അഞ്ച് സിനിമകള്‍ കൊണ്ട് ഇന്‍ഡസ്ട്രിയുടെ തലപ്പത്ത് സ്ഥാനം പിടിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ചെയ്ത സിനിമകളെല്ലാം സാമ്പത്തികവിജയം നേടിയ ലോകേഷിന് ഇന്നേവരെ ഒരു പരാജയവും നേരിടേണ്ടിവന്നിട്ടില്ല. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് സ്വന്തമാക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
നിലവില്‍ രജിനകാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലിയുടെ തിരക്കിലാണ് ലോകേഷ്. കൂലിയുടെ റിലീസിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൈതി 2വിന്റെ വര്‍ക്കുകളിലേക്ക് താന്‍ കടക്കുമെന്ന് ലോകേഷ് പറഞ്ഞു. എന്നാല്‍ അതിനിടയില്‍ താന്‍ നായകനാകുന്ന ഒരു ചിത്രത്തിന്റെ വര്‍ക്കുകള്‍ ഈ വര്‍ഷം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കൈതി 2വിന്റെ സ്‌ക്രിപ്റ്റ് 35 പേജോളം എഴുതി പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2026 പകുതിയോടെ അതിന്റെ ഷൂട്ട് തുടങ്ങും. വിജയ് സാര്‍, കമല്‍ സാര്‍, രജിനി സാര്‍ എന്നിവരെ വെച്ച് സിനിമ ചെയ്ത ശേഷം വീണ്ടും കാര്‍ത്തിയുടെ അടുത്തേക്ക് പോവുകയാണ്. സത്യം പറഞ്ഞാല്‍ തമിഴിലെ ടൈര്‍ 1, ടൈര്‍ 2 എന്ന സിസ്റ്റത്തിലൊന്നും എനിക്ക് വിശ്വാസമില്ല.
എല്ലാ നടന്മാരെയും ഈക്വലായിട്ടാണ് ഞാന്‍ കാണുന്നത്. കാര്‍ത്തിയോട് എനിക്ക് പ്രത്യേക ഇഷ്ടമുണ്ട്. കാരണം, ഞാന്‍ ആരുമല്ലാതിരുന്ന സമയത്ത് എന്നെ വിശ്വസിച്ച് കൈതി പോലൊരു വലിയ സിനിമയില്‍ വര്‍ക്ക് ചെയ്തത് അദ്ദേഹമാണ്. അതിന് ശേഷമാണ് ഈ കാണുന്ന നിലയിലേക്ക് ഞാന്‍ എത്തിയത്. എന്നെ സംബന്ധിച്ച് കാര്‍ത്തിയും വലിയൊരു സ്റ്റാറാണ്,’ ലോകേഷ് കനകരാജ് പറഞ്ഞു.
കൈതി 2വിന് ശേഷം കാര്‍ത്തിയുടെ കരിയര്‍ മറ്റൊരു ലെവലിലേക്ക് ഉയരുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിനയത്തിലേക്കുള്ള തന്റെ ചുവടുവെപ്പിനെക്കുറിച്ചും ലോകേഷ് സംസാരിച്ചു. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താന്‍ അഭിനയിക്കാന്‍ പോകുന്നതെന്ന് ലോകേഷ് പറഞ്ഞു. എന്നാല്‍ അതിന് മുമ്പ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു.
ശിവകാര്‍ത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയില്‍ വില്ലന്‍ വേഷത്തിലേക്ക് തന്നെയായിരുന്നു വിളിച്ചതെന്നും എന്നാല്‍ ആ സമയത്ത് കൂലിയുടെ തിരക്കിലായിരുന്നു താനെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. രണ്ട് വര്‍ഷമായി താന്‍ കൂലി എന്ന ഒരൊറ്റ സിനിമക്ക് വേണ്ടി മാത്രമാണ് വര്‍ക്ക് ചെയ്തതെന്നും അദ്ദേഹം പറയുന്നു.
Content Highlight: Lokesh Kanagaraj saying Karthi is the biggest star for him