ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമായി പ്രഖ്യാപിക്കും; അത് ഫാസിസത്തിലേക്കുള്ള യാത്രയായിരിക്കും: എം.വി. ഗോവിന്ദന്‍
Kerala News
ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമായി പ്രഖ്യാപിക്കും; അത് ഫാസിസത്തിലേക്കുള്ള യാത്രയായിരിക്കും: എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th March 2023, 3:09 pm

തിരുവനന്തപുരം: 2024ല്‍ വീണ്ടും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ 2025ലെ ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്ത്യയെ ഹിന്ദുത്വ രാജ്യമായി പ്രഖ്യാപിക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അത് ഫാസിസത്തിലേക്കുള്ള യാത്രയായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘2024ല്‍ വീണ്ടും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍, വരാന്‍ പാടില്ല, വരികയാണെങ്കില്‍ 2025ല്‍ ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികത്തില്‍ ഹിന്ദുത്വ രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കും. അത് ഫാസിസത്തിലേക്കുള്ള യാത്രയാണ്.

ഇതാണ് ഞങ്ങള്‍ പറഞ്ഞുക്കൊണ്ടിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചതല്ലെന്നും ബി.ജെ.പിയുടെ ജനവിരുദ്ധ നിലപാടിനെയാണ് എതിര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചതല്ല, രാഹുല്‍ ഗാന്ധിയോട് ബി.ജെ.പി എടുത്തു കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധ നിലപാടിനെ ശക്തിയായി എതിര്‍ക്കുക എന്നതാണ്. അല്ലാതെ വ്യക്തിപരമായി ആരെയെങ്കിലും പിന്തുണക്കുന്നതല്ല.

ഞങ്ങളിത് ഓരോ ഘട്ടത്തിലും എടുത്തിട്ടുണ്ട്. ലക്ഷദ്വീപുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഞങ്ങള്‍ അതേ നിലപാടാണ് സ്വീകരിച്ചത്.

മനീഷ് സിസോദിയയുടെ കേസിലും, കവിതയെ ചോദ്യം ചെയ്തതിലും ഇതേ നിലപാടാണ് എടുത്തിരിക്കുന്നത്,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന് കവിതയെ ചോദ്യം ചെയ്തതിനെയോ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിനോ അഭിപ്രായമില്ലെന്നും തങ്ങള്‍ക്ക് പൊതുവായ അഭിപ്രായമാണെന്നും അതിലേതെങ്കിലും ഒരു കക്ഷിയെ തങ്ങള്‍ ഒഴിവാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ ഇ.ഡി, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ആര്‍.എസ്.എസും ബി.ജെ.പിയും ഉപയോഗിക്കുകയാണെന്നും ഇതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് മുന്നോട്ട് വരാന്‍ ആവശ്യമായ രീതിയില്‍ വഴി തുറക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് ആര്‍ക്കെങ്കിലും അനുകൂലമായ നിലപാടല്ല ഞങ്ങള്‍ എടുക്കുക. കേരളത്തില്‍ കോണ്‍ഗ്രസിനെ അതിശക്തമായ രീതിയില്‍ എതിര്‍ത്ത് മുന്നോട്ട് പോകുക തന്നെയാണ് ചെയ്യുന്നത് അതിനൊന്നും യാതൊരു വിട്ടുവീഴ്ചയും പാര്‍ട്ടി ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല,’ എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

content highlight: m v govindan about bjp