ഈ രാത്രി തന്നെ പോകണോ എന്നായിരുന്നു അപകടത്തിന്റെ തലേദിവസം ആ നടന്‍ ജഗതി ചേട്ടനോട് ചോദിച്ചത്: എം. പദ്മകുമാര്‍
Malayalam Cinema
ഈ രാത്രി തന്നെ പോകണോ എന്നായിരുന്നു അപകടത്തിന്റെ തലേദിവസം ആ നടന്‍ ജഗതി ചേട്ടനോട് ചോദിച്ചത്: എം. പദ്മകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd July 2025, 1:34 pm

മലയാളസിനിമയുടെ ഹാസ്യസാമ്രാട്ട് എന്നറിയപ്പെടുന്ന നടനാണ് ജഗതി ശ്രീകുമാര്‍. കോമഡി വേഷങ്ങളില്‍ പകരക്കാരില്ലാത്ത പ്രകടനം പുറത്തെടുത്ത അദ്ദേഹം 2012ല്‍ നടന്ന അപകടത്തിന് പിന്നാലെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കോഴിക്കോടിനടുത്ത് വെച്ച് അദ്ദേഹം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു.

തിരുവമ്പാടി തമ്പാന്‍ എന്ന സിനിമയുടെ സെറ്റില്‍ നിന്ന് മറ്റൊരു സിനിമയുടെ സെറ്റിലേക്ക് പോകവെയായിരുന്നു ജഗതിക്ക് അപകടം സംഭവിച്ചത്. എം. പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജഗതിയുടെ ബാക്കി രംഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയായിരുന്നു. ചിത്രത്തെക്കുറിച്ചും ജഗതി ശ്രീകുമാറിനെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ എം. പദ്മകുമാര്‍

ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ ചാലക്കുടിയിലായിരുന്നെന്നും ആ സമയത്തായിരുന്നു ജഗതിക്ക് അപകടം നടന്നതെന്നും പദ്മകുമാര്‍ പറഞ്ഞു. അപകടവിവരം അറിഞ്ഞപ്പോള്‍ തങ്ങള്‍ ഷോക്കായെന്നും എന്നാല്‍ അത്രക്ക് സീരിയസാണെന്ന് ആ സമയത്ത് അറിയില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയയോട് സംസാരിക്കുകയായിരുന്നു എം. പദ്മകുമാര്‍.

‘ജഗതി ചേട്ടന്റെ ആക്‌സിഡന്റ് ന്യൂസ് എല്ലാവരെയും പോലെ ഞങ്ങള്‍ക്കും വലിയ ഷോക്കായിരുന്നു. സത്യം പറഞ്ഞാല്‍ ആദ്യം അത് വിശ്വസിക്കാനായില്ല. പടത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ ചാലക്കുടിയില്‍ നടക്കുന്നതിന്റെ ഇടയിലായിരുന്നു അപകടം. ചാലക്കുടിയിലെ ഷൂട്ട് തീര്‍ന്നപ്പോള്‍ പുലര്‍ച്ചെ രണ്ട് മണിയായി. അടുത്തദിവസം രാവിലെ മൈസൂരില്‍ എത്താന്‍ വേണ്ടി ജഗതി ചേട്ടന്‍ അപ്പോള്‍ തന്നെ ഇറങ്ങി.

‘രാത്രി തന്നെ പോണോ, രാവിലെ പോയാല്‍ പോരെ’ എന്ന് വേണുചേട്ടന്‍ ചോദിച്ചതായിരുന്നു. ‘സാരമില്ല, അറിയാവുന്ന വഴിയും ഡ്രൈവറുമല്ലേ’ എന്ന് പറഞ്ഞ് ജഗതിച്ചേട്ടന്‍ പോയി. രാവിലെ ഞങ്ങള്‍ എഴുന്നേറ്റപ്പോള്‍ ഏഴരയെങ്ങാണ്ട് ആയി. ആദ്യം കേട്ടത് ഈ ആക്‌സിഡന്റായിരുന്നു. ആദ്യം വിചാരിച്ചത് ചെറിയ അപകടമായിരിക്കുമെന്നാണ്. പക്ഷേ, ആശുപത്രിയിലെത്തിയപ്പോഴാണ് അതിന്റെ സീരിയസ്‌നെസ്സ് മനസിലായത്.

ജഗതി ചേട്ടന് ഒരു സോങ്ങും രണ്ടുമൂന്ന് സീനും ബാക്കിയുണ്ടായിരുന്നു. അത് മുഴുവന്‍ ഒഴിവാക്കി. പിന്നെ വേറൊരാളെക്കൊണ്ടാണ് ജഗതിച്ചേട്ടന്റെ സീനുകളൊക്കെ ഡബ്ബ് ചെയ്തത്. അദ്ദേഹം ഇല്ലാത്ത മലയാളസിനിമ അംഗീകരിക്കാനാകുന്നില്ല. വേറെയാര്‍ക്കും അദ്ദേഹത്തിന്റെ സ്ഥാനത്ത് എത്താനായിട്ടില്ല,’ പദ്മകുമാര്‍ പറഞ്ഞു.

Content Highlight: M Padmakumar about Jagathy Sreekumar’s accident