2008ൽ പുറത്തിറങ്ങിയ അല്ലു അർജുൻ ചിത്രം ‘ഹാപ്പി’യിലെ പാട്ടിലൂടെ സിനിമാഗാനരചനയിലേക്ക് കടന്നുവന്ന രചയിതാവാണ് സിജു തുറവൂർ. ഭക്തിഗാനങ്ങളിലൂടെയായിരുന്നു സിജുവിന്റെ എഴുത്തിന്റെ തുടക്കം. ‘മിഴിയഴക് നിറയും രാധ’, ‘ഒന്നാനാം അമ്പെടുത്ത്’ തുടങ്ങിയ ശ്രദ്ധേയമായ ഭക്തിഗാനങ്ങൾ സിജുവിന്റെ രചനകളാണ്. പിന്നീട് ‘ഹാപ്പി’യിലൂടെ സിനിമാഗാനരചനയിലേക്കും ചുവടുവെച്ചു. സിനിമയിലെ തന്റെ തുടക്കകാല അനുഭവങ്ങളും അല്ലു അർജുൻ ചിത്രങ്ങളിലേക്കുള്ള യാത്രയും ഓർത്തെടുക്കുകയാണ് സിജു തുറവൂർ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് സിജു തന്റെ ഓർമകൾ പങ്കുവെച്ചത്.
‘2008ലെ ഹാപ്പി എന്ന അല്ലു അർജുൻ സിനിമയിലെ പാട്ടിലൂടെയാണ് ഞാൻ സിനിമയിലേക്ക് എത്തുന്നത്. അന്ന് തിയേറ്ററിൽ പോയി ഞാൻ ആ സിനിമ കണ്ടിരുന്നു. പക്ഷെ അതിനേക്കാൾ എനിക്ക് അതിശയം തോന്നിയത്, ഇത്രയും വർഷങ്ങൾക്ക് ശേഷം അതിന്റെ റീ റിലീസ് സമയത്ത് ആ പാട്ട് തിയേറ്ററിൽ ഡാൻസ് ചെയ്ത് ആളുകൾ ഭയങ്കരമായി സെലിബ്രേറ്റ് ചെയ്യുന്നത് കണ്ടപ്പോഴാണ്. അതിന്റെ പാട്ടിലെ വരികൾക്കൊപ്പം തന്നെ പാടിക്കൊണ്ടാണ് ആളുകൾ ഡാൻസ് ചെയ്യുന്നത്. അതൊക്കെ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി,’ സിജു പറഞ്ഞു.
പണ്ട് മുതൽ തന്നെ പാട്ടെഴുത്തിനോട് വലിയ താത്പര്യമുണ്ടായിരുന്നു എന്നും ഭക്തിഗാനങ്ങൾ എഴുതിയാണ് സിനിമാഗാന രംഗത്തേക്ക് എത്തിയതെന്നും സിജു പറഞ്ഞു.
‘കുറേ ഭക്തിഗാനങ്ങൾ എഴുതി പണ്ട് മുതലേ പാട്ടെഴുത്തിനോട് ഭയങ്കര ഇഷ്ടമായിരുന്നു. ഭക്തിഗാനങ്ങൾ എഴുതിയാണ് വളരെ ആകസ്മികമായി സിനിമയിലേക്ക് എത്തുന്നത്,’ സിജു പറഞ്ഞു.
ഹാപ്പിയിലെ പാട്ടെഴുതാൻ തന്നെ വിളിച്ചത് നിർമാതാവ് ഖാദർ ഹസ്സനാണെന്നും സിജു ഓർത്തെടുത്തു. നിരവധി പേർ പാട്ടെഴുതി നോക്കിയിട്ടും ശരിയാകുന്നില്ലെന്ന് പറഞ്ഞാണ് തന്നെ വിളിച്ചത്. ഡബ്ബിങ് സിനിമകളെ കേരളത്തിൽ ഇത്രയും ജനപ്രിയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഖാദർ ഹസ്സനെന്നും സിജു കൂട്ടിച്ചേർത്തു.
അന്ന് ഡബ്ബിങ് സിനിമയ്ക്ക് വേണ്ടി പാട്ടെഴുതുന്നത് തനിക്ക് പരിചയമില്ലാത്ത കാര്യമായിരുന്നു. സാധാരണ സിനിമാഗാനങ്ങൾ എഴുതുന്നതിൽ നിന്ന് വ്യത്യസ്തമായി, ഡബ്ബിങ് സിനിമയിലെ ഗാനരചനയ്ക്ക് നിരവധി സാങ്കേതിക കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും സിജു വ്യക്തമാക്കി.
‘എന്നോട് ജസ്റ്റ് ഒന്ന് എഴുതി നോക്കാനാണ് പറഞ്ഞത്. അതുവരെ എനിക്ക് ശീലമില്ലാത്ത ഒരു കാര്യമായിരുന്നു അത്. ഡബ്ബിങ് സിനിമയിലെ പാട്ടെഴുതി എന്ന് പറഞ്ഞാൽ നമ്മൾ സാധാരണ പാട്ടെഴുതുന്നതിനേക്കാളും ഒത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. സാങ്കേതികമായി കുറേ കാര്യങ്ങൾ അതിനകത്തുണ്ട്. അവിടെ ചെന്നപ്പോഴാണ് അതൊക്കെ എനിക്ക് മനസിലായത്,’ അദ്ദേഹം പറഞ്ഞു.
അങ്ങനെ ലഭിച്ച അവസരം ഏറ്റെടുത്ത് എഴുതിയതാണ് ‘ഹാപ്പി അടിപൊളി ലുക്ക് ആയാൽ ഹാപ്പി’ എന്ന ഗാനം. പാട്ട് ഇഷ്ടപ്പെട്ടതോടെ പിന്നീട് ‘അഴകേ നീ എന്നെ പിരിയല്ലേ’ പോലെയുള്ള ഗാനങ്ങളും സിജുവിലേക്ക് എത്തി. അതോടെ അല്ലു അർജുൻ ചിത്രങ്ങളുമായുള്ള നീണ്ട യാത്രയ്ക്കും തുടക്കമായത് എന്നും സിജു വ്യക്തമാക്കി.
‘ഒരു അവസരം കിട്ടിയപ്പോൾ എഴുതി നോക്കാം എന്ന് വിചാരിച്ചു. ‘ഹാപ്പി അടിപൊളി ലുക്ക് ആയാൽ ഹാപ്പി’ എന്ന പാട്ടാണ് ആദ്യമായി എഴുതുന്നത്. അദ്ദേഹത്തിന് അത് ഇഷ്ടമായി. അങ്ങനെയാണ് ‘അഴകേ നീ എന്നെ പിരിയല്ലേ’ എന്ന പാട്ടൊക്കെ എഴുതുന്നത്. പിന്നീട് അങ്ങനെയാണ് 18 ഓളം അല്ലു അർജുൻ സിനിമകൾക്ക് ഞാൻ പാട്ടെഴുതുന്നത്,’ സിജു തുറവൂർ പറഞ്ഞു.
Content Highlight: Lyricist Siju Thuravoor opens up about his journey into the film industry