എന്തുകൊണ്ടാണ് ആളുകള്‍ ഇവിടുന്ന് രക്ഷപ്പെട്ട് ഓടുന്നതെന്ന് അറിയ്വോ? ; കേരളം വിട്ട് വിദേശത്തേക്ക് പോകുന്ന യുവതയുടെ മനസ് വെളിപ്പെടുത്തുന്ന ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍
Entertainment
എന്തുകൊണ്ടാണ് ആളുകള്‍ ഇവിടുന്ന് രക്ഷപ്പെട്ട് ഓടുന്നതെന്ന് അറിയ്വോ? ; കേരളം വിട്ട് വിദേശത്തേക്ക് പോകുന്ന യുവതയുടെ മനസ് വെളിപ്പെടുത്തുന്ന ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th March 2025, 2:24 pm

വിഷ്ണു ജി. രാഘവന്റെ സംവിധാനത്തില്‍ നീരജ് മാധവ്, ഗൗരി കിഷന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ വെബ് സീരീസാണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍.

ജോലി, വീട്, പ്രണയം തുടങ്ങി വിവിധ ലെയറുകളിലൂടെ കടന്നുപോകുന്ന വെബ് സീരീസ് ആദ്യ എപ്പിസോഡുകള്‍ മുതല്‍ തന്നെ പ്രേക്ഷകനെ എന്‍ഗേജ് ചെയ്യിക്കുന്നുണ്ട്.

കേരളം ഉപേക്ഷിച്ച് വിദേശങ്ങളിലേക്ക് പോകുന്ന ഇന്നത്തെ തലമുറയെ വെബ് സീരീസ് അഡ്രസ് ചെയ്യുന്നുണ്ട്. ചിത്രത്തില്‍ ഗൗരി എന്ന കഥാപാത്രം ഇത്തരത്തില്‍ നാടുപേക്ഷിച്ച് വിദേശത്തേക്ക് പോയ പെണ്‍കുട്ടിയാണ്.

സ്വന്തം ഇഷ്ടങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമൊത്ത് ജീവിക്കാന്‍ കഴിയാത്ത പുതിയ തലമുറയുടെ പ്രതിനിധിയാണ് ഗൗരി. ഒരു തരത്തില്‍ ഗൗരി കുടുംബത്തില്‍ നിന്ന് ഓടി രക്ഷപ്പെടുകയാണ്.

പക്ഷേ വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ട അവസ്ഥയില്‍ ഗൗരിക്ക് കേരളത്തിലേക്ക് തിരിച്ചുവരേണ്ടി വന്നു. എന്നാല്‍ വീട്ടില്‍ എത്തുന്ന ആ നിമിഷം മുതല്‍ ഗൗരി കുടുംബമെന്ന സിസ്റ്റത്തിനകത്ത് പെട്ടുപോകുന്നു.

മകള്‍ക്ക് എന്ത് സ്വാതന്ത്ര്യത്തിന്റെ കുറവാണ് ഇവിടെ ഉള്ളതെന്ന് ചോദിക്കുന്ന ഒരു ടിപ്പിക്കല്‍ അച്ഛനേയും വെബ് സീരീസ് കാണിക്കുന്നുണ്ട്.

അച്ഛന് ഇതൊന്നും മനസിലാവുന്നില്ലെന്നും അത് തന്നെയാണ് തന്റെ ഏറ്റവും വലിയ വിഷമമെന്നും ഗൗരി പറയുന്നുണ്ട്. ജീവിതത്തില്‍ എപ്പോഴെങ്കിലും തനിക്ക് വേണ്ടി ഒരു തീരുമാനം താന്‍ സ്വന്തമായി എടുത്തിട്ടുണ്ടോ എന്ന ഗൗരിയുടെ ചോദ്യം ഈ തലമുറയുടേത് തന്നെയാണ്.

നാട്ടിലേക്ക് തിരിച്ചുവരാത്തത് അച്ഛനമ്മമാരോട് സ്‌നേഹം ഇല്ലാഞ്ഞിട്ടല്ലെന്നും പേടിയായിട്ടാണെന്നുമാണ് ഗൗരി പറയുന്നത്.

തിരിച്ചു വന്നാല്‍ സ്വന്തം ജീവിതവും ഇഷ്ടങ്ങളും താത്പര്യങ്ങളും എല്ലാം നഷ്ടപ്പെട്ടുപോകുമെന്ന ഭയം തനിക്കുണ്ടെന്ന് ഗൗരി പറയുന്നുണ്ട്.

താന്‍ ഈ പറയുന്ന ഒന്നും അമ്മയ്ക്ക് പോലും മനസിലാവില്ലെന്നും അമ്മയൊക്കെ അതില്‍ യൂസ്ഡ് ആയെന്നും ഗൗരി പറയുന്നിടത്ത് ഒരു വേള ആ അമ്മ പോലും സ്തംബ്ധയാകുന്നുണ്ട്. മകള്‍ പറയുന്നത് ശരിയാണെന്ന ധാരണ അവര്‍ക്കുള്ള പോലെ.

