ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള സിനിമാറ്റിക് യൂണിവേഴ്‌സുകളില്‍ ഒന്നാണ് എല്‍.സി.യു. വിക്രം എന്ന ചിത്രത്തിലൂടെ ലോകേഷ് കനകരാജ് ആരംഭിച്ച ഈ സിനിമാറ്റിക് യൂണിവേഴ്‌സില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. വിക്രത്തിലൂടെ കമല്‍ ഹാസന്‍, ഫഹദ്, സൂര്യ എന്നിവരും കൈതിയിലൂടെ കാര്‍ത്തിയും ഈ യൂണിവേഴ്‌സില്‍ ഭാഗമായി. ലിയോയിലൂടെ വിജയ്‌യും ഈ യൂണിവേഴ്‌സിലേക്ക് എത്തിയതോടെ എല്‍.സി.യുവിന് ആരാധകരേറെയായി.
ഇപ്പോഴിതാ ഈ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ തുടക്കം എങ്ങനെയായിരുന്നെന്ന് വിശദമാക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. വിക്രം എന്ന സിനിമ സ്റ്റാന്‍ഡ് എലോണായാണ് പ്ലാന്‍ ചെയ്തതെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. എന്നാല്‍ കഥയുടെ ഒരു ഘട്ടമെത്തിയപ്പോള്‍ കൈതിയില്‍ നരേന്‍ അവതരിപ്പിച്ച കഥാപാത്രത്തെ പോലെ ഒന്ന് വിക്രത്തിലും വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്.
‘സത്യം പറഞ്ഞാല്‍ വിക്രം സ്റ്റാന്‍ഡ് എലോണായാണ് ഉദ്ദേശിച്ചത്. ഈ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ചിന്തയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. കമല്‍ സാറിനെ വെച്ച് ഒരു ആക്ഷന്‍ സിനിമ എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ. എന്നാല്‍ കഥയെഴുതി വന്നപ്പോള്‍ കൈതിയില്‍ നരേന്‍ ചെയ്ത ബിജോയ്‌യെപ്പോലെ ഒരു കഥാപാത്രം വിക്രത്തിലും വന്നു.
ഡ്രഗ്‌സിനെതിരെ പോരാടുന്ന ഒരു പൊലീസ് കഥാപാത്രമായിരുന്നു അത്. ആ ക്യാരക്ടര്‍ ആരെക്കൊണ്ട് ചെയ്യിക്കും എന്ന് ഒരുപാട് ചിന്തിച്ചു. നരേനെക്കൊണ്ട് ചെയ്യിച്ചാല്‍ കൈതിയുടെ റിപ്പിറ്റേഷനാണെന്ന് പരാതി വരും. എനിക്കാണെങ്കില്‍ നരേനെയല്ലാതെ വേറെ ആരെയും സങ്കല്പിക്കാനായില്ല. അപ്പോഴാണ് ആ കഥാപാത്രത്തെ തന്നെ ഇതിലേക്ക് കൊണ്ടുവന്നാല്‍ എന്താ എന്ന ചിന്ത വന്നത്.
രണ്ട് സിനിമകളും ഒരേ വേള്‍ഡില്‍ നടക്കുന്ന കഥയാക്കാം എന്ന് തീരുമാനിച്ചു. പിന്നീടാണ് കൈതിയിലെ മറ്റ് കഥാപാത്രങ്ങളും വിക്രവും തമ്മില്‍ ഒരു കണക്ഷന്‍ ഉണ്ടാക്കിയെടുത്തത്. ബിജോയ് എന്ന കഥാപാത്രമാണ് രണ്ട് സിനിമയിലെയും മെയിന്‍ കണക്ഷന്‍. മക്കളോടുള്ള ഇമോഷനില്‍ രണ്ട് സിനിമയിലും ആ ക്യാരക്ടര്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്,’ ലോകേഷ് കനകരാജ് പറഞ്ഞു.
എല്‍.സി.യുവില്‍ ഇനി പുറത്തിറങ്ങാനുള്ള ചിത്രമാണ് ബെന്‍സ്. ലോകേഷേ കഥയെഴുതി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഭാഗ്യരാജ് കണ്ണനാണ്. രാഘവ ലോറന്‍സ് നായകനായെത്തുന്ന ചിത്രത്തില്‍ മലയാളി താരം നിവിന്‍ പോളിയാണ് വില്ലന്‍. ഈ വര്‍ഷം ഒടുവില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlight: Lokesh Kanagaraj explains how he created Lokesh Cinematic Universe