ഈ കഥയിലേക്ക് രജിനി സാറിനെ എങ്ങനെ കണ്‍വിന്‍സ് ചെയ്‌തെന്നായിരുന്നു ആ നടന്‍ ചോദിച്ചത്: ലോകേഷ് കനകരാജ്
Indian Cinema
ഈ കഥയിലേക്ക് രജിനി സാറിനെ എങ്ങനെ കണ്‍വിന്‍സ് ചെയ്‌തെന്നായിരുന്നു ആ നടന്‍ ചോദിച്ചത്: ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th July 2025, 5:28 pm

തമിഴ് സിനിമയുടെ ഗതി മാറ്റുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് കൂലി. തുടര്‍ച്ചയായ രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകളൊരുക്കിയ ലോകേഷ് കനകരാജ് രജിനികാന്തിനെ നായകനാക്കി സിനിമ ചെയ്യുമ്പോള്‍ സ്‌കൈ ലെവല്‍ ഹൈപ്പാണ് ലഭിക്കുന്നത്. അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.

ചിത്രത്തില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത് തെലുങ്കിലെ സൂപ്പര്‍താരം നാഗാര്‍ജുനയാണ്. തെലുങ്കിലെ മുന്‍നിര താരമായി തിളങ്ങുന്ന സമയത്ത് രജിനിയുടെ വില്ലനായി വേഷമിട്ട നാഗാര്‍ജുനയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. ചിത്രത്തിന്റെ വില്ലന്‍ വേഷത്തിലേക്ക് നാഗാര്‍ജുന ഓക്കെ പറയുമോ എന്ന് സംശയമുണ്ടായിരുന്നെന്ന് ലോകേഷ് പറഞ്ഞു.

കഥ കേട്ട ശേഷം രജിനികാന്ത് ഇതിനോട് ഓക്കെ പറഞ്ഞോ എന്നായിരുന്നു ചോദിച്ചതെന്നും അതിന് ശേഷമാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചതെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. ഇത്രയും ക്രൂരനായ കഥാപാത്രം താന്‍ എവിടെയും കണ്ടിട്ടില്ലെന്നായിരുന്നു കഥ കേട്ട ശേഷം നാഗാര്‍ജുനയുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്.

‘ഈ സിനിമയിലെ വില്ലന്‍ വേഷത്തിലേക്ക് നാഗാര്‍ജുന സാറിനെ സമീപിക്കുന്ന സമയത്ത് ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നു. തെലുങ്കില്‍ ഇപ്പോഴും ടോപ്പില്‍ നില്‍ക്കുന്ന നടന്‍ മറ്റൊരു ഭാഷയില്‍ വില്ലനായി വരുമോ എന്ന് ആലോചിച്ചു. എന്നാലും ആ സമയത്തെ കോണ്‍ഫിഡന്‍സില്‍ അദ്ദേഹത്തോട് കഥ മുഴുവന്‍ പറഞ്ഞു. മനസിലാകാത്ത പല ഭാഗങ്ങളും വീണ്ടും വിശദീകരിച്ചു.

കഥ കേട്ട ശേഷം നാഗാര്‍ജുന സാര്‍ ആദ്യം ചോദിച്ചത് ‘രജിനി സാര്‍ ഈ കഥക്ക് ഓക്കെ പറഞ്ഞോ’ എന്നായിരുന്നു. രജിനി സാറിനെ എങ്ങനെ കണ്‍വിന്‍സ് ചെയ്തു എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ച് പറയുമ്പോള്‍ എല്ലാം ഇത്രക്ക് ക്രൂരനാകാന്‍ ഒരാള്‍ക്ക് സാധിക്കുമെന്നെല്ലാം ചോദിക്കുകയായിരുന്നു,’ ലോകേഷ് കനകരാജ് പറഞ്ഞു.

ഇന്ത്യന്‍ സിനിമ കണ്ട വലിയ താരനിരയാണ് കൂലിയുടെ ഭാഗമാകുന്നത്. കന്നഡയില്‍ നിന്ന് ഉപേന്ദ്രയും മലയാളത്തില്‍ നിന്ന് സൗബിനും തമിഴില്‍ നിന്ന് സത്യരാജും ശ്രുതി ഹാസനും ചിത്രത്തിന്റെ ഭാഗമാകുമ്പോള്‍ ബോളിവുഡ് താരം ആമിര്‍ ഖാന്റെ അതിഥിവേഷവും കൂലിയെ വ്യത്യസ്തമാക്കുന്നു. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Lokesh Kanagaraj shares Nagarjuna asked him about the casting of Rajnikanth in Coolie movie