തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. 2017ല്‍ റിലീസായ മാനഗരം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. രണ്ടാമത്തെ സിനിമയായ കൈതി, വിജയ്യുടെ സിനിമയുമായി ക്ലാഷ് വെച്ച് 100 കോടി നേടിയതോടെ ലോകേഷ് കൂടുതല്‍ ശ്രദ്ധേയനാകുകയായിരുന്നു. പിന്നീട് വന്ന മാസ്റ്റര്‍ കൊവിഡ് കാലത്ത് തിയേറ്ററുകളുടെ രക്ഷകനായി മാറി. അതിന് ശേഷം കമല്‍ ഹാസനെ നായകനാക്കിയെത്തിയ വിക്രവും വലിയ വിജയമായി. പിന്നീട് തൊട്ടടുത്ത വര്‍ഷമെത്തിയ ലിയോ കൂടി ഇന്‍ഡസ്ട്രി ഹിറ്റായതോടെ തമിഴിലെ ബ്രാന്‍ഡ് ഡയറക്ടറായി ലോകേഷ് മാറി.
രജിനികാന്തിനെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ലോകേഷ് കനകരാജ്. തോക്കും ചോരയും ബിരിയാണിയും വയലന്‍സുമെല്ലാം സ്ഥിരം ലോകേഷ് സിനിമകളുടെ ചേരുവകളാണ്. ഇവയൊന്നുമില്ലാതെ തനിക്ക് ഒരു സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് ലോകേഷ് അഭിമുഖത്തില്‍ പറയുന്നു.
‘ഇത്തരം കാര്യങ്ങളെല്ലാം എന്റെ സിനിമയില്‍ അത്യാവശ്യം ആണ്. ഒരു റൊമാന്റിക് സിനിമയൊന്നും ഞാന്‍ സംവിധാനം ചെയ്യുന്നത് എനിക്ക് ആലോചിക്കാന്‍ കൂടി വയ്യ. റൊമാന്റിക് സിനിമ വേണമെങ്കില്‍ ഞാന്‍ നിര്‍മിക്കാം. മിസ്റ്റര്‍ ഭാരത് എന്ന സിനിമയെല്ലാം ഞാന്‍ അങ്ങനെ ചെയ്തതാണ്. എന്നാല്‍ എന്റെ സംവിധാനത്തില്‍ അങ്ങനെ ഒരു ചിത്രം തത്ക്കാലം പ്രതീക്ഷിക്കരുത്. എത്ര പൈസ തരാമെന്ന് പറഞ്ഞാലും ഞാന്‍ ചെയ്യില്ല,’ ലോകേഷ് കനകരാജ് പറഞ്ഞു.
തമിഴ് സിനിമയിലെ തനിക്കിഷ്ടപ്പെട്ട റൊമാന്റിക് സീനിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. തേവര്‍ മകന്‍ എന്ന സിനിമയിലെ ഒരു സീനാണ് തനിക്ക് ഇഷ്ടപെട്ടതെന്ന് ലോകേഷ് പറയുകയുണ്ടായി.
‘തേവര്‍ മകനില്‍ ഗൗതമി തിരിച്ചെത്തുമ്പോള്‍ കമല്‍ ഹാസന്റെ കഥാപാത്രം കല്യാണം കഴിച്ചെന്ന് അറിയുന്നതും അപ്പോള്‍ ഒന്നും പറയാതെ ഗൗതമി തിരിച്ച് പോകുന്നതും എന്റെ ഫേവറിറ്റ് റൊമാന്റിക് സീനാണ്. സത്യത്തില്‍ അതൊരു വിരഹരംഗം ആണ്. പക്ഷെ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും റൊമാന്റിക് ആയ സീനും അതാണ്,’ ലോകേഷ് കനകരാജ് പറയുന്നു.