ന്യൂദല്‍ഹി: ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റിന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തം. ജെ.എന്‍.യുവില്‍ നടന്ന ലോങ് മാര്‍ച്ചില്‍ പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി. വി.സിയുടെ ജാതി അധിക്ഷേപത്തില്‍ പ്രതിഷേധിച്ചാണ് ക്യാമ്പസിൽ മാര്‍ച്ച് നടന്നത്.
ദളിത് വിദ്യാര്‍ത്ഥികള്‍ കറുത്ത വര്‍ഗക്കാരെ പോലെ ഇരവാദം മുഴക്കുകയാണെന്നായിരുന്നു ജെ.എന്‍.യു വി.സിയുടെ പരാമർശം. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
വി.സി. രാജിവെക്കണമെന്നും നിലപാട് തിരുത്തി മാപ്പ് പറയണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ബി.ആര്‍. അംബേദ്കറുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ചാണ് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്. എസ്.എഫ്.ഐ അടക്കമുള്ള ഇടത് വിദ്യാര്‍ത്ഥി സംഘടനകളും എന്‍.എസ്.ഐയും പ്രതിഷേധത്തിന്റെ ഭാഗമാണ്.
പ്രതിഷേധം കനത്തതോടെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥികളെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതില്‍ നിന്നും പൊലീസ് തടയുകയും ചെയ്തു.
വിദ്യാര്‍ത്ഥികള്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തതോടെയാണ് മാര്‍ച്ച് സംഘര്‍ഷത്തില്‍ അവസാനിച്ചത്. എന്നാല്‍ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കുന്നതിന്റെ ഇടയിലേക്ക് എ.ബി.വി.പി അക്രമം അഴിച്ചുവിടുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
സമാധാനപരമായാണ് പ്രതിഷേധം നടന്നതെന്നും തങ്ങളുടെ കൈവശമുണ്ടായിരുന്ന അംബേദ്ക്കറുടെ ചിത്രങ്ങള്‍ പൊലീസ് തകര്‍ത്തതായും വിദ്യാര്‍ത്ഥി നേതാക്കള്‍ ആരോപിച്ചു. പൊലീസിന് ക്യാമ്പസിനുള്ളില്‍ കയറാനും കണ്ണീര്‍ വാതകം പ്രയോഗിക്കാനും ആരാണ് അനുമതി നല്‍കിയതെന്നും വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.
നേരത്തെ ക്യാമ്പസിനുള്ളില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടയിലേക്ക് എ.ബി.വി.പി കല്ലെറിഞ്ഞിരുന്നു. പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത് ന്യായമായ ആവശ്യങ്ങല്ലെന്നാണ് എ.ബി.വി.പിയുടെ നിലപാട്.
നിലവില്‍ വലിയ പൊലീസ് സന്നാഹമാണ് ജെ.എന്‍.യു ക്യാമ്പസിനകത്തും പുറത്തുമായുള്ളത്. എ.ബി.വി.പി ഒഴികെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധ രംഗത്തുണ്ട്.
ഫെബ്രുവരി 16ന് പുറത്തിറങ്ങിയ പോഡ്കാസ്റ്റിലായിരുന്നു വി.സിയുടെ അധിക്ഷേപം. യു.ജി.സി ചട്ടങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് വി.സി ദളിത് വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചത്.
Content Highlight: Long march holding Ambedkar’s picture; Clashes in JNU, student leaders detained