പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും ഉപയോഗിക്കുന്നത് ജീര്‍ണമായ പദപ്രയോഗങ്ങള്‍, അവര്‍ക്ക് സഭ ചേരണമെന്നില്ല: എം.വി. ഗോവിന്ദന്‍
Kerala News
പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും ഉപയോഗിക്കുന്നത് ജീര്‍ണമായ പദപ്രയോഗങ്ങള്‍, അവര്‍ക്ക് സഭ ചേരണമെന്നില്ല: എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th March 2023, 11:49 am

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ വിമര്‍ശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പ്രതിപക്ഷത്തിനിടയില്‍ തന്നെ പ്രശ്‌നങ്ങളാണെന്നും ഇത് മൂടിവെക്കാനുള്ള മറയാണ് അസംബ്ലിയിലെ ബഹളങ്ങളെന്നും അദ്ദേഹം പറഞ്ഞു. അവര്‍ സഭാ സംവിധാനത്തോട് യോജിച്ച് പോയാല്‍ പ്രശ്‌നമുണ്ടാവില്ലെന്നും ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ ജീര്‍ണമായ പദപ്രയോഗങ്ങളാണ് പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും നടത്തികൊണ്ടിരിക്കുന്നതെന്നും തിരുവനന്തപുരത്ത് വെച്ച് നടത്തിയ പത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

‘അവര്‍ക്ക് നിയമ സഭ കൂടണമെന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ അജണ്ടയൊന്നുമില്ല. ആകെയുള്ള ഒരു പ്രശ്‌നം അവര്‍ തമ്മില്‍ തന്നെ വലിയ പ്രശ്‌നമാണെന്നാണ്. അതിനെയൊക്കെ മൂടി വെക്കാനുള്ള മറ ആയിട്ടാണ് അസംബ്ലിയിലെ അക്രമങ്ങളും പ്രശ്‌നങ്ങളുമൊക്കെ അരങ്ങേറ്റുന്നത്. അത് അങ്ങനെയേ കാണാന്‍ സാധിക്കുകയുള്ളൂ.

അവര്‍ ശരിയായ രീതിയില്‍ സഭാ സംവിധാനത്തോട് യോജിച്ച് പോയാല്‍ പിന്നെ വേറെ പ്രശ്‌നമൊന്നുമില്ല. പക്ഷേ അവര്‍ യോജിക്കുന്നില്ല. ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ ജീര്‍ണമായ പദപ്രയോഗങ്ങളും പ്രശ്‌നങ്ങളുമാണ് പ്രതിപക്ഷ നേതാവായാലും കെ.പി.സി.സി പ്രസിഡന്റായാലും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയത്തിന് പകരം വ്യക്തികളെ അധിക്ഷേപിക്കാനുള്ള ഫ്യൂഡല്‍ ജീര്‍ണതയുടെ പദപ്രയോഗങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ട്,’ എം. വി. ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രതിരോധ ജാഥ ശനിയാഴ്ച തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പുത്തരിക്കണ്ടം മൈതാനത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനം സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള പ്രചരണത്തിനൊപ്പം സംസ്ഥാന സര്‍ക്കാരിനേയും പാര്‍ട്ടിയേയും ബാധിച്ച വിവാദങ്ങള്‍ക്കുള്ള രാഷ്ട്രീയ വിശദീകരണം എന്നതായിരുന്നു പ്രതിരോധ ജാഥയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

Content Highlight: M.V. Govindan criticized the opposition protest in the assembly