അഭിനയത്തിന് പുറമെ സംവിധായകനായും നിര്‍മാതാവായും തിരക്കഥാകൃത്തായും പിന്നണി ഗായകനായും ഏറെ ശ്രദ്ധിക്കപ്പെട്ട തമിഴ് നടനാണ് എം. ശശികുമാര്‍. സംവിധായകരായ ബാല, അമീര്‍ എന്നിവരുടെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത് കൊണ്ടാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്.
എന്നാല്‍ ശശികുമാര്‍ തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത് 2008ല്‍ പുറത്തിറങ്ങിയ സുബ്രഹ്‌മണ്യപുരം എന്ന തന്റെ ആദ്യ സംവിധാന ചിത്രത്തിലൂടെയാണ്. അതുവരെ കാണാത്ത തരത്തിലുള്ള സിനിമാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു അത്.
പൃഥ്വിരാജ് സുകുമാരനൊപ്പം ശശികുമാര്‍ നായകനായി എത്തിയ മലയാള ചിത്രമാണ് മാസ്റ്റേഴ്‌സ്. ജോണി ആന്റണി സംവിധാനം ചെയ്ത ഈ സിനിമയില്‍ സുഹൃത്തുക്കളായിട്ടാണ് ഇരുവരും അഭിനയിച്ചത്. ഇപ്പോള്‍ മാസ്റ്റേഴ്‌സ് സിനിമയെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും പറയുകയാണ് ശശികുമാര്‍. സില്ലിമോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു നടന്‍.
‘പൃഥ്വിരാജ് സാറിന്റെ കൂടെ ഞാന്‍ മാസ്റ്റേഴ്‌സ് എന്ന സിനിമയിലാണ് വര്‍ക്ക് ചെയ്യുന്നത്. ഞാന്‍ ഉണ്ടെങ്കില്‍ മാത്രമേ വര്‍ക്ക് ചെയ്യുകയുള്ളൂവെന്ന് അദ്ദേഹം അന്ന് പറയുകയായിരുന്നു. ആദ്യം എന്നെ കൊണ്ടുവരാന്‍ പറഞ്ഞതും ജോണി ആന്റണി സാറും റൈറ്ററും എന്നെ കാണാന്‍ വരികയായിരുന്നു.
അവര്‍ കഥ പറഞ്ഞതും എനിക്ക് ഇഷ്ടമാകുകയും ഞാന്‍ ചെയ്യാമെന്ന് പറയുകയും ചെയ്തു. പൃഥ്വിരാജ് സാറിന്റെ കൂടെ വളരെ നന്നായി അതില്‍ എനിക്ക് വര്‍ക്ക് ചെയ്യാനായി. സിനിമയുടെ സമയത്തെ സംഭവങ്ങളൊക്കെ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.
ഡയലോഗൊക്കെ പഠിക്കാന്‍ നല്ല കഷ്ടമായിരുന്നു. ജോണി സാര്‍ ആദ്യമേ ഡയലോഗുകള്‍ തന്നിരുന്നു. ഞാന്‍ ആണെങ്കില്‍ അതൊക്കെ കാണാതെ പഠിക്കുകയായിരുന്നു. ഓരോ സീന്‍ നമ്പറും ചേര്‍ത്താണ് ഞാന്‍ പഠിച്ചത്. ഇപ്പോഴും ‘സീന്‍ നമ്പര്‍ 22’ എന്ന് പറഞ്ഞാല്‍ ഞാന്‍ ആ ഡയലോഗ് പറയും (ചിരി).
അതില്‍ ഒരു ഡയലോഗ് പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടായത് കാരണം ഞാന്‍ അത് റെക്കോര്‍ഡ് ചെയ്തിട്ട് കേട്ട് പഠിക്കുകയായിരുന്നു. നടക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം ആ ഡയലോഗാണ് കേള്‍ക്കുക. ‘സീന്‍ നമ്പര്‍ 22’ എന്ന് കേട്ടാല്‍ എനിക്ക് ആ ഡയലോഗ് ഓര്‍മ വരും.
സത്യത്തില്‍ മാസ്റ്റേഴ്‌സില്‍ എനിക്കായിരുന്നു കൂടുതല്‍ ഡയലോഗുകള്‍ ഉണ്ടായിരുന്നത്. പൃഥ്വിരാജ് സാറിനും ബാക്കിയുള്ളവര്‍ക്കും കുറച്ച് ഡയലോഗുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നേ തന്നെ എനിക്ക് പൃഥ്വിരാജ് സാര്‍ എന്നെങ്കില്‍ സിനിമ സംവിധാനം ചെയ്യുമെന്ന് അറിയാമായിരുന്നു.
ഞാന്‍ ആ കാര്യം അദ്ദേഹത്തോട് പറഞ്ഞിട്ടുമുണ്ട്. കാരണം ഷൂട്ട് ചെയ്യുന്ന സമയത്ത് ലൈറ്റിങ്ങിനെ കുറിച്ചും മറ്റുമൊക്കെ അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. ഇടയ്ക്ക് ഞാന്‍ ഡയലോഗ് പറയുമ്പോള്‍ ‘സാര്‍ ഒന്ന് വെയിറ്റ് ചെയ്യൂ. ലൈറ്റ് പോകുന്നു’ എന്ന് പറയുമായിരുന്നു. ടെക്‌നിക്കലായ കാര്യങ്ങളൊക്കെ അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു.
അതുകൊണ്ട് പൃഥ്വിരാജ് സാര്‍ ഒരിക്കല്‍ സംവിധാനം ചെയ്യുമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. നിങ്ങള്‍ എന്നെങ്കിലും സിനിമയെടുക്കുമെന്ന് ഞാന്‍ പറയുമ്പോള്‍ ‘ഇല്ല സാര്‍’ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. നിങ്ങള്‍ക്ക് ഡയറക്ട് ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ പറയുമ്പോഴും ‘അത് സാര്‍ സംവിധായകനായിട്ട് എന്നെ നോക്കുന്നത് കൊണ്ടാണ്’ എന്നായിരുന്നു മറുപടി പറയാറുള്ളത്,’ എം. ശശികുമാര്‍ പറയുന്നു.
Content Highlight: M Sasikumar Talks About Prithviraj Sukumaran