കാലിഫോര്‍ണിയ: ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണപ്പെട്ടവരുടെ എണ്ണം 24 ആയി ഉയര്‍ന്നു. നിരവധി പേരെ കാണാതായിട്ടുമുണ്ട്. പ്രദേശത്ത് വരണ്ട കാറ്റായ സാന്റാ അന വീശിയടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ അഗ്നിബാധ ഇനിയും കൂടുതല്‍ പ്രദേശങ്ങളിലേക്ക് ബാധിക്കാന്‍ സാധ്യതയുണ്ടെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
ഇന്ന് മുതല്‍ കാറ്റ് വീശിയടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വരെ ദൂരത്തില്‍ കാറ്റ് വീശിയടിക്കും എന്നാണ് സൂചന.
അതേസമയം നഗരത്തിന്റെ ചില ഭാഗങ്ങളില്‍ കാട്ടുതീയുടെ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തീയണയ്ക്കുന്നത് വേഗത്തിലാക്കാന്‍ യു.എസിലെ മറ്റ് എട്ട് സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള പ്രവര്‍ത്തകരും ദുരന്ത ബാധിത പ്രദേശത്ത് എത്തിയിട്ടുണ്ട്.
ലോസ് ആഞ്ചലസ് കൗണ്ടി മെഡിക്കല്‍ എക്സാമിനറാണ് മരണസംഖ്യ 24 ആയി ഉയര്‍ന്ന കാര്യം പുറത്തുവിട്ടത്. മരിച്ചവരില്‍ 16 പേരെ ഈറ്റണ്‍ ഫയര്‍ സോണിലും എട്ട് പേരെ പാലിസേഡ്‌സ് ഏരിയയിലുമാണ് കണ്ടെത്തിയത്. 16 പേരെയെങ്കിലും തീപ്പിടുത്തത്തില്‍ കാണാതായിട്ടുണ്ട്.
ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച കാട്ടുതീയില്‍ 12,000 ത്തിലധികം കെട്ടിടങ്ങള്‍ ഇതുവരെ അഗ്നിക്കിരയായിട്ടുണ്ട്. ഏകദേശം 135 ബില്യണ്‍ മുതല്‍ 150 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള നാശനഷ്ടങ്ങള്‍ ഇതുവരെ ഉണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഈ തീപിടുത്തമെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പ്രതികരിച്ചു.
അതേസമയം അഗ്നിക്കിരയായ വീടുകളിലും സുരക്ഷാ കാരണങ്ങളാല്‍ ഒഴിഞ്ഞ് പോയ വീടുകളിലും മോഷണശ്രമങ്ങള്‍ വര്‍ധിക്കുന്നതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് മോഷ്ടാക്കള്‍ വീടുകളില്‍ കയറിക്കൂടുന്നത്. ഏകദേശം 150000 ആളുകള്‍ക്കാണ് പലായനം ചെയ്യാനുള്ള ഉത്തരവ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടര്‍ന്ന് ലോസ് ആഞ്ചലസിലെ 35000ത്തില്‍ അധികം വീടുകളും കെട്ടിടങ്ങളും ഇപ്പോഴും ഇരുട്ടിലാണ്.
അഗ്‌നിബാധയിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സഹായങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അഗ്‌നിബാധയെ ചെറുക്കുന്നതിനും ദുരന്തബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനുമായി വാള്‍ട്ട് ഡിസ്‌നി കമ്പനി 15 മില്യണ്‍ ഡോളറും പോപ്പ് ഗായിക ബിയോണ്‍സി 2.5 മില്യണ്‍ ഡോളറും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.