വെറും ബിസ്‌ക്കറ്റും ചായയും കഴിച്ചാണ് ലാലേട്ടന്‍ ഗുണാ കേവില്‍ സര്‍വൈവ് ചെയ്തത്: എം. പദ്മകുമാര്‍
Malayalam Cinema
വെറും ബിസ്‌ക്കറ്റും ചായയും കഴിച്ചാണ് ലാലേട്ടന്‍ ഗുണാ കേവില്‍ സര്‍വൈവ് ചെയ്തത്: എം. പദ്മകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th July 2025, 10:52 pm

മലയാളത്തിലെ മുന്‍നിര സംവിധായകരുടെയൊപ്പം സഹായിയായി സിനിമാജീവിതം ആരംഭിച്ചയാളാണ് എം. പദ്മകുമാര്‍. ഹരിഹരന്‍, ജോഷി, ഷാജി കൈലാസ്, രഞ്ജിത് എന്നിവരുടെ കൂടെ പ്രവര്‍ത്തിച്ച പദ്മകുമാര്‍ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. മലയാളത്തില്‍ ഒരുപിടി മികച്ച ചിത്രങ്ങളൊരുക്കിയ അദ്ദേഹം തമിഴിലും തന്റെ സാന്നിധ്യമറിയിച്ചു.

മോഹന്‍ലാലിനെ നായകനാക്കി പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ശിക്കാര്‍. എസ്. സുരേഷ് ബാബുവിന്റെ രചനയിലൊരുങ്ങിയ ആക്ഷന്‍ ഡ്രാമ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കി. ചിത്രത്തിന്റെ ക്ലൈമാക്‌സിലെ ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്തത് തമിഴ്‌നാട്ടിലെ ഗുണാ കേവുകളിലായിരുന്നു. അപകടം പിടിച്ച ഗുണാ കേവില്‍ ഷൂട്ട് ചെയ്ത ആദ്യ മലയാളചിത്രം കൂടിയാണ് ശിക്കാര്‍.

ഗുണാ കേവിലെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ പദ്മകുമാര്‍. വളരെ പ്രയാസപ്പെട്ടാണ് ഗുണാ കേവിലെ ആക്ഷന്‍ സീനുകള്‍ ചിത്രീകരിച്ചതെന്ന് പദ്മകുമാര്‍ പറഞ്ഞു. ക്രൂവിന് താഴേക്കിറങ്ങാന്‍ ബുദ്ധിമുട്ടായിരുന്നെന്നും രാവിലെ ഇറങ്ങിയാല്‍ വൈകുന്നേരം വരെ അവിടെ തന്നെയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയയോട് സംസാരിക്കുകയായിരുന്നു പദ്മകുമാര്‍.

‘ഗുണാ കേവിലെ ഷൂട്ട് ഭയങ്കര പ്രയാസമായിരുന്നു. ക്രൂവിനെ മുഴുവന്‍ അവിടെയെത്തിക്കാനും തിരികെ കൊണ്ടുപോരാനും നല്ല പ്രയാസമായിരുന്നു. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയായിരുന്നു ഷൂട്ടിനുള്ള പെര്‍മിഷന്‍. രാവിലെ താഴേക്ക് പോയാല്‍ പിന്നെ മുകളിലേക്ക് വരാന്‍ പറ്റില്ല. വൈകുന്നേരം മാത്രമാണ് എല്ലാവരും തിരിച്ചു വരുന്നത്.

രാവിലെ പോകുന്ന സമയത്ത് ബിസ്‌ക്കറ്റും ചായയും മാത്രമേ അങ്ങോട്ട് കൊണ്ടുപോകാന്‍ പറ്റുമായിരുന്നുള്ളൂ. ഗുണാ കേവിലെ ഷൂട്ട് കഴിയുന്നത് വരെ എല്ലാ ദിവസവും താഴെ ബിസ്‌ക്കറ്റും ചായയും മാത്രം കഴിച്ചാണ് ലാലേട്ടന്‍ സര്‍വൈവ് ചെയ്തത്. അദ്ദേഹം ഒരു പരാതിയും പറയാതെ കൂടെ നിന്നു. അതിന്റെ ഔട്പുട് സിനിമയില്‍ കിട്ടുകയും ചെയ്തു.

സിനിമയില്‍ ആ സ്ഥലം ഗുണാ കേവെന്ന രീതിയിലല്ല കാണിച്ചത്. അന്ന് ആ സ്ഥലം അത്ര ഫേമസല്ല. കേരളത്തിലെ ഒരു കാട്ടിലെ ഗുഹ എന്ന രീതിയിലാണ് അതിനെ കാണിച്ചത്. ഇപ്പോഴാണല്ലോ ഗുണാ കേവ് ഫേമസായത്. ഇന്നാണ് അവിടെ ഷൂട്ടെങ്കില്‍ വലിയ സ്വീകാര്യത കിട്ടിയേനെ. അന്ന് ആ സീനിന് പ്രതീക്ഷിച്ച സ്വീകരണം കിട്ടിയില്ല,’ എം. പദ്മകുമാര്‍ പറഞ്ഞു.

Content Highlight: M Padmakumar shares the difficulties faced while Shooting in Guna Cave for Shikkar movie