സത്യന്‍ അന്തിക്കാടിന്റെ സംവിധാനസഹായിയായി കരിയര്‍ ആരംഭിച്ചയാളാണ് എം. മോഹനന്‍. ശ്രീനിവാസന്‍, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് മോഹനന്‍ സ്വതന്ത്രസംവിധായകനായത്. പിന്നീട് മാണിക്യക്കല്ല്, 916, അരവിന്ദന്റെ അതിഥികള്‍, ഒരു ജാതി ജാതകം എന്നീ ചിത്രങ്ങള്‍ എം. മോഹനന്‍ അണിയിച്ചൊരുക്കി.
നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ അമ്മാവനാണ് എം. മോഹനന്‍. വിനീതിന്റെ പല സിനിമകള്‍ക്കും താന്‍ അഭിപ്രായം പറയാറുണ്ടെന്ന് മോഹനന്‍ പറഞ്ഞു. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന്റെ പ്രിവ്യൂ കണ്ടതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് എം. മോഹനന്‍. ചെന്നൈയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ പ്രിവ്യൂ എന്നും താനും ബേസിലും അന്ന് അവിടെ ഉണ്ടായിരുന്നെന്നും മോഹനന്‍ പറഞ്ഞു.
വളരെ നല്ല സിനിമയായാണ് തനിക്ക് തോന്നിയതെന്നും എന്നാല്‍ ബേസിലിന് ചില സീനുകളില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ആ സിനിമയെപ്പറ്റി ചര്‍ച്ച നടത്തിയെന്നും വിനീതിന് ഒന്നും തോന്നണ്ടെന്ന് കരുതി മോശം വശങ്ങള്‍ പറയണ്ടെന്ന് തങ്ങള്‍ തീരുമാനിച്ചെന്നും മോഹനന്‍ പറഞ്ഞു.
വിനീത് തങ്ങളോട് അഭിപ്രായം ചോദിച്ചപ്പോള്‍ തങ്ങള്‍ നല്ലത് മാത്രമേ പറഞ്ഞുള്ളൂവെന്നും എന്നാല്‍ നൈഗറ്റീവ് പറയാന്‍ വിനീത് തങ്ങളെ നിര്‍ബന്ധിച്ചെന്നും മോഹനന്‍ പറയുന്നു. ബേസില്‍ പിന്നീട് തനിക്ക് തോന്നിയ നെഗറ്റീവ് മുഴുവന്‍ പറഞ്ഞെന്നും വിനീത് അത് കേട്ട് അന്തംവിട്ടെന്നും മോഹനന്‍ പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു എം. മോഹനന്‍.
‘ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന പടത്തിന്റെ പ്രിവ്യൂ ചെന്നൈയില്‍ വെച്ചിട്ടായിരുന്നു. വിനീത് അതിന് എന്നെയും വിളിച്ചിട്ടുണ്ടായിരുന്നു. അവന്റെ പടത്തിന് ചിലപ്പോഴൊക്കെ അഭിപ്രായം പറയാറുണ്ട്. ആ പ്രിവ്യൂ കാണാന്‍ ബേസിലും വന്നിട്ടുണ്ടായിരുന്നു. നല്ല പടമായിരുന്നു അത്. എനിക്ക് വളരെ ഇഷ്ടമായി. സിനിമ കഴിഞ്ഞ് ഞാനും ബേസിലും തമ്മില്‍ ചെറിയൊരു ചര്‍ച്ചയുണ്ടായിരുന്നു.
ബേസിലിന് ആ പടത്തിലെ ചില സീനുകള്‍ വര്‍ക്കായില്ല. അത് അവന്‍ എന്നോട് പറയുകയും ചെയ്തു. പക്ഷേ പടത്തിന്റെ ടോട്ടാലിറ്റിയെ അത് ബാധിക്കാത്തതുകൊണ്ട് വിനീതിനോട് അതൊന്നും പറയണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു. പടം എങ്ങനെയുണ്ടെന്ന് വിനീത് ചോദിച്ചപ്പോള്‍ ഞങ്ങള്‍ നല്ലത് മാത്രം പറഞ്ഞു. ‘നിങ്ങള്‍ എന്തെങ്കിലും നെഗറ്റീവ് പറ’ എന്ന് വിനീത് നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അത് കേട്ടപ്പോള്‍ ബേസില്‍ അങ്ങ് കെട്ടഴിച്ചുവിട്ടതുപോലെ നെഗറ്റീവ് പറഞ്ഞു. വിനീത് അത് കേട്ട് അന്തം വിട്ട് നില്‍ക്കുകയായിരുന്നു,’ എം. മോഹനന്‍ പറഞ്ഞു.