിലും സര്‍ക്കാര്‍ എന്നും അതിജീവിതയ്ക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ അന്വേഷണം നടന്നതെന്നും വര്‍ഷങ്ങളോളം നീണ്ടുനിന്ന വിചാരണയാണ് ഈ കേസില്‍ ഉണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. അതിനായി കര്‍ശനമായ നിയമ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കമുള്ളവര്‍ക്കെതിരായ കുറ്റങ്ങളാണ് തെളിഞ്ഞത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഏഴ് മുതല്‍ 10 വരെയുള്ള പ്രതികളെ വെറുതെ വിടുകയും ചെയ്തു. ഗൂഢാലോചനാ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നാണ് വിധിയില്‍ പറയുന്നത്.

ഡിസംബര്‍ 12ന് ശിക്ഷാവിധി പുറപ്പെടുവിക്കും. നിലവില്‍ ആദ്യ ആറ് പ്രതികളെയും കോടതിയില്‍ നിന്ന് ജയിലേക്ക് മാറ്റി. കാക്കനാട് ജില്ലാ ജയിലിലേക്കാണ് പ്രതികളെ മാറ്റിയത്. ആറ് പേരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

അതേസമയം വിധി വന്നതിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ദിലീപ്, മഞ്ജു വാര്യരെയടക്കം പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചു.

Content Highlight: M.V. Govindan react in verdict of actress attack case