'ഭൂതകാലത്തിളക്കത്തില്‍ നിര്‍വൃതിയടയും മുമ്പ് ആത്മപരിശോധന അനിവാര്യം'; കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പലമടങ്ങ് ശക്തിപ്പെടേണ്ടതുണ്ടെന്ന് എം.എ ബേബി
Kerala News
'ഭൂതകാലത്തിളക്കത്തില്‍ നിര്‍വൃതിയടയും മുമ്പ് ആത്മപരിശോധന അനിവാര്യം'; കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പലമടങ്ങ് ശക്തിപ്പെടേണ്ടതുണ്ടെന്ന് എം.എ ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th October 2020, 12:02 pm

കൊച്ചി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ നൂറാം വാര്‍ഷികത്തിലെത്തി നില്‍ക്കുമ്പോള്‍ ഭൂതകാലത്തിന്റെ തിളക്കത്തില്‍ നിര്‍വൃതി അടയുന്നതില്‍ അര്‍ത്ഥമില്ലെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം. എ ബേബി. സമകാലിക മലയാളം വാരികയില്‍ നല്‍കിയ ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാര്‍ട്ടി ഇപ്പോള്‍ പിന്നോട്ടടികളിലൂടെ കടന്ന് പോകുന്നു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ലേഖനത്തില്‍ പറഞ്ഞു.

വര്‍ഗീയ-ജാതീയ-വിഭാഗീയ ശക്തികള്‍ വലിയ ബഹുജനസ്വാധീനമാര്‍ജിക്കുമ്പോള്‍ എന്തുകൊണ്ട് സി.പി.ഐ.എമ്മിനും ഇടത് പക്ഷത്തിനും ശ്രദ്ധേയമായ വളര്‍ച്ച ബഹുജന മുന്നേറ്റങ്ങളിലും ജനകീയ സമരങ്ങളിലും കൈവരിക്കാനാവുന്നില്ല എന്നത് പരിശോധിച്ച് പോകേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പും തകര്‍ന്നടിഞ്ഞപ്പോഴും പിടിച്ച് നിന്ന സി.പി.ഐ.എം ഇപ്പോള്‍ പിന്നോട്ടടികളിലൂടെയാണ് കടന്ന് പോകുന്നത് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിലേയും ത്രിപുരയിലേയും തെരഞ്ഞെടുപ്പ് പരാജയം ഉള്‍പ്പെടെ പാര്‍ട്ടിക്ക് എന്തുകൊണ്ട് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ആത്മാര്‍ത്ഥമായ അന്വേഷണങ്ങളാവണം അര്‍ത്ഥവത്തായ ശതാബ്ദി ആചരണമെന്നും എം.എ ബേബി പറഞ്ഞു.

അതേസമയം കൊളോണിയല്‍ ആധിപത്യത്തില്‍ നിന്നും രാഷ്ട്രം സ്വാതന്ത്ര്യം നേടിയിട്ട് 73 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാമ്പത്തിക അസമത്വവും ജാതീയമായ അടിച്ചമര്‍ത്തലും അതിരൂക്ഷമായി തുടരുന്നുവെന്ന് എം. എ ബേബി തന്റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

സവര്‍ണ്ണ ഫാസിസ്റ്റ് വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതകളും മതതീവ്രവാദവും സ്ത്രീപീഡനവും ന്യൂനപക്ഷ- ദളിത് ആദിവാസി വിഭാഗങ്ങളുടെ അരികുവല്‍കരണവും അടിച്ചമര്‍ത്തലുകളും ചൂഷണവും അതിഭയാനകമാണ്. രാഷ്ട്രീയത്തിന്റെ വലതുപക്ഷവത്കരണവും മാഫിയ സ്വാധീനവും പണാധിപത്യവും എല്ലാ പരിധികളും കടന്നിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങള്‍, ആര്‍.എസ്. എസ് നിയന്ത്രണത്തിലുള്ള കേന്ദ്ര ഭരണ കക്ഷിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന സാഹചര്യം കൂടുതല്‍ കൂടുതല്‍ ശക്തമായി രൂപപ്പെടുകയാണ്.

ഇതിനെല്ലാം എതിരായി വളര്‍ന്നു വരേണ്ട വിശാലമായ ബഹുജനസമര പ്രസ്ഥാനം ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകണമെങ്കില്‍ ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്ക് അതില്‍ ഫലപ്രദമായ പങ്കാളിത്തമുണ്ടാവണം. അത്തരമൊരു പങ്കാളിത്തമുണ്ടാവണമെങ്കില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇന്നത്തേതിനെയപേക്ഷിച്ച് പലമടങ്ങ് ശക്തിപ്പെടേണ്ടതുണ്ടെന്നും ബേബി ഫേസ്ബുക്കിലെഴുതി.

ഈ പ്രതിസന്ധികള്‍ മറികടക്കുന്നതിനുള്ള ബദല്‍ രാഷ്ട്രീയം ഉയര്‍ന്ന് വരുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സുപ്രധാന പങ്കുവഹിക്കാന്‍ കഴിയും. അതിന് കമ്മ്യൂണിസ്റ്റ് – ഇടതുപക്ഷ – സോഷ്യലിസ്റ്റ് മതേതര ശക്തികള്‍ സത്യസന്ധമായ ആത്മപരിശോധനയിലൂടെ ബലഹീനതകള്‍ തിരുത്തി ബഹുജന സ്വാധീനവും വിശ്വാസവും പലമടങ്ങ് വര്‍ദ്ധിപ്പിക്കുകയാണ് ഈ സാഹചര്യത്തിന്റെ അടിയന്തിരാവശ്യമെന്നും എം. എ ബേബി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: M. A Baby says Party should self criticize when celebrating 100 years of Communist Party of India