ലോസ് ആഞ്ചലസിലെ കാട്ടുതീ അണഞ്ഞില്ല; അന്വേഷണത്തിന് ഉത്തരവ്
World News
ലോസ് ആഞ്ചലസിലെ കാട്ടുതീ അണഞ്ഞില്ല; അന്വേഷണത്തിന് ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th January 2025, 9:57 pm

ലോസ് ആഞ്ചലസ്: ഹോളിവുഡ് സിനിമയുടെ കേന്ദ്രമായി അറിയപ്പെടുന്ന ലോസ് ആഞ്ചലസില്‍ പടര്‍ന്ന് പിടിക്കുന്ന കാട്ടുതീക്ക് ശമനമില്ല. ജനുവരി ഏഴിന് പടര്‍ന്ന കാട്ടുതീയെത്തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെയാണ് മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്.

ഇതുവരെ പതിനൊന്ന് പേര്‍ അഗ്നിബാധയെത്തുടര്‍ന്ന് മരണപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക് എങ്കിലും മരണസംഖ്യ അതിലും കൂടുതല്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാട്ടുതീ അതിവേഗം വ്യാപിക്കുന്നതിനാല്‍ ലോസ് ആഞ്ചലസിലെ ബ്രന്റ്‌വുഡ്‌ പ്രദേശത്തിന്റെ ഒരു ഭാഗത്ത് നിന്നും കൂടുതല്‍പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ദുരന്തമാണിത്.

അഗ്നിബാധയെത്തുടര്‍ന്ന് ഇതുവരെ 153,000 ആളുകള്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്തിട്ടുണ്ട്‌. അന്തരീക്ഷത്തിലെ ഉയര്‍ന്ന അളവിലുള്ള പുക കാരണം സുരക്ഷിതമായ മേഖലകളിലുള്ള ആളുകളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ പൊതുജനാരോഗ്യ അതോറിറ്റി അഭ്യര്‍ത്ഥിച്ചു.

കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം നഗരത്തിലെ ദുരന്ത നിവാരണത്തിനുള്ള സജ്ജീകരണങ്ങളെക്കുറിച്ച് ഒരു സ്വതന്ത്ര അവലോകനം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ തീപ്പിടുത്തത്തിന്റ പ്രാരംഭ ഘട്ടത്തില്‍ ജലവിതരണത്തിലുണ്ടായ ന്യൂനതകള്‍ ഖേദകരമായെന്നും ന്യൂസോം പ്രതികരിച്ചു. അതേസമയം അഗ്നിബാധയെക്കുറിച്ച് അന്വേഷണം നടത്താനും ധാരണയായിട്ടുണ്ട്.

അഗ്നിബാധയിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സഹായങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട് അഗ്നിബാധയെ ചെറുക്കുന്നതിനും ദുരന്തബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനുമായി വാള്‍ട്ട് ഡിസ്നി കമ്പനി 15 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചു.

57 പേരുടെ മരണത്തിനിടയാക്കിയ 1994 ലെ നോര്‍ത്ത്റിഡ്ജ് ഭൂകമ്പത്തിന് ശേഷം ലോസ് ആഞ്ചലസില്‍ ഉണ്ടായ ഏറ്റവും വിനാശകരമായ പ്രകൃതി ദുരന്തമാണ് നിലവിലെ അഗ്നിബാധ.

യു.എസ് നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 148 ബില്യണ്‍ ഡോളറിന്റ നാശനഷ്ടമാണ് തീപ്പിടുത്തങ്ങള്‍ കാരണം ഇതിനകം ഉണ്ടായിരിക്കുന്നത്. എന്നാല്‍ തീയിതുവരെ നിയന്ത്രണ വിധേയമാവാത്തതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങള്‍ പരിശ്രമിച്ചിട്ടും തീപിടിത്തം അനിയന്ത്രിതമായി തുടരുകയാണ്.

Content Highlight: Los Angeles wildfires not extinguished; Order for investigation