ലോസ് ആഞ്ചലസ് ഒരു മാലിന്യകൂമ്പാരമായി മാറി; ഉടന്‍ ആ മാലിന്യത്തില്‍ നിന്ന് മുക്തമാകും; കുടിയേറ്റക്കാരെക്കുറിച്ച് ട്രംപ്
World News
ലോസ് ആഞ്ചലസ് ഒരു മാലിന്യകൂമ്പാരമായി മാറി; ഉടന്‍ ആ മാലിന്യത്തില്‍ നിന്ന് മുക്തമാകും; കുടിയേറ്റക്കാരെക്കുറിച്ച് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th June 2025, 8:17 am

വാഷിങ്ടണ്‍: ലോസ് ആഞ്ചലസിലെ കുടിയേറ്റക്കാരുടെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ മറൈന്‍ സൈനികരേയും നാഷണല്‍ ട്രൂപ്പിനേയും വിന്യസിച്ചതിന് പിന്നാലെ നഗരത്തെക്കുറിച്ച് വിമര്‍ശനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ലോകത്തിലെ ഏറ്റവും വൃത്തിയുള്ളതും സുരക്ഷിതവും മനോഹരവുമായ ഒരു സ്ഥലമായിരുന്നു ലോസ് ആഞ്ചലസെന്നും എന്നാല്‍ ഇപ്പോള്‍ അതൊരു മാലിന്യകൂമ്പാരമായി മാറി എന്നുമാണ് ട്രംപ് പറഞ്ഞത്. ഇന്നലെ (ചൊവ്വാഴ്ച) സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിക്കുമ്പോഴാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ നടക്കുന്ന അതിക്രമങ്ങള്‍ സമാധാനത്തിനും പൊതുക്രമത്തിനും ദേശീയ പരമാധികാരത്തിനും എതിരാണെന്നും വിദേശികളായ കലാപകാരികള്‍ ആണ് അതിന് പിന്നിലെന്നും ട്രംപ് ആരോപിച്ചു.

‘ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഭൂമിയിലെ ഏറ്റവും വൃത്തിയുള്ളതും സുരക്ഷിതവും മനോഹരവുമായ പ്രദേശത്തില്‍ നിന്ന് ലോസ് ആഞ്ചലസ് ക്രിമിനല്‍ സംഘങ്ങളുടേയും ശൃംഖലകളുടേയും നേതൃത്വത്തിലുള്ള ഒരു ചവറ്റുകൊട്ടയായി മാറി. അനിന്ത്രിതമായ കുടിയേറ്റം നഗരത്തില്‍ കുഴപ്പങ്ങള്‍ക്കും ക്രമക്കേടിനും കാരണമായതായി ലോകത്തിന് തന്നെ കാണാന്‍ സാധിക്കും. എന്നാല്‍ നമ്മള്‍ ലോസ് ആഞ്ചലസിനെ സ്വതന്ത്രരാക്കും. വീണ്ടും വൃത്തിയുള്ളതും സുരക്ഷിതമായും മാറ്റും,’ ട്രംപ് പറഞ്ഞു.

കുടിയേറ്റക്കാരുടെ പ്രക്ഷോഭങ്ങള്‍ അടിച്ച് അമര്‍ത്തുന്നതിനായി നഗരത്തിലേക്ക് 4000 നാഷണല്‍ ഗാര്‍ഡിനേയും 700ഓളം മറൈന്‍ സൈനികരേയും വിന്യസിക്കാനുള്ള നീക്കത്തിനിടെയാണ് ട്രംപ് സൈനികരെ സന്ദര്‍ശിച്ചത്. എന്നാല്‍ ഇതിനെതിരെ കാലിഫോര്‍ണിയയിലെ ഭരണകൂടം നിയമനടപടി സ്വീകരിച്ച് കഴിഞ്ഞു.

നഗരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാണ് പ്രതിഷേധം നടക്കുന്നതെന്നും മറ്റിടങ്ങളില്‍ കുടിയേറ്റക്കാരെ പിന്തുണച്ച് ഭൂരിഭാഗം ആള്‍ക്കാരും സമാധാനപരമായാണ് പ്രതിഷേധിക്കുന്നതെന്നും ലോസ് ആഞ്ചലസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം നഗത്തിലെ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ലോസ് ആഞ്ചലസ് മേയര്‍ നഗരത്തില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മുതലാണ് നഗത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യു നിലവില്‍ വന്നത്. റെയ്ഡുകള്‍ അവസാനിപ്പിക്കാനും മേയര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളിയാഴ്ച യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) റെയ്ഡുകള്‍ ആരംഭിച്ചതോടെയാണ് ലോസ് ആഞ്ചലസില്‍ പ്രതിഷേധം ഉടലെടുത്തത്. പ്രതിഷേധക്കാരില്‍ നിരവധി പേരെ ഇതിനകം സേന അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.

Content Highlight: Los Angeles has become a trash heap says Trump