സവർക്കറിനെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ലഖ്‌നൗ കോടതി
national news
സവർക്കറിനെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ലഖ്‌നൗ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th December 2024, 10:06 pm

ലഖ്‌നൗ: സവർക്കറിനെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതി സമൻസ് അയച്ചതായി റിപ്പോർട്ട്. വിനായക് ദാമോദർ സവർക്കറിനെക്കുറിച്ച് മോശമായ പ്രസ്താവനകൾ നടത്തി ജനങ്ങൾക്കിടയിൽ ശത്രുത വളർത്തുകയും ഐക്യം തകർക്കുകയും ചെയ്തുവെന്നാരോപിച്ചാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സമൻസ് അയച്ചിരിക്കുന്നത്.

2025 ജനുവരി 10 ന് വിചാരണ ആരംഭിക്കും. പ്രാദേശിക അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ നൽകിയ ക്രിമിനൽ പരാതിയിലാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസി.ജെ.എം) അലോക് വർമയുടെ ഉത്തരവ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷൻ 153 (എ) (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 505 (പൊതു ദ്രോഹത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകൾ) എന്നിവ പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ സമൻസ് അയച്ചിരിക്കുന്നത്.

2022 നവംബർ 17 ന് മഹാരാഷ്ട്രയിലെ അകോലയിൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി സവർക്കറിനെതിരെ വർഗീയ ചേരിതിരിവ് പ്രചരിപ്പിക്കുന്ന ഗുരുതരമായ പരാമർശങ്ങൾ നടത്തിയതായി പരാതിയിൽ പറയുന്നു.

ബ്രിട്ടീഷുകാരുടെ സേവകൻ എന്നും ബ്രിട്ടീഷുകാരിൽ നിന്ന് പെൻഷൻ വാങ്ങിയ വ്യക്തി എന്നും രാഹുൽ ഗാന്ധി സവർക്കറെ വിളിച്ചെന്നും അദ്ദേഹത്തിൻ്റെ പ്രതിച്ഛായ തകർക്കാൻ മാധ്യമ പ്രവർത്തകർക്ക് ലഘുലേഖ വിതരണം ചെയ്തെന്നും പരാതിക്കാരൻ ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ പരാമർശം രാജ്യത്തിൻ്റെ ഐക്യത്തെ തകർക്കുന്ന വസ്തുതകൾ പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് കോടതി പറഞ്ഞു.

‘ടി.വിയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും രാജ്യവ്യാപകമായി സംപ്രേക്ഷണം ചെയ്ത രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ രാജ്യത്തിൻ്റെ ഐക്യത്തെ തകർക്കുന്ന വസ്തുതകൾ പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ഹാജരാക്കിയ കാര്യങ്ങൾ തെളിയിക്കുന്നു,’ കോടതി പറഞ്ഞു.

 

Content Highlight: Lucknow court summons Rahul Gandhi over remarks against Savarkar