നിലമ്പൂരില്‍ എം. സ്വരാജ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി
Kerala News
നിലമ്പൂരില്‍ എം. സ്വരാജ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th May 2025, 12:28 pm

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ സ്ഥാനാര്‍ത്ഥിയായി സി.പി.ഐ.എം നേതാവ് എം.സ്വരാജ് മത്സരിക്കും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പത്രസമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

ദിവസങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് എം.സ്വരാജാണ് സ്ഥാനാര്‍ത്ഥിയെന്ന പ്രഖ്യാപനം. വീണ്ടും സ്വതന്ത്രനെ തന്നെ സി.പി.ഐ.എം മണ്ഡലത്തില്‍ മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു.

മലപ്പുറം നിലമ്പൂര്‍ സ്വദേശിയും 2016ല്‍ തൃപ്പൂണിത്തുറ എം.എല്‍.എയുമായിരുന്നു എം.സ്വരാജ്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് അദ്ദേഹം.

ജൂണ്‍ 19നാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 23ന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ജൂണ്‍ രണ്ടിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

പി.വി. അന്‍വര്‍ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂര്‍ വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. വലിയ തോതിലുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു അന്‍വറിന്റെ രാജി.

നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആര്യാടന്‍ ഷൗക്കത്താണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. യു.ഡി.എഫിലേക്ക് പോവാനൊരുങ്ങിയ പി.വി അന്‍വറിന്റെ പ്രവേശനത്തിന്റെ കാര്യത്തില്‍ തീരുമാനമാവാത്തതിനാല്‍ അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

Content Highlight: M. Swaraj is the LDF candidate in Nilambur.