ബിരിയാണി സീന്‍ ആദ്യമില്ലായിരുന്നു, പ്ലാന്‍ ചെയ്തിരുന്നത് മറ്റൊന്ന്: ലോകേഷ് കനകരാജ്
Film News
ബിരിയാണി സീന്‍ ആദ്യമില്ലായിരുന്നു, പ്ലാന്‍ ചെയ്തിരുന്നത് മറ്റൊന്ന്: ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th November 2023, 11:07 am

കൈതി സിനിമയില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയ രംഗമായിരുന്നു കാര്‍ത്തി ബിരിയാണി കഴിക്കുന്ന രംഗം. പൊലീസുകാരെല്ലാം ബോധം കെട്ടുകിടക്കുന്ന ആശങ്ക നിറഞ്ഞ സാഹചര്യത്തില്‍ നായകന്‍ കൂളായിരുന്ന് ബിരിയാണി കഴിച്ച രംഗത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

കൈതിയില്‍ ബിരിയാണി രംഗം ആദ്യമില്ലായിരുന്നു എന്ന് പറയുകയാണ് ലോകേഷ്. വെള്ളം കുടിക്കുന്നതായി മാത്രമായിരുന്നു പ്ലാന്‍ ചെയ്തിരുന്നതെന്നും പിന്നീടുള്ള ആലോചനയിലാണ് ബിരിയാണി വന്നതെന്നും ലോകേഷ് പറഞ്ഞു. കാര്‍ത്തിയുടെ പുതിയ ചിത്രമായ ജപ്പാന്റെ ഓഡിയോ ലോഞ്ചിനായിരുന്നു ലോകേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘സത്യത്തില്‍ വെള്ളം കുടിക്കുന്ന സീനായിരുന്നു ഉണ്ടായിരുന്നത്. ജയിലില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്ത് വരുന്ന നായകന്‍, എന്തുവന്നാലും ദാഹത്തിന് വെള്ളം കുടിക്കുമല്ലോ. പിന്നെ ഈ സീനിന്റെ ചര്‍ച്ചക്കിടയിലാണ് ബിരിയാണി ആക്കിയാലോ എന്ന് ആലോചിച്ചത്. മൂടിവെച്ചിരിക്കുന്ന ബിരിയാണി, സാധാരണ രംഗങ്ങളില്‍ നിന്നു വ്യത്യസ്തമായി ചെയ്യാമെന്ന് വിചാരിച്ചു. കുറെ പേര് ബോധം കെട്ട് കിടക്കുമ്പോള്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെ ഒരാള്‍ ബിരിയാണി കഴിച്ചാല്‍ എങ്ങനെയിരിക്കും എന്ന ചിന്തയില്‍ നിന്നുമാണ് ആ രംഗം ഉണ്ടായത്,’ ലോകേഷ് പറഞ്ഞു.

കൈതിക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ലോകേഷ് കനകരാജ് നേരത്തെ അറിയിച്ചിരുന്നു. രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് നിര്‍മാതാക്കളായ ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സും പ്രഖ്യാപിച്ചിരുന്നു.

ലിയോയാണ് ഒടുവില് ലോകേഷിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രം. ഒക്ടോബര്‍ 19നാണ് ചിത്രം റിലീസ് ചെയ്തത്. തൃഷ, മാത്യു തോമസ്, ഇയല്‍, ഗൗതം വാസുദേവ് മേനോന്‍, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, പ്രിയ ആനന്ദ്, മന്‍സൂര്‍ അലി ഖാന്‍, മഡോണ, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയിരുന്നു.

Content Highlight: Lokesh says that there was no biryani scene in the plan