തിരുവനന്തപുരം: ശബരിമല ട്രാക്ടര്‍ വിവാദത്തെ തുടര്‍ന്ന് എം.ആര്‍. അജിത് കുമാറിനെ എക്‌സൈസ് കമ്മീഷ്ണറായി നിയമിച്ചു. പൊലീസ് ബെറ്റാലിയന്‍ എ.ഡി.ജി.പി സ്ഥാനത്ത് നിന്നാണ് അജിത് കുമാറിനെ നീക്കം ചെയ്തത്. പൊലീസ് അക്കാഡമിയിലേക്കോ ജയിലിലേക്കോ എക്‌സൈസിലേക്കോ അജിത്കുമാറിനെ മാറ്റുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എക്‌സൈസിലേക്കുള്ള അജിത് കുമാറിന്റെ സ്ഥലം മാറ്റം നേരത്തെ റദ്ദാക്കിയിരുന്നു. നിലവിലെ എക്‌സൈസ് കമ്മീഷ്ണര്‍ മഹിപാല്‍ യാദവ് ചികിത്സ ആവശ്യത്തിന് വേണ്ടി അവധിയിലാണ്. മാത്രമല്ല അദ്ദേഹത്തിന് ഇനി കുറച്ച് കാലം മാത്രമേ സര്‍വീസ് ബാക്കിയുള്ളൂ. ഈ സാഹചര്യത്തിലാണ് അജിത് കുമാറിന്റെ നിയമനം.
ലഹരിയുമായി ബന്ധപ്പെട്ട കേസുകള്‍ സജീവമായിക്കൊണ്ടിരിക്കുമ്പോള്‍ എക്‌സൈക്‌സ് കമ്മീഷ്ണര്‍ കസേരയില്‍ ഉന്നത ഉദ്യോഗസ്ഥന്‍ ഇല്ലാതിരിക്കുന്നത് ശരിയല്ലെന്ന നിലപാടിനെ തുടര്‍ന്നാണ് അജിത് കുമാറിന്റെ പുതിയ നിയമനം.
കണ്ണൂര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ (ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം) ജയില്‍ മേധാവിയെ മാറ്റി പകരം എം.ആര്‍ അജിത് കുമാറിനെ നിയമിക്കുമെന്ന ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍ ഉണ്ടായിരുന്നെങ്കിലും എക്‌സൈസ് കമ്മീഷ്ണറായിട്ടാണ് അജിത് കുമാറിന്റെ പുതിയ നിയമനം. ഈ മാറ്റം സംബന്ധിച്ച് കാര്യങ്ങള്‍ ഹൈക്കോടതി അറിയിക്കും. അതേസമയം ബറ്റാലിയന്റെ ചുമതല പൊലീസ് ആസ്ഥാന എ.ഡി.ജി.പി ആര്‍ ശ്രീജിത്തിന് നല്‍കാനുമാണ് തീരുമാനിച്ചത്.
ശബരിമലയില്‍ ദര്‍ശനത്തിന് ട്രാക്ടറില്‍ എത്തിയതോടെയാണ് അജിത്ത് കുമാറിനെതിരെ നടപടിയുണ്ടായത്. ശബരിമലയിലേക്ക് ട്രാക്ടറില്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ടാണ് എ.ഡി.ജി.പി ട്രാക്ടറിലെത്തിയത്.
ചരക്കുനീക്കത്തിന് മാത്രമായിരിക്കണം ട്രാക്ടര്‍ ഉപയോഗിക്കേണ്ടതെന്ന് നിര്‍ദേശം മറികടന്നാണ് അജിത്ത് കുമാര്‍ ട്രാക്ടറില്‍ ശബരിമിലയില്‍ എത്തിയത്. ക്യാമറയില്ലാത്ത ഭാഗത്ത് വെച്ച് ട്രാക്ടറില്‍ കയറിയ എ.ഡി.ജി.പി സന്നിധാനം വരെ ട്രാക്ടറിലാണ് യാത്ര ചെയ്തത്.
എ.ഡി.ജി.പി ദര്‍ശനം അനുവദിക്കുന്നതിനായി മറ്റ് ഭക്തരെ പൊലീസ് പിടിച്ച് മാറ്റുന്നതായും അവിടെ നില്‍ക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടര്‍ ടി.വി പുറത്ത് വിട്ട വീഡിയോയിലുണ്ട്. ഏകദേശം ആറ് മിനുട്ടോളമാണ് അജിത്ത് കുമാര്‍ ഇപ്രകാരം പ്രത്യേക പരിഗണനയോടെ നടയ്ക്ക് മുന്നില്‍ നിന്നത്.
Content Highlight: M.R Ajith Kumar has been posted to Excise from the Police Battalion