'സൂര്യ സാറിന് സമ്മാനം കൊടുത്ത വാച്ച് പുതിയതല്ല, കമല്‍ സാര്‍ പണ്ട് ഇഷ്ടപ്പെട്ട് വാങ്ങിയ വാച്ചാണത്'; ലോകേഷ് കനകരാജ്
Entertainment news
'സൂര്യ സാറിന് സമ്മാനം കൊടുത്ത വാച്ച് പുതിയതല്ല, കമല്‍ സാര്‍ പണ്ട് ഇഷ്ടപ്പെട്ട് വാങ്ങിയ വാച്ചാണത്'; ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st June 2022, 1:33 am

ഉലക നായകന്‍ കമല്‍ ഹാസനെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്ന് സിനിമയില്‍ അഥിതി വേഷത്തിലെത്തിയ സുര്യക്ക് കമല്‍ഹാസന്‍ വാച്ച് സമ്മാനമായി നല്‍കിയിരുന്നു. റോളക്‌സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുര്യക്ക് അതേ ബ്രാന്‍ഡിലുള്ള വാച്ചാണ് കമല്‍ സമ്മാനമായി നല്‍കിയത്.

ഇപ്പോഴിതാ കമല്‍ സമ്മാനമായി നല്‍കിയ വാച്ച് പുതിയതായി വാങ്ങിയതല്ല മറിച്ച് കമല്‍ഹാസന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയതാണെന്ന് വെളുപ്പെടുത്തിയിരിക്കുകയാണ് ലോകേഷ്. തമിഴ് സിനിമ റിവ്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

‘കമല്‍ സാറിന് ഏറെ പ്രിയപ്പെട്ട വാച്ചയിരുന്നു അത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ വില കൂടിയ വാച്ച്. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട വാച്ചാണ് സൂര്യ സാറിന് സമ്മാനമായി കൊടുത്തത്. അത് കൊടുത്തപ്പോള്‍ സൂര്യ സാര്‍ കരഞ്ഞു’; ലോകേഷ് പറയുന്നു.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രം നിര്‍മിച്ചത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കമല്‍ഹാസനെയും സൂര്യയേയും കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേയ്ന്‍, കാളിദാസ് ജയറാം എന്നിങ്ങനെ വന്‍ താരനിര തന്നെ എത്തിയിരുന്നു.
സിനിമ ഇതുവരെ ലോകമെമ്പാടും നിന്ന് 300 കോടിയിലേറെ രൂപയാണ് സ്വന്തമാക്കിയത്.

Content Highlight : Lokesh Kanakaraj Says the watch gifted to surya is  not a new one its a favorite watch of Kama  Hasan