15 വര്‍ഷം മുമ്പ് കമല്‍ സാറിനെ എല്ലാവരും ക്രൂശിച്ചു, ഇന്ന് അദ്ദേഹം പറഞ്ഞ കാര്യത്തിലാണ് സിനിമാ വ്യവസായം മുന്നോട്ടുപോകുന്നത്: ലോകേഷ് കനകരാജ്
Indian Cinema
15 വര്‍ഷം മുമ്പ് കമല്‍ സാറിനെ എല്ലാവരും ക്രൂശിച്ചു, ഇന്ന് അദ്ദേഹം പറഞ്ഞ കാര്യത്തിലാണ് സിനിമാ വ്യവസായം മുന്നോട്ടുപോകുന്നത്: ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd September 2025, 12:11 pm

ആരുടെയും അസിസ്റ്റന്റായി പ്രവര്‍ത്തിക്കാതെ സ്വതന്ത്രസംവിധായകനായി മാറിയ ആളാണ് ലോകേഷ് കനകരാജ്. ഷോര്‍ട് ഫിലിമുകളിലൂടെ സിനിമാലോകത്തേക്കെത്തിയ ലോകേഷ് ആദ്യചിത്രത്തിലൂടെ തന്റെ വരവറിയിച്ചു. വെറും അഞ്ച് സിനിമകള്‍ കൊണ്ട് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ ഇടംപിടിച്ച ലോകേഷ് തമിഴിലെ ഏറ്റവും വലിയ ബ്രാന്‍ഡായി മാറിയിരിക്കുകയാണ്.

ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കൂലി ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയിരുന്നു. റിലീസിന് പിന്നാലെ ലോകേഷിനെ പലരും വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നിരുന്നാലും ചിത്രത്തില്‍ രജിനിയെ എ.ഐ ഉപയോഗിച്ച് അവതരിപ്പിച്ച രീതിയെ പലരും പ്രശംസിച്ചു. സിനിമാ മേഖലയെ എ.ഐ എങ്ങനെ സ്വാധീനിക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ലോകേഷ്.

മനുഷ്യര്‍ക്ക് അപകടഭീഷണിയുണ്ടാക്കുന്ന കാര്യമാണ് എ.ഐ എന്ന് ചിലര്‍ വാദിക്കുന്നത് താന്‍ കാണാറുണ്ടെന്ന് ലോകേഷ് പറഞ്ഞു. ഒരുപാട് സമയമെടുത്ത് പലരും ചെയ്യുന്ന ജോലികള്‍ എ.ഐ വളരെ എളുപ്പത്തില്‍ ചെയ്യുന്നത് ആളുകളുടെ അവസരം കുറക്കാന്‍ കാരണമാകുമെന്ന് ചിലര്‍ അഭിപ്രായപ്പെടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിങ്ങളെ ഒരു കാര്യം ഓര്‍മിപ്പിച്ചാല്‍ കൊള്ളാമെന്നുണ്ട്. 15 വര്‍ഷം മുമ്പ് കമല്‍ സാര്‍ അദ്ദേഹത്തിന്റെ വിശ്വരൂപം എന്ന സിനിമ നേരിട്ട് ടി.വി റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ സിനിമയില്‍ ഒ.ടി.ടി റിലീസെന്ന ട്രെന്‍ഡ് ആരംഭിക്കാന്‍ ശ്രമിച്ചത് അദ്ദേഹമായിരുന്നു. എന്നാല്‍ അന്ന് ആ നീക്കം സിനിമാമേഖലയെ ഇല്ലാതാക്കുമെന്ന് ചിലര്‍ വാദിച്ചു. എല്ലാവരും അദ്ദേഹത്തെ ഒറ്റപ്പെടുത്തിയതോടെ ആ നീക്കത്തില്‍ നിന്ന് കമല്‍ സാര്‍ പിന്മാറി.

ഇന്ന് എന്താണ് അവസ്ഥയെന്ന് നോക്കൂ. ഒ.ടി.ടി റിലീസ് ഡീല്‍ ക്ലോസ് ചെയ്യാതെ ഒരൊറ്റ വമ്പന്‍ പടവും റിലീസിനെക്കുറിച്ച് ആലോചിക്കില്ല. സിനിമാ ബിസിനസിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി ഒ.ടി.ടി മാറി. കമല്‍ സാറിന്റെ അന്നത്തെ വിഷന്‍ മനസിലാക്കാന്‍ നമുക്ക് ഒരുപാട് സമയം വേണ്ടിവന്നു. കാലത്തിന് അപ്പുറത്തേക്ക് ചിന്തിക്കുന്നയാളാണ് അദ്ദേഹം.

എ.ഐയുടെ കാര്യത്തിലും അത് തന്നെയാണ് എന്റെ അഭിപ്രായം. ഇന്ന് എ.ഐ അപകടകരമാണെന്ന് പറയുന്നവര്‍ നാളെ ഇതിനെ സപ്പോര്‍ട്ട് ചെയ്ത് രംഗത്തുവരും. കാരണം, എല്ലാ കാര്യങ്ങളും എ.ഐ സിമ്പിളാക്കി തരും. കൂലിയില്‍ രജിനി സാറിന്റെ എ.ഐ വേര്‍ഷനില്‍ അഭിനയിച്ചത് അദ്ദേഹം തന്നെയാണ്. ശബ്ദം ഞങ്ങള്‍ ക്രിയേറ്റ് ചെയ്യുകയായിരുന്നു,’ ലോകേഷ് കനകരാജ് പറയുന്നു.

Content Highlight: Lokesh Kanagaraj saying AI won’t be dangerous to cinema