ദിസ്പൂര്‍: ലവ് ജിഹാദിനും ബഹുഭാര്യത്വത്തിനുമെതിരെ അടുത്തനിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.
സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ നിരവധി ബില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും അതില്‍ ‘ലവ് ജിഹാദ്’, ‘ബഹുഭാര്യത്വം’ തുടങ്ങിയ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന ബില്ലുകളുമുണ്ടാകുമെന്നും ഹിമന്ത് ബിശ്വ ശര്‍മ ബുധനാഴ്ച പറഞ്ഞു.
അടുത്തമാസം അസം നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
‘വരുന്ന അസം നിയമസഭാ സെഷനില്‍ ഞങ്ങള്‍ പ്രധാനപ്പെട്ടതും ചരിത്രപരവുമായ ബില്ലുകള്‍ അവതരിപ്പിക്കും. ‘ലവ് ജിഹാദ്’, ‘ബഹുഭാര്യത്വം’, വൈഷ്ണവ ക്ഷേത്രങ്ങളുടെ ഭാഗമായ സത്രങ്ങളുടെ സംരക്ഷണം, തേയില തൊഴില്‍ ഗോത്രങ്ങളുടെ ഭൂമി അവകാശം തുടങ്ങിയ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്ന ബില്ലുകളായിരിക്കും അവതരിപ്പിക്കുന്നത്’, ഹിമന്ത് ബിശ്വ ശര്‍മ പറഞ്ഞു.
ഈ വിഷയങ്ങളിലെ കരട് ബില്ലുകള്‍ നിയമസഭ അംഗീകരിച്ചുകഴിഞ്ഞാല്‍ വിശദമായ വിവരങ്ങള്‍ പുറത്തുവിടുമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമൂഹിക സൗഹാര്‍ദം, സാംസ്‌കാരിക സംരക്ഷണം, സാമ്പത്തിക ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിന്റെ വിശാലമായ കാഴ്ചപ്പാടാണ് ഈ ബില്ലിലൂടെ പ്രതിഫലിക്കുകയെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.