ഓരോ വീഡിയോയിലും വ്യത്യസ്ത ലുക്കില്‍ വരുന്നതിന്റെ കാരണം അതാണ്: ലോകേഷ് കനകരാജ്
Indian Cinema
ഓരോ വീഡിയോയിലും വ്യത്യസ്ത ലുക്കില്‍ വരുന്നതിന്റെ കാരണം അതാണ്: ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th August 2025, 10:22 pm

കൂലിയുടെ പ്രൊമോഷന്‍ പരിപാടികള്‍ വളരെ നല്ല രീതിയില്‍ പോയിക്കൊണ്ടിരിക്കുകയാണ്. ഓഡിയോ ലോഞ്ചിന് പിന്നാലെ ഹൈദരാബാദ്, മുംബൈ തുടങ്ങി എല്ലാ ഏരിയയിലും അന്യായ ഹൈപ്പാണ് ചിത്രത്തിനുള്ളത്. എന്നാല്‍ ചിത്രത്തിന്റെ ലൊക്കേഷനിലും പ്രൊമോഷന്‍ പരിപാടികളിലും എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത് സംവിധായകന്‍ ലോകേഷ് കനകരാജാണ്.

ഓരോ പരിപാടിയിലും വ്യത്യസ്ത ലുക്കിലാണ് ലോകേഷ് പ്രത്യക്ഷപ്പെടുന്നത്. ക്ലീന്‍ ഷേവ് ചെയ്തും താടി വെച്ചും മീശ മാത്രം വെച്ചും ഓരോ പരിപാടിക്കും പരമാവധി വ്യത്യസ്തനായാണ് ലോകേഷ് എത്തിയത്. സംവിധാനത്തില്‍ നിന്ന് നായകവേഷത്തിലേക്കെത്താനാണ് ഇത്തരത്തില്‍ ഗെറ്റപ്പ് മാറ്റിക്കൊണ്ടിരിക്കുന്നതെന്ന് ലോകേഷ് വ്യക്തമാക്കി. നായകനാകുന്ന പ്രൊജക്ടിനെക്കുറിച്ചുള്ള വാക്കുകള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

‘അരുണ്‍ മാതേശ്വരന്‍ ഇനി സംവിധാനം ചെയ്യുന്ന പടത്തില്‍ എന്നെയാണ് ഹീറോയാക്കിയിരിക്കുന്നത്. അവന്‍ ആദ്യം ചെയ്യാനിരുന്നത് ഇളയരാജ സാറിന്റെ ബയോപിക്കായിരുന്നു. ആ പ്രൊജക്ട് ചില കാരണങ്ങള്‍ കൊണ്ട് വൈകി. അതിന് ശേഷമാണ് ഇപ്പോഴുള്ള പ്രൊജക്ടിലേക്ക് എത്തിയത്. എന്നെ നായകനാക്കി ഒരു പ്രൊജക്ടാണെന്ന് പറഞ്ഞപ്പോള്‍ ആദ്യം സംശയിച്ചു. നല്ല സബ്ജക്ടായതുകൊണ്ട് ഓക്കെ പറഞ്ഞു.

പക്ഷേ, ആ പടത്തിന് വേണ്ടിയുള്ള എന്റെ ലുക്ക് ഫൈനലൈസായിട്ടില്ല. ഓരോ തവണ കാണുമ്പോഴും വേറെ വേറെ ലുക്ക് അവന്‍ പരീക്ഷിച്ചുകൊണ്ടേയിരിക്കുകയാണ്. ഏതാണ് ആ ക്യാരക്ടറിന് സ്യൂട്ടാവുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കൂലിയുടെ പ്രൊമോഷനുണ്ടെന്ന് പറഞ്ഞിട്ടാണ് മുടി വെട്ടാനുള്ള പെര്‍മിഷന്‍ വാങ്ങിയത്.

കൂലിയുടെ റിലീസ് കഴിഞ്ഞ് രണ്ട് മാസം ഞാന്‍ റെസ്റ്റെടുക്കും. അപ്പോഴേക്ക് അരുണിന്റെ പ്രൊജക്ട് സ്റ്റാര്‍ട്ടാകും. നാല് മാസത്തിനുള്ളില്‍ അത് തീരുമെന്നാണ് കണക്കൂകൂട്ടല്‍. അതിന്റെ ഷൂട്ടിന് ശേഷം മാത്രമേ കൈതി 2വിന്റെ വര്‍ക്ക് തുടങ്ങുള്ളൂ. അരുണിന്റെ കൂടെയുള്ള പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും,’ ലോകേഷ് കനകരാജ് പറയുന്നു.

സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങള്‍ കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ സംവിധായകനാണ് അരുണ്‍ മാതേശ്വരന്‍. വയലന്‍സിന്റെ കാര്യത്തില്‍ യാതൊരു കോംപ്രമൈസും കാണിക്കാത്ത സംവിധായകന്‍, അതേ സ്വഭാവമുള്ള മറ്റൊരു സംവിധായകനെ നായകനാക്കുമ്പോള്‍ സിനിമാപ്രേമികള്‍ ആവേശത്തിലാണ്. ചിത്രത്തില്‍ സൂര്യയും ഭാഗമാകുന്നുണ്ടെന്നും റൂമറുകളുണ്ട്.

Content Highlight: Lokesh Kanagaraj explains why he appearing in different getups