കുടുംബമെന്ന സിസ്റ്റത്തിനകത്ത് പെട്ടുപോയി ഒരു ജീവിതം കാലം മുഴുവന്‍ സ്വാതന്ത്ര്യം അനുഭവിക്കാതെ പോകുന്ന, സ്വന്തം അവകാശങ്ങളെ കുറിച്ച് പോലും അറിയാതെ പോകുന്ന ഒരായിരം സ്ത്രീകളെ കുറിച്ചാണ് ഈ രംഗത്തിലൂടെ സംവിധായകന്‍ പ്രേക്ഷകരോട് സംസാരിക്കുന്നത്.

നമ്മള്‍ എന്ത് ചെയ്യണം, എങ്ങോട്ട് തിരിയണം, എങ്ങോട്ട് നോക്കണം എന്നൊക്കെ തീരുമാനിക്കുന്നത് വീട് ഭരിക്കുന്ന അച്ഛനാണെന്ന് ഗൗരിയുടെ കഥാപാത്രം പറയുമ്പോള്‍ എന്റെ വീട്ടില്‍ നില്‍ക്കുമ്പോള്‍ താന്‍ പറയുന്നതനുസരിച്ച് നില്‍ക്കണമെന്ന അച്ഛന്റെ മറുപടി കേരളത്തിലെ വീടകങ്ങളിലേത് തന്നെയാണ്.

അച്ഛന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുന്നതല്ല സ്വാതന്ത്ര്യമെന്നും അതുകൊണ്ട് തനിക്ക് സ്വാതന്ത്ര്യം തന്നു എന്ന് ദയവുചെയ്ത് പറയരുതെന്നും ഗൗരിയുടെ കഥാപാത്രം പറയുന്നത് ഇന്നത്തെ തലമുറയുടെ ശബ്ദമാണ്.

കുട്ടികളെ മര്‍ദ്ദിച്ചും അടിച്ചൊതുക്കിയും വളര്‍ത്തുന്ന രക്ഷിതാക്കള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ട്രോമകള്‍ എത്രത്തോളമാണെന്നും വെബ് സീരീസ് വ്യക്തമാക്കുന്നുണ്ട്.

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോലും നട്ടം തിരിയുന്ന, ഒരു വീടുവെക്കാന്‍ പോലും നിരവധി കടമ്പകളെ മറികടക്കേണ്ട യുവാക്കളെ വെബ് സീരീസ് അടയാളപ്പെടുത്തുന്നുണ്ട്.

മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന, സ്വന്തം ഇഷ്ടങ്ങളും താത്പര്യങ്ങളും മറ്റുള്ളവര്‍ക്ക് വേണ്ടി ബലികഴിപ്പിക്കേണ്ടി വരുന്ന അവസ്ഥയില്‍ നാടുവിട്ടുപോകുകയല്ലാതെ ഇന്നത്തെ യുവതലമുറയ്ക്ക് മുന്‍പില്‍ മറ്റൊരു മാര്‍ഗങ്ങളുമില്ലെന്നും സീരീസ് ചൂണ്ടിക്കാട്ടുന്നു.

വിവാഹക്കാര്യത്തില്‍ പോലും ഇരുകുടുംബങ്ങളുടേയും ഈഗോയും തമ്മില്‍ തല്ലും കാണേണ്ടി വരുന്ന ഒരു തലമുറയുടെ ഗതികേടിനേയും സീരീസ് കാണിക്കുന്നുണ്ട്.

ഇന്ന് ആരോടാണ് തല്ലുപിടിക്കേണ്ടതെന്ന് ഓര്‍ത്ത് ഒരു ദിവസം തുടങ്ങുന്ന രക്ഷിതാക്കളേയും അതിലൊന്നും താത്പര്യമില്ലാത്ത പുതിയ തലമുറയേയും സീരീസില്‍ കാണാം.

മറ്റുള്ളവര്‍ എന്തൊക്കെ ചെയ്യുന്നു, എങ്ങോട്ട് പോകുന്നു, ആരോട് സംസാരിക്കുന്നു എന്നൊക്കെ സി.സി ടിവി പോലെ നിരീക്ഷിക്കുന്ന അയല്‍ക്കാര്‍, ഇവരില്‍ നിന്നൊക്കെ രക്ഷപ്പെട്ട് സ്വന്തം സാതന്ത്ര്യവും സ്വസ്ഥതയും തേടി വിദേശനാടുകളിലേക്ക് പറക്കുന്ന യുവതലമുറ, ഇവരുടെ കഥ കൂടിയാണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍.

Content Highlight: Love Under Construction reveals why people leaves Kerala and goes abroad