നമ്മളൊരു നല്ല സിനിമ ചെയ്തു, അവര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ വേണ്ട എന്നായിരുന്നു ആ സിനിമ പരാജയപ്പെട്ടപ്പോള്‍ മമ്മൂക്ക പറഞ്ഞത്: എം. പദ്മകുമാര്‍
Entertainment
നമ്മളൊരു നല്ല സിനിമ ചെയ്തു, അവര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ വേണ്ട എന്നായിരുന്നു ആ സിനിമ പരാജയപ്പെട്ടപ്പോള്‍ മമ്മൂക്ക പറഞ്ഞത്: എം. പദ്മകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th July 2025, 3:58 pm

രഞ്ജിത്ത്, ഷാജി കൈലാസ്, ജോഷി എന്നിവരുടെ സംവിധാനസഹായിയായി സിനിമാലോകത്തേക്കെത്തിയ ആളാണ് എം. പദ്മകുമാര്‍. രഞ്ജിത് തിരക്കഥയൊരുക്കിയ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെ അദ്ദേഹം സ്വതന്ത്രസംവിധായകനായി. മലയാളത്തിലും തമിഴിലുമായി 20ലധികം ചിത്രങ്ങള്‍ പദ്മകുമാര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു.

മമ്മൂട്ടിയെ നായകനാക്കി പദ്മകുമാര്‍ സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പരുന്ത്. വന്‍ ഹൈപ്പിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായി മാറി. അര്‍ധരാത്രി 12 മണിക്ക് ഫാന്‍സ് ഷോ നടത്തിയ ആദ്യത്തെ മലയാളസിനിമ കൂടിയായിരുന്നു പരുന്ത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് പദ്മകുമാര്‍.

ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങളെക്കാള്‍ മറക്കാനാകാത്തത് റിലീസിന് ശേഷമുണ്ടായ ഒരു സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. പരുന്ത് പരാജയമായതിന് ശേഷം താനും രഞ്ജിത്തും പൊള്ളാച്ചിയില്‍ മായാബസാറിന്റെ ലൊക്കേഷനില്‍ പോയിരുന്നെന്ന് പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. സെറ്റിലെത്തിയ തന്നെ അടുത്തേക്ക് വിളിച്ച് മമ്മൂട്ടി ആശ്വസിപ്പിച്ചെന്നും അത് തനിക്ക് വലിയൊരു അനുഭവമായിരുന്നെന്നും അദ്ദേഹം പറയുന്നു. ഓണ്‍ലുക്കേഴ്‌സ് മീഡിയയോട് സംസാരിക്കുകയായിരുന്നു പദ്മകുമാര്‍.

‘പരുന്ത് സിനിമയെക്കുറിച്ച് പറയുമ്പോള്‍ അതിന്റെ റിലീസിന് ശേഷം നടന്ന ഒരു സംഭവമാണ് പ്രത്യേകം എടുത്തുപറയേണ്ടത്. സിനിമ റിലീസായി, അത് തിയേറ്ററില്‍ ഫ്‌ളോപ്പായി. അതിന് ശേഷം ഞാനും രഞ്ജിത്തും മമ്മൂക്കയെ കാണാന്‍ വേണ്ടി പൊള്ളാച്ചിയില്‍ പോയി. അവിടെ മായാബസാറിന്റെ ഷൂട്ട് നടക്കുകയായിരുന്നു. ഹോട്ടലില്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം സെറ്റിലേക്ക് പോയെന്ന് അറിഞ്ഞു.

അങ്ങനെ ഞങ്ങള്‍ രണ്ടും സെറ്റിലെത്തി. മമ്മൂക്ക എന്നെ കണ്ടതും അടുത്തേക്ക് വിളിച്ചു. എന്നിട്ട് തോളില്‍ കൈ വെച്ചിട്ട് എല്ലാവരോടുമായി ‘ഇത് എന്റെ പരാജയപ്പെട്ട സിനിമയുടെ സംവിധായകനാണ്’ എന്ന് പറഞ്ഞു. അദ്ദേഹത്തിന് ആ സിനിമ പരാജയമായതില്‍ വലിയ വിഷമമൊന്നുമില്ലായിരുന്നു. ‘നമ്മളൊരു നല്ല സിനിമ ചെയ്തു, അവര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ വേണ്ട. നമുക്ക് വേറൊരു സിനിമ ചെയ്യാം’ എന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് ആ വാക്കുകള്‍ മറക്കാന്‍ കഴിയില്ല. സാധാരണയായി ഒരു സിനിമ ഫ്‌ളോപ്പായാല്‍ അതിന്റെ എല്ലാ പഴിയും സംവിധായകന്റെ മേലെ ഇടുന്ന സൂപ്പര്‍സ്റ്റാറുകളാണ് ഇവിടെയുള്ളത്. എന്നാല്‍ മമ്മൂക്ക എന്റെ കൂടെ നിന്ന് എന്നെ ഓക്കെയാക്കി. അത് മറക്കാനാകാത്ത അനുഭവമാണ്. മറ്റുള്ളവര്‍ അങ്ങനെ ചെയ്യുമോ എന്ന് എനിക്കറിയില്ല,’ പദ്മകുമാര്‍ പറഞ്ഞു.

Content Highlight: M Padmakumar shares Mammootty’s comment after the box office failure of Parunthu movie