അവരാണ് സിനിമ നിര്‍മിക്കുന്നതെങ്കില്‍ പണം വാങ്ങാതെ അഭിനയിക്കാമെന്ന് മമ്മൂക്ക വാക്കുതന്നു: സംവിധായകന്‍ എം. മോഹനന്‍
Entertainment
അവരാണ് സിനിമ നിര്‍മിക്കുന്നതെങ്കില്‍ പണം വാങ്ങാതെ അഭിനയിക്കാമെന്ന് മമ്മൂക്ക വാക്കുതന്നു: സംവിധായകന്‍ എം. മോഹനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th June 2025, 10:53 pm

ശ്രീനിവാസന്റെ തിരക്കഥയില്‍ എം. മോഹനന്‍ സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കഥ പറയുമ്പോള്‍. ശ്രീനിവാസന്‍ നായകനായ സിനിമയില്‍ മീനയും മമ്മൂട്ടിയുമായിരുന്നു മറ്റ് പ്രധാനവേഷങ്ങളില്‍ എത്തിയത്.

ശ്രീനിവാസന്‍ ബാര്‍ബര്‍ ബാലനായി എത്തിയപ്പോള്‍ മമ്മൂട്ടി സൂപ്പര്‍സ്റ്റാര്‍ അശോക് രാജായാണ് അഭിനയിച്ചത്. ഇപ്പോള്‍ ഈ ചിത്രത്തിലേക്ക് മമ്മൂട്ടിയെ കൊണ്ടുവന്നതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ എം. മോഹനന്‍.

കഥ പറയുമ്പോള്‍ സിനിമയുടെ വണ്‍ലൈന്‍ റെഡിയായപ്പോള്‍ ഒരൊറ്റ കണ്ടീഷന്‍ മാത്രമാണ് ശ്രീനിയേട്ടന്‍ വെച്ചത്. സൂപ്പര്‍സ്റ്റാര്‍ അശോക് രാജിന്റെ റോള്‍ മമ്മൂട്ടി ചെയ്യണം എന്നതായിരുന്നു അത്. അഞ്ചോ ആറോ സീനുകളേ മമ്മൂട്ടിക്ക് ഉണ്ടാവുകയുള്ളൂ, അതിഥി വേഷമായിരിക്കും.

പ്രധാന കഥാപാത്രം നെടുമുടി വേണുച്ചേട്ടനെയൊ മറ്റോ വെച്ച് ചെയ്യിപ്പിക്കാമെന്ന് ശ്രീനിയേട്ടന്‍ പറഞ്ഞു. എന്നാല്‍ പ്രധാനകഥാപാത്രം വേണുച്ചേട്ടനെക്കാള്‍ ശ്രീനിയേട്ടന്‍ തന്നെ ചെയ്യുന്നതായിരിക്കും യോജിക്കുകയെന്ന് ഞാന്‍ പറഞ്ഞു.

അത് പിന്നെ ആലോചിക്കാം, പക്ഷേ മമ്മൂട്ടി വരാതെ സിനിമ നില്‍ക്കില്ലെന്നാണ് ശ്രീനിയേട്ടന്‍ തന്ന മറുപടി. അതേസമയം അതിഥി വേഷത്തിലൊക്കെ മെഗാസ്റ്റാറായ മമ്മൂക്ക വരുമോ എന്ന ടെന്‍ഷനായിരുന്നു എനിക്ക്.

മമ്മൂക്കയില്ലെങ്കില്‍ സിനിമ ചെയ്തിട്ടും കാര്യമില്ലെന്ന് മനസിലായി. കഥ കേട്ടാല്‍ മമ്മൂക്ക സമ്മതിക്കുമെന്ന് മനസ് പറഞ്ഞു. എന്നാലും ചെറിയ ആശങ്ക അപ്പോഴുമുണ്ടായിരുന്നു. അങ്ങനെ കുറച്ച് കാത്തിരുന്നു.

അതിനിടെ ആന്റോ ചേട്ടന്‍ കഥ കേട്ടു. ഇത് മമ്മൂക്ക ചെയ്യുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. അതോടെ എനിക്കും കോണ്‍ഫിഡന്‍സായി. അങ്ങനെ ഭാര്‍ഗവചരിതം മൂന്നാംഖണ്ഡം എന്ന സിനിമയുടെ സെറ്റില്‍ മമ്മൂക്കയെ കണ്ട് കഥ പറഞ്ഞു.

കഥ കേട്ട് സന്തോഷത്തോടെ നമ്മള്‍ ഇത് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പല പല നിര്‍മാതാക്കള്‍ വരികയും പോകുകയും ചെയ്തു. മുകേഷേട്ടന്‍ ഒരുദിവസം കഥ കേട്ട് ‘ശ്രീനി ഇത് നമുക്ക് നിര്‍മിച്ചാലോ’ എന്ന് ചോദിച്ചു.

ശ്രീനിയും മുകേഷുമാണ് നിര്‍മിക്കുന്നതെങ്കില്‍ പണം മേടിക്കാതെ അഭിനയിക്കാമെന്ന് മമ്മൂക്കയും വാക്ക് തന്നു. അതോടെ എല്ലാവര്‍ക്കും ആവേശമായി. അങ്ങനെ ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ ശ്രീനിവാസന്‍ – മുകേഷ് കുട്ടുകെട്ടില്‍ ആ സിനിമ ചെയ്തു,’ എം. മോഹനന്‍ പറയുന്നു.

Content Highlight: M Mohanan Talks About Mammootty And Katha Parayumbol Movie