'തല്ലുമാല പോലെയുള്ള സിനിമകൾക്കൊക്കെ അവാർഡുകൾ കിട്ടി; എന്തുകൊണ്ടാണ് ജനഗണമന അവാർഡിൽ തഴയപ്പെട്ടത്'
Entertainment
'തല്ലുമാല പോലെയുള്ള സിനിമകൾക്കൊക്കെ അവാർഡുകൾ കിട്ടി; എന്തുകൊണ്ടാണ് ജനഗണമന അവാർഡിൽ തഴയപ്പെട്ടത്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 31st July 2023, 8:37 am

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ നിന്നും എന്തുകൊണ്ടാണ് ജനഗണമന തഴയപ്പെട്ടതെന്ന് ചോദിച്ച് സംവിധായകൻ എം.എ. നിഷാദ്. തല്ലുമാല പോലെയുള്ള ചിത്രങ്ങൾക്ക് അവാർഡുകൾ ലഭിച്ചപ്പോൾ എന്തുകൊണ്ടാണ് പല സിനിമകളും തഴയപ്പെട്ടതെന്നും വ്യക്തിപരമായ അജണ്ട ഉണ്ടെന്ന് പറയുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത്തവണത്തെ അവാർഡ് നിർണയത്തിൽ രാഷ്ട്രീയമായ കളികൾ ഒന്നുമില്ല. വ്യക്തിപരമായ കളികൾ ആണ് സംരക്ഷിക്കപ്പെടുന്നത്.

മികച്ച രണ്ടാമത്തെ ചിത്രം അടിത്തട്ടാണ്. 44 സിനിമകളിൽ നിന്നും എന്തുകൊണ്ടാണ് ചില സിനിമകൾ തഴയപ്പെട്ടതെന്ന് എനിക്കറിയണം. അടിത്തട്ടുപോലെയുള്ള സിനിമകൾ തെരഞ്ഞെടുത്തിട്ട് ജനഗണമന പോലെയുള്ള ചിത്രങ്ങൾ തഴയപ്പെട്ടതെതുകൊണ്ടാണെന്ന് അവർ പറയണം. അല്ലെങ്കിൽ അവർ 44 സിനിമകളും മറ്റുള്ളവരെ കാണിക്കട്ടെ.

തല്ലുമാല പോലെയുള്ള സിനിമയൊക്കെ അവാർഡ് കൊടുക്കാൻ വേണ്ടി തെരഞ്ഞെടുത്തു. അഡാപ്‌ഷൻ സ്ക്രിപ്റ്റിന് ഉള്ള അവാർഡ് ഒരു തെക്കൻ തല്ല് കേസിന് കൊടുത്തു. ഇതിന്റെയൊക്കെ കഥ മോശമാണെന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ തഴയപ്പെട്ട ചിത്രങ്ങൾ ഇതിൽ നിന്നും മോശമാണെന്ന് പറയാനുള്ള കാരണങ്ങൾ എനിക്കറിയണം.

സർക്കാരിനെ പല രീതിയിൽ വിമർശിക്കുന്നവർ വരെ ജൂറി അംഗങ്ങൾ ആയിട്ടുണ്ട്, അപ്പോൾ അവിടെ നടന്നത് രാഷ്ട്രീയ അജണ്ട അല്ല. വ്യക്തിപരമായ താൽപര്യങ്ങൾ അവാർഡ് ദാനത്തിൽ നടന്നിട്ടുണ്ടോ എന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റം പറയാൻ പറ്റില്ല,’ നിഷാദ് പറഞ്ഞു.

ഈയിടെ പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് എതിർ അഭിപ്രായങ്ങൾ വന്നിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകന്‍ വിനയന്‍ സോഷ്യൽ മീഡിയ വഴി രംഗത്തെത്തിയിരുന്നു. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടുവെന്നാണ് വിനയന്‍ ആരോപിച്ചിരിക്കുന്നത്.

Content Highlights: M. A. Nishad on Thallumaala movie nad Janaganamana movie